
ഇന്‍ഡോര്‍: കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ചേര്‍ക്കുന്നത് നിര്‍മ്മാണത്തില്‍ കൂടുതല്‍ ബലം കൂട്ടുമെന്ന് പഠനം. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഗവേഷകരാണ് പുതിയ രീതി കണ്ടെത്തിയത്.
ഈ രീതി അവലംബിക്കുന്നത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണ മാലിന്യങ്ങള്‍ ചീഞ്ഞഴുകുമ്പോള്‍, അത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നു. ബാക്ടീരിയയും ഭക്ഷണ മാലിന്യവും കോണ്‍ക്രീറ്റില്‍ കലര്‍ന്നാല്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കോണ്‍ക്രീറ്റിലെ കാല്‍സ്യം അയോണുകളുമായി പ്രതിപ്രവര്‍ത്തിച്ച് കാല്‍സ്യം കാര്‍ബണേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടുമെന്ന് ഗവേഷണ സംഘത്തിലെ പ്രൊഫസര്‍ സന്ദീപ് ചൗധരി പറഞ്ഞു.
ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ കോണ്‍ക്രീറ്റിലെ ദ്വാരങ്ങളും വിള്ളലുകളും നിറയ്ക്കുകയും ഭാരത്തില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ കോണ്‍ക്രീറ്റ് ദൃഢമാക്കുകയും ചെയ്യുന്നു.'ഞങ്ങള്‍ രോഗകാരിയല്ലാത്ത ബാക്ടീരിയകള്‍ (ഇ.കോളിയുടെ ഒരു വകഭേദം) ചീഞ്ഞ പഴങ്ങളുടെ പള്‍പ്പ്, അവയുടെ തൊലികള്‍ പോലുള്ള ഭക്ഷണ മാലിന്യങ്ങളില്‍ കലര്‍ത്തി കോണ്‍ക്രീറ്റില്‍ കലര്‍ത്തി. ഇത് കോണ്‍ക്രീറ്റിന്റെ ശക്തി ഇരട്ടിയാക്കി,' സന്ദീപ് ചൗധരി പറഞ്ഞു.
ഈ ബാക്ടീരിയയുടെ പ്രത്യേകത ദ്വാരങ്ങളും വിള്ളലുകളും നിറഞ്ഞാലുടന്‍ അത് വളരില്ല എന്നതാണ്, അതിനാല്‍ പിന്നീട് കേടുപാടുകള്‍ സംഭവിക്കില്ല. ഗവേഷണത്തില്‍ ഞങ്ങള്‍ ഗാര്‍ഹിക ഭക്ഷണ അവശിഷ്ടങ്ങള്‍ (കോളിഫ്‌ലവര്‍ തണ്ട്, ഉരുളക്കിഴങ്ങ് തൊലി, ഉലുവ തണ്ട്, ഓറഞ്ച് തൊലി), കേടായ പഴ അവശിഷ്ടങ്ങള്‍ (ചീഞ്ഞ പപ്പായ പള്‍പ്പ്) എന്നിവയില്‍ ഇതിനായി ഉപയോഗിച്ചതായും സന്ദീപ് ചൗധരി പറഞ്ഞു.
കോണ്‍ക്രീറ്റില്‍ ബാക്ടീരിയ കലര്‍ത്തുന്നതും, സിന്തറ്റിക് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതുമായ പഴയ രീതികള്‍ ചെലവേറിയതാണെന്നും ഗവേഷണത്തില്‍ പങ്കാളിയായ ഐഐടി ഇന്‍ഡോറിന്റെ ബയോസയന്‍സസ് ആന്‍ഡ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസര്‍ ഹേമചന്ദ്ര ഝാ പറഞ്ഞു. ഇന്‍ഡോര്‍ ഐഐടിയിലെ ഗവേഷണത്തില്‍ ഈ പ്രക്രിയയുടെ ചെലവ് കുറയ്ക്കുന്നതിന് സിന്തറ്റിക് രാസവസ്തുക്കള്‍ക്ക് പകരം ഭക്ഷണ മാലിന്യങ്ങള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക