മൈസൂർ പാക്കിലെ 'പാക്ക്' പാകിസ്ഥാനല്ല, എന്താണ് ആ വാക്കിന്റെ അർത്ഥം?

നിരവധി മധുരപരഹാരങ്ങളുടെ പേരിനറ്റത്തുള്ള 'പാക്ക്' എന്ന വാക്കിന് പകരം 'ശ്രീ' എന്നാക്കി
mysore pak
പാക്ക് എന്ന വാക്കിന്റെ അർത്ഥം (Mysore Pak)എക്സ്
Updated on
1 min read

'മഞ്ഞപ്പിത്തമുള്ളവന് കാണുന്നതെല്ലാം മഞ്ഞ' എന്ന പറയുന്ന പോലെയാണ് പാവം മൈസൂര്‍ പാക്കിന്‍റെ കാര്യത്തിലും സംഭവിച്ചത്. ഇന്ത്യ-പാക് സംഘഷത്തെ തുടര്‍ന്ന് മൈസൂര്‍ പാക്ക് (Mysore Pak) ഉള്‍പ്പെടെ നിരവധി മധുരപരഹാരങ്ങളുടെ പേരിനറ്റത്തുള്ള 'പാക്ക്' എന്ന വാക്കിന് പകരം 'ശ്രീ' എന്നാക്കിക്കൊണ്ടായിരുന്നു ജയ്പൂരിലെ ബേക്കറി കട ഉടമകള്‍ ദേശസ്നേഹം കാണിച്ചത്. എന്നാല്‍ മൈസൂര്‍ പാക്കിലെ പാക്കിന് അയല്‍രാജ്യമായ പാകിസ്ഥാനുമായി യാതൊരുവിധ ബന്ധവുമില്ലെന്നതാണ് സത്യം.

എന്താണ് 'പാക്ക്' എന്ന വാക്കിന്റെ അർഥം, ഇന്ത്യൻ പലഹാരങ്ങളുടെ പേരിനറ്റത്ത് എങ്ങനെ 'പാക്ക്' എന്ന വാക്ക് ഉണ്ടായി

'പാക' എന്ന സംസ്കൃത വാക്കില്‍ നിന്നാണ് 'പാക്ക്' എന്ന വാക്ക് ഉണ്ടായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പലഹാരത്തിലെ പഞ്ചസാര സിറപ്പിന്റെ പാകത്തെയാണ് പാക്ക് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മിഠായി അല്ലെങ്കില്‍ മധുരപലഹാരങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ചു പറയേണ്ടതില്ലല്ലോ. ഊണിനു ശേഷവും സന്തോഷം പങ്കുവെയ്ക്കാനുമെല്ലാം മധുരം നിര്‍ബന്ധം.

പലഹാരമുണ്ടാക്കുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാര ശരിയായ രീതിയില്‍ പാകപ്പെടുന്ന പ്രക്രിയയാണ് 'പാക്ക്'. 'പാക്ക്' എന്നത് ഇന്ത്യൻ മിഠായി നിർമാണത്തിൽ പഞ്ചസാരയുടെ പങ്കിന്റെ പൂർണതയുടെ സൂചന കൂടിയാണ്. പല പരമ്പരാ​ഗത മധുരപലഹാരങ്ങളുടെയും കാതലാണിത്.

മൈസൂര്‍ പാക്ക്

കര്‍ണാടകയുടെ പരമ്പരാഗത മധുരപലഹാരമാണ് മൈസൂര്‍പാക്ക്. കടലമാവും നെയ്യും പഞ്ചസാരയുമായി പ്രധാന ചേരുവകള്‍. പാന്‍ ചൂടാക്കി അതിലേക്ക് ഇവ മൂന്നും സംയോജിപ്പിച്ച് ചേര്‍ക്കുന്നു. ശേഷം പഞ്ചസാരയുടെ സ്ഥിരത അഥവാ പാക് എന്ന ഘട്ടം എത്തുന്നതു വരെ പാകം ചെയ്യുന്നു. താപനിലയിലും സമയത്തിലും വേണ്ട കൃത്യതയാണ് മൈസൂർ പാക്ക്. ഒരുപാട് വേവിച്ചാൽ അതിന്റെ കട്ടികൂടും എന്നാൽ നേരത്തെ എടുത്താൽ വേവുകയുമില്ല.

നമ്മുടെ പല പുരാണ ​ഗ്രന്ഥങ്ങളിലും പാക്ക് എന്ന വാക്ക് പരാമർശിച്ചിട്ടുണ്ട്. പാക്ക് എന്ന പദം പാചകം ചെയ്യുന്നതോ പാകപ്പെടുത്തുന്നതോ ആയ പ്രക്രിയയെ വിശേഷിപ്പിക്കുന്നു. അതുപോലെ ഹിന്ദിയില്‍ പക്വാന്‍ എന്ന വാക്കും പാക് എന്ന വാക്കില്‍ നിന്നാണ് ഉണ്ടായതെന്നാണ് കരുതുന്നത്. കന്നഡയില്‍ മധുരമുള്ള സുഗന്ധവ്യഞ്ജനം എന്ന അര്‍ഥം വരുന്ന പാക എന്ന വാക്കില്‍ മൈസൂര്‍ പാക്ക്, മോത്തി പാക്ക്, ആം പാക്ക് എന്നിവയ്ക്ക് പേര് കൊടുത്തത്.

കന്നഡയിലെ പാക, ഹിന്ദിയില്‍ പാഗ് (പഞ്ചസാര സിറപ്പ്) എന്ന വാക്കും സംസ്കൃത പദമായ പക്വ (പാകം ചെയ്ത, പഴുത്ത, ചുട്ട) എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നു. ദേശീയ അഭിമാനം പ്രകടിപ്പിക്കുക എന്ന മനോഭാവം നല്ലതാണെങ്കിലും മറ്റൊരു രാജ്യവുമായി ബന്ധമില്ലാത്ത മധുരപലഹാരങ്ങളുടെ പേരുകൾ മാറ്റുന്നതിൽ അർത്ഥമില്ലെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com