
ഛണ്ഡീഗഡ്: കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പഞ്ചാബില്‍ ദേശാടനപക്ഷികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നു. ഓരോ ശൈത്യകാലത്തും പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങളിലേയ്ക്ക് സൈബീരിയ, റഷ്യ, കസാക്കിസ്ഥാന്‍, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് ദേശാടനപക്ഷികളാണ് എത്താറുള്ളത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ ഹരിക്കൈ വന്യജീവി സങ്കേതം ഉള്‍പ്പെടെ പഞ്ചാബിലെ ആറ് സംരക്ഷിത തണ്ണീര്‍ത്തടങ്ങള്‍ ദേശാടനപക്ഷികളുടെ ഇഷ്ടതാവളങ്ങളാണ്. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇവിടേയ്‌ക്കെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ആവാസവ്യവസ്ഥയുടെ തകര്‍ച്ച, മലിനീകരണം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
പഞ്ചാബിലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ ഒരു പ്രധാന കാരണമാണ്. മുന്‍കാലങ്ങളില്‍ നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്ത് ദേശാടന പക്ഷികള്‍ അഞ്ച് മുതല്‍ ആറ് മാസം വരെ പഞ്ചാബില്‍ തങ്ങുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഏകദേശം രണ്ട് മാസം മാത്രമാണ് ദേശാടനപക്ഷികളെ ഇവിടെ കാണാന്‍ കഴിയൂ.
ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി പ്രകാരം പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങളില്‍ പക്ഷികള്‍ക്കായി ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. പഞ്ചാബ് വനം വന്യജീവി വകുപ്പ് ഹരികൈ വെറ്റ്‌ലാന്‍ഡില്‍ നടത്തിയ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഈ വര്‍ഷം 89 ഇനങ്ങളില്‍പ്പെട്ട 55,059 പക്ഷികളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 81 ഇനങ്ങളിലായി 50,529 പക്ഷികളാണ് എത്തിയത്. 2023ല്‍ 84 ഇനങ്ങളില്‍പ്പെട്ട 65, 624 പക്ഷികളാണ് എത്തിയത്. അതേസമയം 2018ലും 2019ലും യഥാക്രമം 94,771 പക്ഷികളും (94ഇനം) 123128 പക്ഷികളും (83ഇനം) ആയിരുന്നു.
കാഞ്ച്‌ലി വെറ്റ്‌ലാന്‍ഡ് കണ്‍സര്‍വേഷന്‍ റിസര്‍വറിലും അവസ്ഥ ഇതു തന്നെയാണ്. കഴിഞ്ഞ വര്‍ഷം 23 ഇനങ്ങളില്‍പ്പെട്ട 669 പക്ഷികളെ അപേക്ഷിച്ച് ഈ വര്‍ഷം 20 ഇനങ്ങളില്‍ നിന്നുള്ള 443 പക്ഷികളാണ് എത്തിയത്. റോപ്പര്‍ കണ്‍സര്‍വേഷന്‍ റിസര്‍വറിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം 44 ഇനങ്ങളില്‍പ്പെട്ട 1486 പക്ഷികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം 20 ഇനങ്ങളിലായി 1755 പക്ഷികളായിരുന്നു ഇവിടെയുണ്ടായിരുന്നത്.
എന്നാല്‍ കോശോപോര്‍-മിയാനി കമ്മ്യൂണിറ്റി റിസര്‍വില്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുള്ളത്. 78 ഇനത്തില്‍പ്പെട്ട 13,676 പക്ഷികളാണ് ഇവിടെയെത്തിയത്. കഴിഞ്ഞ വര്‍ഷം 66 ഇനങ്ങളില്‍പ്പെട്ട 10,857 പക്ഷികളായിരുന്നു ഇവിടെ എത്തിയത്.
എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ബോണെല്ലിസ് ഈഗിള്‍, ഹെന്‍ ഹാരിയര്‍, പെരെഗ്രിന്‍ ഫാല്‍ക്കണ്‍സ റെഡ് ഹെഡഡ് ഫാല്‍ക്കണ്‍, കോട്ടണ്‍ പിഗ്മി ഗൂസ്, നോര്‍ത്തേണ്‍ ലാപ് വിംഗ്‌സ ഗ്രേറ്റര്‍ ക്രെസ്റ്റഡ് ഗ്രെബ് എന്നിവയുള്‍പ്പെടെ അപൂര്‍വവും പ്രധാനപ്പെട്ടതുമായ പക്ഷി ഇനങ്ങളെ ഹരിക്കൈയില്‍ കണ്ടതായി സെന്‍സസില്‍ വ്യക്തമാക്കുന്നു. സ്‌പോട്ട്-ബില്‍ഡ് താറാവ്, റഡ്ഡി ഷെല്‍ഡക്ക്, മല്ലാര്‍ഡ്, നോര്‍ത്തേണ്‍ പിന്‍ടെയില്‍, കോമ്പ് താറാവ്, കൂട്ട്, ഡാബ്ചിക്ക്, നോര്‍ത്തേണ്‍ ഷോവലര്‍, ലെസ്സര്‍ വിസ്ലിംഗ് താറാവ്, ഡെമോസെല്ലെ ക്രെയിന്‍, ഗ്രേറ്റര്‍ ഫ്‌ലമിംഗോ, ഫെറുജിനസ് പോച്ചാര്‍ഡ്, ലോംഗ്-ഇയേഡ് ഔള്‍, കോമണ്‍ പോച്ചാര്‍ഡ്, വൂളി-നെക്ക്ഡ് സ്റ്റോര്‍ക്ക്, യുറേഷ്യന്‍ കൂട്ട്, ഗാഡ്വാള്‍, ഗ്രേലാഗ് ഗൂസ്, ലിറ്റില്‍ കോര്‍മോറന്റ്, പൈഡ് അവോസെറ്റ്, ഗ്രേറ്റ് കോര്‍മോറന്റ്, കോമണ്‍ ടീല്‍, ബ്ലാക്ക്-ടെയില്‍ഡ് ഗോഡ്വിറ്റ്, സ്റ്റെപ്പി ഗള്‍, ബ്രൗണ്‍-ഹെഡഡ് ഗള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ദേശാടന ഇനങ്ങളില്‍ ചിലത്.
ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലത്തിന്റെ അവസാനവും യൂറോപ്പില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മഞ്ഞുവീഴ്ച സാരമായി ബാധിച്ചിട്ടുണ്ടെന്ന് പഞ്ചാബിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ധര്‍മീന്ദര്‍ ശര്‍മ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
കളകള്‍ നീക്കം ചെയ്തുകൊണ്ട് തണ്ണീര്‍ത്തടങ്ങള്‍ വൃത്തിയാക്കുന്നതിലും മത്സ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് പക്ഷികളുടെ ഭക്ഷണക്രമത്തെ പിന്തുണക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈത്യകാലം ചുരുങ്ങുന്നത് ദേശാടന പക്ഷികളെ ബാധിച്ചുവെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയിലെ അക്വാട്ടിക് ബയോഡൈവേഴ്‌സിറ്റിയുടെ സീനിയര്‍ കോര്‍ഡിനേറ്റര്‍ ഗീതാഞ്ജലി കന്‍വാര്‍ ആശങ്ക പ്രകടിപ്പിച്ചു.
മുമ്പ് ഒക്ടോബറില്‍ ആരംഭിച്ച ശൈത്യകാലം മാര്‍ച്ച് വരെ നീണ്ടു നിന്നു. ദേശാടനപക്ഷികള്‍ ഒക്ടോബറില്‍ എത്തി ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പോവുകയായിരുന്നു. സമീപ വര്‍ഷങ്ങളില്‍ അവയുടെ വരവ് ഡിസംബറിലേയ്ക്ക് മാറി. മിക്ക പക്ഷികളും ഫെബ്രുവരി ആദ്യത്തോടെ പോയിരുന്നുവെന്നും അവര്‍ പറഞ്ഞു. പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ദേശാടന പക്ഷികളുടെ എണ്ണം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും, ഈ സുപ്രധാന ആവാസവ്യവസ്ഥകള്‍ വരും വര്‍ഷങ്ങളില്‍ ശൈത്യകാലം നിലനില്‍ക്കുന്ന സ്ഥലങ്ങളായി തുടരുമെന്നും സംരക്ഷകര്‍ പ്രതീക്ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക