ലാലേട്ടന്റെ ബോര്‍ഡിഗാര്‍ഡ്, ബൗണ്‍സര്‍മാര്‍ക്കിടയിലെ സെലിബ്രിറ്റി; ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അനു കുഞ്ഞുമോന്‍

സ്ത്രീകളെ അധികം കാണാത്ത ഈ മേഖലയില്‍ ആത്മവിശ്വാസം കൈമുതലാക്കി തന്റേതായ ഇടം കണ്ടെത്തുകയാണ് അനു കുഞ്ഞുമോന്‍
Anu Kunjumon
അനു കുഞ്ഞുമോന്‍Instagram
Updated on

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ആഘോഷമാണ് സിനിമ താരങ്ങളുടെ എന്‍ട്രികള്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഒപ്പം മറ്റൊരാള്‍ കൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂപ്പര്‍താരത്തിന് വഴിയൊരുക്കുന്ന ഒരു ബോഡി ഗാര്‍ഡ്. ക്ലോസ് ഫിറ്റിങ് ബ്ലാക്ക് ടി ഷര്‍ട്ടും ജീന്‍സും കറുത്ത ഷൂസും ധരിച്ച ഒരു വനിത ബൗണ്‍സര്‍. പേര് അനു കുഞ്ഞുമോന്‍.

മോഹന്‍ലാല്‍ പങ്കെടുത്ത ചടങ്ങിന്റെ ശ്രദ്ധാ കേന്ദ്രമായി ഈ 37 കാരി മാറാന്‍ പിന്നീട് അധികം സമയം വേണ്ടിവന്നില്ല. സ്ത്രീകളെ അധികം കാണാത്ത ഈ മേഖലയില്‍ ആത്മവിശ്വാസം കൈമുതലാക്കി തന്റേതായ ഇടം കണ്ടെത്തുകയാണ് അനു കുഞ്ഞുമോന്‍.

ബൗണ്‍സേഴ്‌സ് പ്രൊഫഷന്‍ പുരുഷൻമാരുടെ കുത്തകയാണെന്ന ധാരണ പൊളിച്ചെഴുതുകയാണ് അനു. വലിയ ജനക്കൂട്ടം ഇരച്ചെത്തുന്ന പരിപാടികള്‍, സെലിബ്രിറ്റി സുരക്ഷ, സ്വകാര്യ സുരക്ഷ, ഡിജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പരിപാടികളിലും ബാറുകളിലെയും പബ്ബുകളിലെയും ശല്യക്കാരെ ഒഴിവാക്കല്‍ തുടങ്ങി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്നവരാണ് ബൗണ്‍സര്‍മാര്‍. അതുകൊണ്ടുതന്നെയാണ് ഈ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം കുറയുന്നതും.

ഫിസിക്കല്‍ ഫിറ്റ്‌നസ് നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കിയാണ് ബൗണ്‍സര്‍ എന്ന പ്രൊഫഷനിലേക്ക് താന്‍ കടന്നുവന്നതെന്നാണ് അനു കുഞ്ഞുമോന് പറയാനുള്ളത്. ജനക്കൂട്ടത്തോട് ആത്മവിശ്വാസത്തോടെ ഇടപെട്ടാല്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട ബഹുമാനം ലഭിക്കുമെന്നും അനു പറയുന്നു. ''പല തരത്തിലുള്ള വെല്ലുവിളികള്‍ മറികടന്നാണ് താന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഞാനും സഹോദരിയും അമ്മയും ഉള്‍പ്പെട്ട കുടുംബത്തിന് അന്തസോടെ സമൂഹത്തില്‍ ജീവിക്കണം. അതിന് വെല്ലുവിളികളെ മറികടക്കാന്‍ ആവശ്യമായ മാനസിക ശക്തി ആവശ്യമാണ്'' അനു കുഞ്ഞുമോന്‍ പറയുന്നു.

അനു കുഞ്ഞുമോന്‍
അനു കുഞ്ഞുമോന്‍pti

ബൗണ്‍സര്‍ എന്നതിന് അപ്പുറം പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ് അനു കുഞ്ഞുമോന്‍. സിനിമ പ്രമോഷന്‍ ചടങ്ങുകള്‍, സെലിബ്രിറ്റി പ്രോഗ്രാമുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിക്കാറുണ്ട്. ഇത്തരം ഒരു പരിപാടിയില്‍ വച്ച് തന്നെ തടഞ്ഞ ഒരു ബൗണ്‍സറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നു. ഇതാണ് ബൗണ്‍സര്‍ എന്ന പ്രൊഫഷണിലേക്ക് എത്തിച്ചത്.

'' ആ ചടങ്ങില്‍ വച്ച് ഒരു പുരുഷ ബൗണ്‍സര്‍ തന്നെ തള്ളിമാറ്റി. തിരിച്ച് തള്ളിയതോടെ ആയാള്‍ അക്ഷരാര്‍ത്ഥത്തില്‍ വീണുപോകുന്ന അവസ്ഥയായി. ഈ സംഭവത്തിന് ശേഷം ബൗണ്‍സര്‍മാരെ നിയോഗിച്ച ഏജന്‍സിയെ സമീപിച്ചു. എന്തുകൊണ്ട് നിങ്ങള്‍ വനിതാ ബൗണ്‍സര്‍മാരെ നിയോഗിക്കുന്നില്ലെന്ന് അന്വേഷിച്ചു. പിന്നാലെയാണ് ബൗണ്‍സറാകാന്‍ താത്പര്യമുണ്ടെന്ന് അവരോട് അറിയിച്ചത്''.

ശക്തമായ ഇച്ഛാശക്തി, മാനസികാരോഗ്യം, ഉറച്ച ശരീരം എന്നിവയുണ്ടെങ്കില്‍ ഏത് സ്ത്രീക്കും ബൗണ്‍സറായി തിളങ്ങാനാകും എന്നും അനു കുഞ്ഞുമോന്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട ബൗണ്‍സര്‍ കരിയറില്‍ കൊച്ചിയില്‍ ഇന്നറിയപ്പെടുന്ന വ്യക്തിയാണ് അനു. പബ്ബ് പാര്‍ട്ടികള്‍, വനിത സെലിബ്രിറ്റികള്‍, വ്യവസായികള്‍ എന്നിവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. '' ഇക്കാലയളവില്‍ ഒന്നും തന്നെ ക്രൗഡ് മാനേജ്‌മെന്റില്‍ താന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടില്ല. പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡേഴ്‌സ് തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട പ്രശ്‌നക്കാരെയും നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരു മോശം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. അനു പറയുന്നു. ഫോട്ടോഗ്രാഫിയെ പോലെ തന്നെ പ്രിയപ്പെട്ട കരിയാറാണ് ഇപ്പോള്‍ ബൗണ്‍സര്‍ ജോലിയെന്നും അനു പറയുന്നു.

ബൗണ്‍സര്‍ മേഖലയില്‍ പുരുഷന്‍മാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ വേതനം തങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മറ്റൊരു വനിതാ ബൗണ്‍സര്‍. ''ഡിജെ പാര്‍ട്ടികള്‍, അവാര്‍ഡ് നൈറ്റുകള്‍, സെലിബ്രിറ്റി ഇവന്റുകള്‍ തുടങ്ങി ഉപഭോക്താവിന്റെ താത്പര്യങ്ങളാണ് ബൗണ്‍സര്‍മാരുടെ ആവശ്യം നിശ്ചയിക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍ കൂടുതല്‍ പരിശീലനങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജിമ്മില്‍ പരിശീലനം നല്‍കുന്ന ഉറച്ച ശരീരം എന്നതിന് അപ്പുറം മറ്റ് പരിശീലനങ്ങള്‍ ലഭിക്കുന്നില്ലെന്നത് വെല്ലുവിളി തന്നെയാണെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 32 കാരി പറയുന്നു.

വനിത ബൗണ്‍സര്‍മാര്‍ക്ക് മതിയായ പരിശീലനത്തിന്റെ അഭാവം വെല്ലുവിളി തന്നെയാണ് എന്ന് തുറന്നുപറയുകയാണ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ കൂടിയായ രാഖി കെ ജോര്‍ജ്. ശാരീരികമായി ഫിറ്റായ വനിതകളെയാണ് ബൗണ്‍സര്‍മാരായി ഏജന്‍സികള്‍ നല്‍കുന്നത്. എന്നാല്‍ ഇവരുടെ മാനസികാവസ്ഥയും ധൈര്യവും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജിമ്മുകളിലെ ട്രെയ്‌നര്‍മാരുടെ ശുപാര്‍ശകള്‍ അനുസരിച്ചാണ് പലപ്പോഴും ഈ മേഖലയിലേക്ക് വനിതകളെ ലഭിക്കുന്നത് എന്ന് തുറന്നു പറയുകയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സി നടത്തിപ്പുകാരനായ ഉമേഷ് കുമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com