
ന്യൂഡല്‍ഹി: മുംബൈയിലെ അമിറ്റി സര്‍വകലാശാല ബഹിരാകാശത്തേക്ക് അയച്ച ചീര കോശങ്ങള്‍ (കോളസ് ടിഷ്യു) മുളച്ചതായി റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി- സി 60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പോയെം-4 (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സിപിരിമെന്റ് മൊഡ്യൂള്‍) ദൗത്യത്തിന്റെ ഭാഗമായാണ് ചീര കോശങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന പേടകമാണ് പോയെം-4. ഈ പേടകത്തില്‍ കൊണ്ടുപോയ ചീര കോശങ്ങള്‍ മുളച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.
'മൈക്രോ ഗുരുത്വാകര്‍ഷണത്തിന് കീഴില്‍ ബഹിരാകാശത്ത് സസ്യങ്ങള്‍ വളര്‍ത്തുന്നത് ബഹിരാകാശ ജൈവ ഗവേഷണരംഗത്ത് പ്രധാന നാഴികക്കല്ലാണ്. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. ദീര്‍ഘനാള്‍ ഗവേഷകര്‍ക്ക് ബഹിരാകാശത്ത് നില്‍ക്കേണ്ടി വരുമ്പോള്‍ ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞേക്കും. പോയെം-4 പ്ലാറ്റ്ഫോമില്‍ നിന്ന് ലഭിച്ച പ്രാരംഭ ഡാറ്റ ചീര വിത്തുകളില്‍ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്,'- അമിറ്റി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ ഡബ്ല്യു സന്തോഷ് കുമാര്‍ പറഞ്ഞു. അമിറ്റി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ആസ്‌ട്രോബയോളജിയിലെ പ്രധാന ശാസ്ത്രജ്ഞന്‍ കൂടിയാണ് സന്തോഷ് കുമാര്‍.
ഐഎസ്ആര്‍ഒയില്‍ നിന്ന് ലഭിച്ച ഡാറ്റ പ്രതീക്ഷ നല്‍കുന്നതാണെന്നും പേടകത്തിന്റെ ആരോഗ്യം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 30 ന് രണ്ട് സ്‌പെഡെക്‌സ് ഉപഗ്രഹങ്ങളെയും വഹിച്ച് ഭൂമിയുടെ ഭ്രമണപഥം ലക്ഷ്യമിട്ട് പറന്നുയര്‍ന്ന പിഎസ്എല്‍വി- സി 60 റോക്കറ്റില്‍ അമിറ്റി സര്‍വകലാശാലയുടെ പ്ലാന്റ് എക്സ്പെരിമെന്റല്‍ മൊഡ്യൂള്‍ ഇന്‍ സ്പേസ് (APEMS) അയച്ചിരുന്നു.
വര്‍ണ്ണ നിരീക്ഷണത്തിലൂടെ വളര്‍ച്ചയിലും ആരോഗ്യത്തിലുമുള്ള മാറ്റങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ ഗവേഷകര്‍ക്ക് സാധിക്കും എന്നത് കൊണ്ടാണ് പരമ്പരാഗത വിത്തുകള്‍ക്ക് പകരം കോളസ് ടിഷ്യു ( കോശ സമൂഹം) വളര്‍ത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചീര പച്ച നിറത്തിലാണ്. അതിനാല്‍ വളര്‍ച്ചയിലും കരിഞ്ഞുപോയാലും ഉണ്ടാകുന്ന ഏത് നിറവ്യത്യാസവും ഇന്‍-ബില്‍റ്റ് കാമറയിലൂടെ പകര്‍ത്താന്‍ കഴിയുമെന്നും കുമാര്‍ പറഞ്ഞു.
ചീര കോളസ് ടിഷ്യു വേഗത്തില്‍ വളരുന്നുണ്ടെന്നും വിത്ത് മുളയ്ക്കുന്ന പ്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ നിരക്ക് എളുപ്പത്തില്‍ അളക്കാമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷണത്തിന്റെയും പോഷകാഹാരത്തിന്റെയും സാധ്യത കണ്ടെത്താന്‍ കോളസ് ടിഷ്യു വഴി സസ്യങ്ങളുടെ വളര്‍ച്ച പര്യവേക്ഷണം ചെയ്യുക എന്നതാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. ഈ പരീക്ഷണത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങളിലെ സസ്യങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയും പ്രകാശത്തിന്റെയും ദിശ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിയാന്‍ സഹായിക്കും.ഗുരുത്വാകര്‍ഷണ സമ്മര്‍ദ്ദത്തോട് പ്രതികരിച്ച് വളര്‍ച്ചയുടെ ദിശ നിയന്ത്രിക്കുന്നതിന് സ്വയം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബഹിരാകാശത്ത് പയര്‍വിത്ത് മുളപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒ നിര്‍ണായകമായ നേട്ടം കൈവരിച്ചിരുന്നു. പോയെം-4 ദൗത്യത്തിന്റെ ഭാഗമായി തന്നെയാണ് എട്ട് പയര്‍വിത്തുകള്‍ ബഹിരാകാശത്ത് എത്തിച്ചത്. ബഹാരാകാശത്തെത്തി നാലുദിവസങ്ങള്‍ക്കകമാണ് വിത്തുകള്‍ മുളപൊട്ടിയത്.
പോയം-4 ദൗത്യത്തിലെ 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് അഥവാ ക്രോപ്സ് ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ വിത്തുകള്‍ മുളപ്പിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്‌സി) ആണ് ക്രോപ്സ് വികസിപ്പിച്ചത്. മൈക്രോഗ്രാവിറ്റിയില്‍ വിത്ത് മുളയ്ക്കുന്നതിനെ കുറിച്ചും സസ്യങ്ങളുടെ നിലനില്‍പ്പിനെ കുറിച്ചും പഠിക്കുന്നതിനായുള്ള സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ക്രോപ്സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക