
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 286 ദിവസങ്ങള്‍ തങ്ങിയ ശേഷം ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരികെ സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുന്നു. ഇരുവരുടെയും മടക്കയാത്ര ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. സുനിത വില്യംസ് ബുച്ച് വില്‍മോർ എന്നിവരുടെ ഭൂമിയിലേക്കുള്ള മടക്കത്തിന് ഒപ്പം കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത് അവരുടെ ഇനിയുള്ള ജീവിതത്തെയും നേരിടാന്‍ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളെയും കുറിച്ചായിരുന്നു.
എന്നാല്‍, എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസും ബുച്ച് വില്‍മോറും 286 ദിവസങ്ങള്‍ പിന്നിട്ടു എന്നത് മാത്രം ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമല്ലെന്നാണ് ഇപ്പോഴുയരുന്ന അഭിപ്രായം. ബഹിരാകാശത്ത് ഇത്രയും ദിവസങ്ങള്‍ പിന്നിടുന്ന ആദ്യ വ്യക്തികളല്ല സുനിത വില്യംസും ബുച്ച് വില്‍മോറും എന്ന് ചൂണ്ടിക്കാട്ടുകയാണ് ശാസ്ത്രഗവേഷകനും അധ്യാപകനുമായ വൈശാഖന്‍ തമ്പി. റഷ്യന്‍ യാത്രികനായ വലേരി പൊല്യാഖോവ് 437 ദിവസങ്ങള്‍ ഇത്തരത്തില്‍ ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ടെന്നും മറ്റൊരു റഷ്യക്കാരനായ ജെന്നഡി പഡല്‍ക്ക എന്നയാള്‍ പലതവണയായി 878 ദിവസം ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ റെക്കോര്‍ഡ് നേടിയ വ്യക്തിയാണ് ജെന്നഡി പഡല്‍ക്ക എന്നും അദ്ദേഹം പറയുന്നു.
ബഹിരാകാശ യാത്ര അത്ര ലളിതമായ ഒരു ദൗത്യമല്ല, സസൂക്ഷ്മം ചെയ്യേണ്ട ഒന്നാണ്. എട്ട് ദിവസം കഴിഞ്ഞ് മടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ഒരു യാത്ര, സ്‌പെയ്‌സ്‌ക്രാഫ്റ്റിന്റെ സാങ്കേതികത്തകരാര്‍ കാരണം പദ്ധതിയിട്ടത് പോലെ നടന്നില്ല എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വകാര്യകമ്പനിയായ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ദൗത്യത്തിന് പറ്റിയ പിഴവിന്റെ ഇലോണ്‍ മസ്‌ക്കിന്റെ സ്പെയ്സ് എക്സ് എന്ന കമ്പനി ഗുണമുണ്ടാക്കിയെന്ന ബിസിനസ് വാര്‍ത്ത വിസ്മരിക്കപ്പെട്ടെന്നും വൈശാഖന്‍ തമ്പി ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
കുറിപ്പ് പൂർണരൂപം-
സുനിതാ വില്യംസിൻ്റെ മടക്കയാത്രയെ മീഡിയ റിപ്പോർട്ട് ചെയ്യുന്നതും അതിനോടുള്ള പ്രതികരണവും കണ്ടാൽ ഒരു കാര്യം ഉറപ്പിക്കാം; ഭൂരിഭാഗം പേരും ആദ്യമായിട്ടാണ് ബഹിരാകാശയാത്രയിലെ പ്രശ്നങ്ങളെക്കുറിച്ച് കേൾക്കുന്നത്.
സുനിതാ വില്യംസ് കുറേകാലം അങ്ങ് ബഹിരാകാശത്ത് "കുടുങ്ങിപ്പോയി" എന്നും, അത് കാരണം അവർക്കെന്തോ ഭീകരമായ പ്രശ്നങ്ങൾ ഉണ്ടായി/ഉണ്ടാകാൻ പോകുന്നു എന്നുമൊക്കെയാണ് നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് എങ്കിൽ...
ശ്രദ്ധിയ്ക്കൂ.
എട്ട് ദിവസം കഴിഞ്ഞ് മടങ്ങാൻ ഉദ്ദേശിച്ചിരുന്ന ഒരു യാത്ര, സ്പെയ്സ്ക്രാഫ്റ്റിന്റെ സാങ്കേതികത്തകരാർ കാരണം പ്ലാൻ ചെയ്തപോലെ നടന്നില്ല എന്നത് മാത്രമാണ് ഇവിടെ ആകെ സംഭവിച്ചിരിക്കുന്നത്. ഒരു വണ്ടി ബ്രേക്ഡൗണായിൽ അടുത്ത വണ്ടിയ്ക്ക് കേറിവരാൻ പറ്റുന്ന ബസ്റൂട്ടല്ല ഭൂമിയും അന്താരാഷ്ട്രബഹിരാകാശനിലയും തമ്മിലുള്ളത് എന്നറിയാമല്ലോ. അതുകൊണ്ട് തന്നെ പകരമൊരു മനുഷ്യവാഹനദൗത്യം നടക്കാൻ മാസങ്ങൾ വേണ്ടിവരും. അത് സുനിത ഉൾപ്പടെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്തരാഷ്ട്രബഹിരാകാശനിലയം എന്നുപറഞ്ഞാൽ അവിടെ ചെല്ലുന്നവർ 'കുടുങ്ങിപ്പോകുന്ന' തരത്തിലുള്ള ഒരു ഗുഹയൊന്നുമല്ല. വർഷങ്ങളായി തുടർച്ചയായി മനുഷ്യവാസമുള്ള, വളരെ അഡ്വാൻസ്ഡായ ഒരു ഫെസിലിറ്റിയാണ്. അവിടെ സുനിത ഇപ്പോ ചെയ്തപോലെ 286 ദിവസം താമസിക്കുക എന്നത് ബഹിരാകാശദൗത്യങ്ങളുടെ കണ്ണിൽ ഒരു വലിയ കാര്യമേ അല്ല. ഈ കാലയളവിൽ മനുഷ്യരില്ലാത്ത പല ദൗത്യങ്ങൾ അവിടേയ്ക്ക് നടന്നു എന്നതും, സുനിത ഇതിനിടെ കുറേകാലം ഐഎസ്എസ് ന്റെ കമാൻഡർ ചുമതലയും നിർവഹിച്ചിരുന്നു എന്നതും ശ്രദ്ധിക്കണം.
ബഹിരാകാശയാത്രകൾക്കും ജീവിതത്തിനും ഒരുപാട് റിസ്ക്കുകൾ ഉണ്ട്. അത് പണ്ടേ ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും. ഇതിനെക്കാൾ കൂടുതൽ കാലം തുടർച്ചയായി ബഹിരാകാശത്ത് കഴിഞ്ഞ യാത്രികർ വേറെയും ഒരുപാടുണ്ട്. അതിൽ വലേരി പൊല്യാഖോവ് എന്ന റഷ്യൻ യാത്രികനാണ് ഒന്നാം സ്ഥാനം, 437 ദിവസങ്ങൾ! പല ദൗത്യങ്ങളിലായി ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ റെക്കോർഡും മറ്റൊരു റഷ്യനാണ്. ജെന്നഡി പഡൽക്ക, 878 ദിവസം! 'സുനിതയ്ക്ക് ഇനി നരകതുല്യമായ ഭാവി' എന്നൊക്കെയുള്ള ഗുണ്ട് വാർത്തകൾ കേട്ട് ഞെട്ടുമ്പോൾ ഇതൊക്കെക്കൂടി ഒന്ന് അറിഞ്ഞിരിക്കണമല്ലോ എന്നതുകൊണ്ട് പറഞ്ഞതാണ്.
സ്വകാര്യകമ്പനിയായ ബോയിങ്ങിന്റെ സ്റ്റാർലൈനർ ദൗത്യത്തിന് പറ്റിയ പിഴവിന്റെ ഗ്യാപ്പിൽ എലൻ മസ്ക്കിന്റെ സ്പെയ്സ് എക്സ് എന്ന കമ്പനി കയറി ഗോളടിച്ചു എന്ന ബിസിനസ് വാർത്തയാണ് അടിസ്ഥാനപരമായി ഈ ഹൈപ്പിന്റെ ഉള്ളിലുള്ളത്.
എട്ടു ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ സുനിതയും ബുച്ച്‌മോറും ഒമ്പതുമാസത്തിന് ശേഷമാണ് മടങ്ങുന്നത്. സെപ്റ്റംബറിലെത്തിയ നിക് ഹേഗും ഗോര്‍ബുനോവും ആറുമാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ചു. സ്റ്റാര്‍ ലൈനറിലെ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറുമാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3. 27 നാണ് സുനിതയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം മെക്‌സിക്കോ കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക