
കൊച്ചി: എല്ലാം നഷ്ടപ്പെട്ടെന്ന നിമിഷത്തില്‍ നിന്നും ജീവിതത്തിലേക്കൊരു തിരിച്ചുവരവ്. എറണാകുളം അങ്കമാലി സ്വദേശി മനോജ് (50) അസാധാരണമായ ഒരു അപകടത്തെ തരണം ചെയ്ത് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു മനോജിന്റെ ജീവിതം മാറ്റി മറിച്ച അപകടം ഉണ്ടായത്. ജോലിക്കിടെ ഷീറ്റ് കട്ടിങ് മെഷീനില്‍ കുടുങ്ങി മനോജിന്റെ വലത് കൈത്തണ്ട അറ്റുപോവുകയായിരുന്നു.
കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ അതിസങ്കീര്‍ണമായ ശസ്ത്രക്രിയിലൂടെ മനോജിന്റെ അറ്റുപോയ കൈത്തണ്ട വീണ്ടും തുന്നിച്ചേര്‍ത്തു. ഇവിടെ തുടങ്ങുന്നു മനോജിന്റെ രണ്ടാം ജന്മം. അപകടം നടന്ന് നാല്‍പത്തിയഞ്ച് മിനിറ്റിനകം വിദഗ്ധ പരിചരണം ലഭ്യമാക്കാനായതും ചികിത്സയില്‍ നിര്‍ണായകമായി.
ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് (പ്ലാസ്റ്റിക്, പുനര്‍നിര്‍മ്മാണ, സൗന്ദര്യ ശസ്ത്രക്രിയ) ഡോ. മനോജ് സനാപിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അസ്തി ഉറപ്പിക്കലില്‍ തുടങ്ങി റീപ്ലാന്റേഷന്‍ വരെ നീണ്ട ശസ്ത്രക്രിയ പത്ത് മണിക്കൂറിലധികമാണ് നീണ്ടത്.
രക്ത ധമനികള്‍, ഞരമ്പുകള്‍ എന്നിവ തുന്നിച്ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയയിലൂടെയാണ് സംഘം അറ്റുപോയ കൈ വിജയകരമായി വീണ്ടും തുന്നിച്ചേര്‍ത്തത്. ശസ്ത്രക്രിയ പുര്‍ത്തിയായി പതിനാലാമത്തെ ദിവസം ആശുപത്രി വിടാനും മനോജിനായി. പിന്നീട് മൂന്ന് മാസം നീണ്ട ഫിസിയോതെറാപ്പിയും പതിവ് പരിശോധനകളും പൂര്‍ത്തിയാക്കി കൈയുടെ പ്രവര്‍ത്തന ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മനോജ്.
ഡോ. മനോജ് സനാപിന് ഒപ്പം ഡോ. നിരഞ്ജന സുരേഷ്, ഡോ. ശ്രുതി ടി.എസ് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക