
റോഡിലെ ശബ്ദകോലാഹലങ്ങളും വാഹനങ്ങളുടെ ഹോണടിയും പക്ഷികളെ കോപാകുലരാക്കുമെന്ന് പഠനം. ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളില്‍ കാണപ്പെടുന്ന യെല്ലോ വാര്‍ബ്ലര്‍ എന്ന കുരുവികളിലായിരുന്നു ഗവേഷണം. ശബ്ദമലിനീകരണം ഇവയുടെ സ്വഭാവം വ്യത്യാസപ്പെടുത്തുന്നതായും ഇവയെ കൂടുതല്‍ അക്രമാസക്തമാക്കിയതായും ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഫ്ലോറിയാനാ, സാന്‍റാ ക്രൂസ് എന്ന ദ്വീപുകളില്‍ ഈ കുരുവികള്‍ തിങ്ങിപാര്‍ക്കുന്ന 38 ഇടങ്ങളില്‍ സ്പീക്കറും വാഹനങ്ങളുടെ ഹോണും മുഴക്കി ശബ്ദകോലാഹലമുണ്ടാക്കി. പക്ഷിഗീതം മറ്റ് ശബ്ദങ്ങള്‍ കാരണം തടസപ്പെട്ടതോടെ കുരുവികള്‍ അക്രമാസക്തരാവുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ആനിമല്‍ ബിഹേവിയര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതിര്‍ത്തി സംരക്ഷണ വേളയില്‍ കുരുവികള്‍ പക്ഷിഗീതം ആക്രമണ സിഗ്നലായാണ് കണക്കാക്കുന്നത്. എന്നാല്‍ ശബ്ദകോലാഹലങ്ങള്‍ അവ തമ്മിലുള്ള ആശയവിനിമയം തടപ്പെടുത്തും. ഇത് തെറ്റിദ്ധരിക്കപ്പെടുകയും പരസ്പരം ആക്രമിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. റോഡില്‍ നിന്ന് അകലെ താമസിക്കുന്ന കുരുവികളെക്കാള്‍ സമീപം താമസമാക്കിയ കുരുവികളിലാണ് സ്വഭാവ മാറ്റം കൂടുതല്‍ ദൃശ്യമായതെന്നും ഗവേഷകര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക