ചാംപ്യന്‍മാര്‍ക്കു അടിപതറി; ആഴ്‌സണല്‍ രക്ഷപ്പെട്ടു; ലിവര്‍പൂള്‍ സമനിലക്കുരുക്കില്‍

ചാംപ്യന്‍മാര്‍ക്കു അടിപതറി; ആഴ്‌സണല്‍ രക്ഷപ്പെട്ടു; ലിവര്‍പൂള്‍ സമനിലക്കുരുക്കില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണു പന്തുരുളാന്‍ തുടങ്ങിയപ്പോള്‍ കഴിഞ്ഞ സീസണില്‍ കപ്പുയര്‍ത്തിയ ചെല്‍സിക്കു ദുര്‍ബലരായ ബെണ്‍ലിയോട് തോല്‍വിയോടെ തുടക്കം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ചാംപ്യന്‍മാര്‍ക്ക് സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വി പിണഞ്ഞത്. അതേസമയം, സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ചു ആഴ്‌സണല്‍ തുടക്കം ഗംഭീരമാക്കി. ആവേശകരമായ മത്സരത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു വാറ്റ്‌ഫോഡും തുടക്കം മികച്ചതാക്കി.

കളിയുടെ 14മത് മിനുട്ടില്‍ ഗാരി കാഹിലിനു ചുവപ്പ് കാര്‍ഡ് കണ്ടതോടെ ചെല്‍സിയുടെ പതര്‍ച്ച തുടങ്ങി. 24മത് മിനുട്ടില്‍ വോക്ക്‌സ് ബണ്‍ലിയുടെ ആദ്യ ഗോള്‍ നേടി. കാഹിലിന്റെ അഭാവം മൊത്തം കളിയൊഴിക്കിനെ ബാധിച്ചപ്പോള്‍ 39മത് മിനുട്ടില്‍ ചെല്‍സിക്കു ഒരു ഗോള്‍ കൂടി വഴങ്ങേണ്ടി വന്നു. വാര്‍ക്കിന്റെ ഇടങ്കാലന്‍ ഷോട്ടിനു ചെല്‍സി കീപ്പര്‍ കുര്‍ട്ടോറിയസ് നിസഹായനായിരുന്നു. സ്‌കോര്‍ ബെണ്‍ലി 2 ചെല്‍സി 0. ആദ്യ പകുതിക്കു രണ്ടു മിനുട്ടു മുന്‍പെ വോക്ക്‌സ് ഒരു തവണ കൂടി ചെല്‍സിയുടെ പോസ്റ്റില്‍ പന്തെത്തിച്ചു.

രണ്ടാം പകുതിയില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ കളിച്ച ചെല്‍സിക്കു 69മത് മിനുട്ടില്‍ ആദ്യ ഗോള്‍ നേടാനായി. ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്നുമെത്തിയ സ്പാനിഷ് താരം മൊറാട്ടയുടെ വകയായിരുന്നു ഗോള്‍. സ്‌കോര്‍ 3-1. കളിമുറുകിക്കൊണ്ടിരിക്കുന്നതിനിടയില്‍ 81മത് മിനുട്ടില്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ സെസ്‌ക്ക് ഫാബ്രിഗാസിനും ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ഒന്‍പത് പേരായി ചെല്‍സി ചുരുങ്ങി. എങ്കിലും കയിക്കളിച്ച ചെല്‍സിക്കു ഡേവിഡ് ലൂയിസിലൂടെ റിസള്‍ട്ട് കിട്ടി. സ്‌കോര്‍ 3-2. ഇതിനിടയില്‍ ബെണ്‍ലിക്കു ലഭിച്ച ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി ചെല്‍സി വമ്പന്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടു. 

ഉദ്ഘാടന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ പേടിപ്പിച്ചാണ് കീഴടങ്ങിയത്. ആദ്യ ഗോള്‍ നേടിയ ആഴ്‌സണലിന്റെ പോസ്റ്റില്‍ പിന്നീട് രണ്ടു തവണ പന്തെത്തിച്ചു ലസ്റ്റര്‍ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിച്ചു. എന്നാല്‍, അവസാന നിമിഷം ഉണര്‍ന്നു കളിച്ച ആഴ്‌സണലിനായി റാംസിയും ജിറൗദും ലക്ഷ്യം കണ്ടതോടെ ഉദ്ഘാടന മത്സരം ഗണ്ണേഴ്‌സ് സ്വന്തമാക്കി.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പ്രതിരോധത്തിലുള്ള പിഴവുകള്‍ ലിവര്‍പൂളിന് ഇത്തവണയും വിനയായി. വാറ്റ്‌ഫോര്‍ഡുമായി സമനിലയോടെയാണ് ലിവര്‍ പുതിയ സീസണു തുടക്കം കുറിച്ചത്. എട്ടാം മിനുട്ടില്‍ ഒകാക്കയിലൂടെ മുന്നിലെത്തിയ വാറ്റ്‌ഫോഡിന് 29ാം മിനുട്ടില്‍ മാനെയിലൂടെ ലിവര്‍പൂള്‍ മറുപടി നല്‍കി. 32മത് മിനുട്ടില്‍ ഡൗകൗറിലൂടെ വാറ്റ്‌ഫോഡ് വീണ്ടും ലീഡെടുത്തു. ഫീര്‍മീഞ്ഞോയുടെ പെനാല്‍റ്റിയില്‍ ലിവര്‍ 55മത് മിനുട്ടില്‍ ഒപ്പമെത്തി. രണ്ടു മിനുട്ടിനു ശേഷം റോമയില്‍ നിന്നുമെത്തിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ലിവര്‍പൂളിനു ലീഡ് കൊടുത്തു. കളിയുടെ അവസാന നിമിഷം ബ്രിട്ടോസിലൂടെ വാറ്റ്‌ഫോഡ് സമനില പിടിച്ചു വിലയേറിയ ഒരു പോയിന്റ് സ്വന്തമാക്കി.

മറ്റു മത്സരങ്ങളില്‍ സ്‌റ്റോക്ക് സിറ്റിയെ എവര്‍ട്ടണ്‍ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നെത്തിയ വെയിന്‍ റൂണിയുടെ ഗോളാണ് സൗത്താംപ്ടണെ രക്ഷിച്ചത്. സൗത്താംപ്ടണ്‍ സ്വാന്‍സി മത്സരം ഗോളില്ലാ സമനിലയില്‍ പൂര്‍ത്തിയായി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കു തോല്‍പ്പിച്ചു ഹഡേഴ്‌സ്ഫീല്‍ഡ് ഇപിഎല്‍ സീസണു കിടിലന്‍ തുടക്കമിട്ടു. ബേണ്‍മൗത്തിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു വെസ്റ്റ്‌ബ്രോം മൂന്ന് പോയിന്റ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com