സസ്‌നേഹം ജോണ്‍ ടെറി, ഒപ്പ്

22 വര്‍ഷക്കാലം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ പ്രതിരോധക്കോട്ടയുടെ കാവലാളായിരുന്ന ജോണ്‍ ടെറി ക്ലബ്ബിനോട് വിട പറയുന്നു
സസ്‌നേഹം ജോണ്‍ ടെറി, ഒപ്പ്

ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിക്ക് ആരായിരുന്നു ജോണ്‍ ടെറി എന്ന ചോദ്യത്തിന് പകരം ആരായിരുന്നില്ല അദ്ദേഹം എന്നാകും ഒരു ഫുട്‌ബോള്‍ പ്രേമി ചോദിക്കുക.ചെല്‍സിയുടെ പ്രതിരോധക്കോട്ടയില്‍ നിര്‍ണായക കാവല്‍ഭടനായ ജോണ്‍ ടെറി  22 വര്‍ഷത്തെ 'സേവനത്തിന്' ശേഷം ക്ലബ്ബ് വിടുകയാണെന്നുള്ള പ്രഖ്യാപനം ആരാധകര്‍ ഒരു പക്ഷെ പ്രതീക്ഷിച്ചിരുന്നതാകാം. 

14മത് വയസ്സില്‍ ചെല്‍സിയുടെ നീലക്കുപ്പായമണമിഞ്ഞ ടെറി ചെല്‍സിയുടെ ആംബാന്റ് ഏറ്റവും കൂടുതല്‍ അണിഞ്ഞ താരം കൂടിയാണ്. ടെറിയുടെ നായകത്വത്തിന് കീഴില്‍ നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും അഞ്ച് എഫ്എ കപ്പുകളും ഒരു ചാംപ്യന്‍സ് ലീഗും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തി. 

ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ടെറി ഇങ്ങനെ കുറിച്ചു:

ചെല്‍സിയുടെ കളിക്കാരന്‍ എന്ന നിലയില്‍ തന്റെ അവസാന സീസണായിരിക്കുമിതെന്ന് വളരെ വികാരാധീനനായാണ് ഞാന്‍ പ്രഖ്യാപിക്കുന്നത്. എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് ഏറ്റവും കടുപ്പമേറിയ തീരുമാനമാണിത്. എന്നാല്‍ ശരിയായ സമയത്ത് ശരിയായ രീതില്‍ ഈ തീരുമാനമെടുക്കുന്നതാണ് ഉചിതം. അതിപ്പോഴാണ്!

എന്നെ സംബന്ധിച്ച് എപ്പോഴും ഒരു കളിക്കാരനാണ് ഞാന്‍. എന്നാല്‍ ചെല്‍സിയില്‍ അവസരങ്ങള്‍ പരിമിധമാണെന്നത് അറിയാം. ഇനി പുതിയ വെല്ലുവിളിക്കുള്ള സമയമാണ്. ഒരു പ്രഫഷണല്‍ ഫുട്‌ബോള്‍ താരമാവുകയെന്നതായിരുന്നു എന്റെ കുട്ടിക്കാല സ്വപ്നം. അത് പൂര്‍ത്തീകരിച്ചതിന് ചെല്‍സിയോട് എനിക്ക് അതിയായ കടപ്പാടുണ്ട്. ഈ സ്വപ്‌നം സഫലമാക്കുന്നതിന് എന്റെ മാതാപിതാക്കളും സഹോദരനും നല്‍കിയ പിന്തുണയ്ക്കും ഒരു പാട് നന്ദിയുണ്ട്. കത്തു നീളുന്നു.


ക്ലബ്ബ് ഉടമസ്ഥന്‍ റോമന്‍ അബ്രമോവിച്ചിനും ക്ലബ്ബ് ബോര്‍ഡിനും നന്ദിയറിയിച്ച ടെറി തോളോട് തോള്‍ ചേര്‍ന്ന് യുദ്ധമുഖത്ത് പോരാടാന്‍ ഒപ്പം നിന്ന സഹകളിക്കാര്‍ക്കും മാനേജര്‍മാര്‍ക്കും കൂടി നന്ദിയറിയിച്ചു. ചെല്‍സി വിടുന്നു എന്നല്ലാതെ ഇനിയുള്ള പദ്ധതിയൊന്നും താരം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ തിങ്ങളാഴ്ചയാണ് ചെല്‍സി വിടുകയാണെന്നുള്ള പ്രഖ്യാപനം താരം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com