

''സാക്കിര്‍ ഹുസൈന്റെ വിരലുകളുടെ വേഗമാണ് എന്നെ ഇന്ത്യന്‍ സംഗീതത്തിലേയ്ക്ക് ആകര്‍ഷിച്ചത്'', ജര്‍മന്‍ രുദ്രവീണ മാന്ത്രികന്‍ കാസ്റ്റന്‍ വിക്കി പറയുന്നത് ഹൃദയത്തില്‍ നിന്നാണ്. 1990കളില്‍ ഇന്ത്യയില്‍ പഠനത്തിനായി എത്തിയ കാസ്റ്റന്‍ അവിചാരിതമായി കേട്ട മാന്ത്രിക തബലയുടെ ശബ്ദം കാതുകളില്‍ വെറുതെ പാറിവീണ് മാഞ്ഞ് പോയില്ല. ഹൃദയത്തിന്റെ മിടിപ്പിനൊപ്പം ആ ശബ്ദം അങ്ങനെ അലയടിച്ചു. അത് ചെന്നെത്തി നിന്നത് തനിക്കും തബലയില്‍ വിരലുകള്‍ സ്പര്‍ശിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. അങ്ങനെ തബലയില്‍ താളം പിടിച്ച കൈകള്‍ ഇന്നിപ്പോള്‍ എത്തി നില്‍ക്കുന്നത് രുദ്രവീണയുടെ തന്ത്രികളിലാണ്.
കൊല്‍ക്കത്തയില്‍ പണ്ഡിറ്റ് അനിന്ദോ ചാറ്റര്‍ജിയുടെ കീഴില്‍ തബലയില്‍ പരിശീലനം നേടിയാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ കാസ്റ്റന്‍ വിക്കി യാത്ര ആരംഭിച്ചത്. സെമി-ക്ലാസിക്കല്‍, ധ്രുപദ് ശൈലികള്‍ ആകര്‍ഷിക്കപ്പെട്ടു. എന്നാല്‍ ആ കാലഘട്ടത്തില്‍ തന്നെ രുദ്രവീണയുടെ ശബ്ദം റെക്കോര്‍ഡിങുകളിലൂടെ മനസില്‍ കയറിത്തുടങ്ങി. പിന്നീട് രുദ്രവീണയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയായി. ഒരുപാട് അലച്ചിന് ശേഷം ഉസ്താദ് അസദ് അലി ഖാന്റെ കീഴില്‍ രുദ്രവീണ പഠനം നടത്തി.
ഭജനുകളിലാണ് താന്‍ ആദ്യം ആകൃഷ്ടനായതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള ദീര്‍ഘ സംഭാഷണത്തില്‍ പറയുന്നു, അദ്ദേഹം. ശിവരാത്രിയോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തില്‍ രുദ്രവീണയില്‍ കച്ചേരി നടത്താനെത്തിയതാണ് കാസ്റ്റന്‍. ''ഇന്ത്യന്‍ സംസ്‌കാരത്തെ അറിയാന്‍ ആഴത്തില്‍ എന്നെ പ്രേരിപ്പിച്ചത് അവയാണ്. എന്റെ ജീവിതം മാറാന്‍ പോവുകയാണെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു.''
രുദ്രവീണയ്ക്ക് പഴയപോലുള്ള പ്രശ്‌സ്തി ഇപ്പോള്‍ ഇല്ലെന്നുള്ളതിന് നിരവധി കാരണങ്ങള്‍ ഉണ്ടാവാമെന്നും തലമുറ കൈമാറ്റം നടക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഉസ്താദ് സിയ മൊഹിയുദ്ദീന്‍ ദാഗറെ പോലുള്ള പ്രഗത്ഭരുടെ മരണശേഷം പലര്‍ക്കും താല്‍പ്പര്യമില്ലായ്മയുണ്ട്. മാത്രമല്ല അടുത്ത തലമുറയ്ക്ക് കൈമാറുന്നതിലും പരാജയപ്പെട്ടു. കൊല്‍ക്കത്തയിലെ ചിത്പൂര്‍ റോഡിലുള്ള കനൈ ലാല്‍ ആന്റ് ബ്രദേഴ്‌സില്‍ നിന്നുള്ള പരമ്പരാഗത വീണ നിര്‍മാതാക്കളില്‍ അവസാനത്തെയാളായ മുരാരി മോഹന്‍ അധികാരി പരമ്പരാഗതവും ആധുനികവുമായ ഘടകങ്ങള്‍ സംയോജിപ്പിച്ച് കുറച്ച് ഉപകരണങ്ങള്‍ ഉണ്ടാക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണ ശേഷം അത് തുടരാന്‍ ആളുണ്ടായില്ല. ഇത്തരം പ്രതിസന്ധികളാണ് പലപ്പോഴും സംഭവിക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു. അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും ഇപ്പോള്‍ ആളുകളില്ല. ഉപകരണത്തെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ കാരണം പലരും ആ ജോലി ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ശരിയായ രീതിയില്‍ പൂജയും മറ്റ് കാര്യങ്ങളുമില്ലാതെ ഇത്തരം ജോലികള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ നിര്‍ഭാഗ്യമോ മരണമോ പോലും സംഭവിക്കാമെന്ന് പലരും വിശ്വസിക്കുന്നതും ഒരു പ്രതിസന്ധിയാണെന്ന് അദ്ദേഹം പറയുന്നു.
രുദ്രവീണ തെരഞ്ഞെടുക്കുന്നത് ഒരുപക്ഷേ ധീരമായ തെരഞ്ഞെടുപ്പാണെന്ന് കാസ്റ്റന്‍ വിക്കി പറയുന്നു. അതിജീവനത്തിന് പണം ഒരു പ്രധാന ഘടകമാണ്. എന്റെ വിദ്യാര്‍ഥികളോടും രുദ്രവീണ പഠിക്കാന്‍ താല്‍പ്പര്യമുള്ളവരോടും ഞാന്‍ പലപ്പോഴും തമാശ പറയാറുണ്ട്, പ്രൊഫഷണല്‍ ആത്മതഹ്യയ്ക്ക് ഇതിലും മികച്ച മാര്‍ഗമൊന്നുമില്ലെന്ന്. യുക്തിസഹമായ തീരുമാനങ്ങള്‍ക്ക് എതിരായ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് തമാശ പറയുമെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates