കുട്ടീഞ്ഞോയൊക്കെ എന്ത്? ബാഴ്‌സലോണ നഷ്ടപ്പെടുത്തിയ താരങ്ങളെ കേട്ടാല്‍ ഞെട്ടും

കുട്ടീഞ്ഞോയൊക്കെ എന്ത്? ബാഴ്‌സലോണ നഷ്ടപ്പെടുത്തിയ താരങ്ങളെ കേട്ടാല്‍ ഞെട്ടും

ബ്രസീലിയന്‍ താരം നെയ്മര്‍ പിഎസ്ജിയിലേക്കു കൂടുമാറിയതോടെയാണ് ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ വിപണിയിലെ ചൂടുള്ള ചര്‍ച്ചയായി മാറാന്‍ തുടങ്ങിയത്. നെയ്മറില്ലാതെ ബാഴ്‌സ എന്തു ചെയ്യും എന്നുവരെ ആരാധകര്‍ ആശങ്കപ്പെട്ടു. സ്പാനിഷ്  സൂപ്പര്‍കോപ്പ ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് രണ്ടു പാദങ്ങൡലായി 5-1 എന്ന സ്‌കോറിനു തോറ്റതോടെ ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ വിപണിയില്‍ കാര്യമായ വാങ്ങലുകള്‍ നടത്തേണ്ടത് നിര്‍ബന്ധമാണെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റുകളും വിലയിരുത്തി.

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം 25 കാരനായ കുട്ടീഞ്ഞോയായിലായിരുന്നു ബാഴ്‌സലോണ നെയ്മറിന്റെ പകരക്കാരനെ കണ്ടിരുന്നത്. ഇതിനായി ബാഴ്‌സലോണ രണ്ടു തവണ ബിഡ് സമര്‍പ്പിച്ചെങ്കിലും ലിവര്‍പൂള്‍ തള്ളുകയായിരുന്നു. കുട്ടീഞ്ഞോയ്ക്കു ബാഴ്‌സയിലെത്താന്‍ താല്‍പ്പര്യമുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ലിവര്‍പൂള്‍ മാനേജര്‍ യോര്‍ഗന്‍ ക്ലോപ്പ് കുട്ടീഞ്ഞോയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന ഉറച്ച നിലപാടെടുത്തു. 

കൂട്ടീഞ്ഞോയുടെ ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ റൂമറുകള്‍ ഇതോടെ ഏകദേശം അവസാനിച്ചു. സൂപ്പര്‍ താരങ്ങളെ എത്തിക്കുന്നതില്‍ ബാഴ്‌സലോണ വളരെ പിന്നോട്ടാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്രാന്‍സ്ഫര്‍ വിപണിയില്‍ നിന്നും താരങ്ങളെ കണ്ടെത്തുന്നതിലുള്ള പരാജയം ബാഴ്‌സ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ബാഴ്‌സലോണയിലേക്കുള്ള സാധ്യതകള്‍ ഉയര്‍ന്നിട്ടും ന്യൂകാംപില്‍ എത്താതിരുന്ന സൂപ്പര്‍ താരങ്ങള്‍ നിരവധിയാണ്. 


ഡേവിഡ് ബെക്കാം
ഈ വര്‍ഷം ജനുവരിയില്‍ ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ ബാഴ്‌സലോണയ്ക്കു കൈമാറാന്‍ തുനിഞ്ഞിരുന്നുവെന്ന് ഇംഗ്ലീഷ് മുന്‍സൂപ്പര്‍ താരം ഡേവിഡ് ബെക്കാം പറഞ്ഞത്. ഭാര്യ വിക്ടോറിയ ബെക്കാമുമൊപ്പം അമേരിക്കയില്‍ അവധിക്കാലം ആഘോഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബാഴ്‌സയുമായി ബെക്കാമിന്റെ കാര്യത്തില്‍ ഏകദേശ കരാറായെന്ന വാര്‍ത്തകള്‍ വരുന്നത്. 

പിന്നീട്, താരം  മാഞ്ചസ്റ്ററില്‍ എത്തുകയും ബാഴ്‌സയേക്കാള്‍ തനിക്കു താല്‍പ്പര്യം റയല്‍ മാഡ്രിഡ് ആണെന്നു വ്യക്തമാക്കുകയും ചെയ്തതോടെയാണ് റൂമറുകള്‍ അവസാനിച്ചത്. പിന്നീട് താരത്തെ റയല്‍ മാഡ്രിഡ് ഗാലറ്റിക്കോസ് സ്ട്രാറ്റജിയില്‍ സ്വന്തമാക്കുകയായിരുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ബെക്കാമിന്റെ അതേ രീതിയില്‍ തന്നെയായിരുന്നു ക്രിസ്റ്റിയാനോയുടെയും കാര്യം. റയലാണ് തന്റെ ചോയിസ് എന്നു വ്യക്തമാക്കിയ റൊണാള്‍ഡോയെ ബാഴ്‌സയ്ക്കു കൈമാറണമെന്നായിരുന്നു യുണൈറ്റഡ് മുന്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗ്യൂസനു താല്‍പ്പര്യം. ബാഴ്‌സയിലാണ് റൊണാള്‍ഡോയ്ക്കു കൂടുതല്‍ തിളങ്ങാന്‍ സാധിക്കുകയെന്നായിരുന്നു ഫെര്‍ഗിയുടെ താല്‍പ്പര്യത്തിനു പിന്നില്‍. 

റയല്‍ മാഡ്രിഡ് പ്രസിഡന്റായിരുന്ന റാമോണ്‍ കാല്‍ഡ്രോണ്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുണൈറ്റഡ് വിടുകയാണെങ്കില്‍ റയല്‍ മാഡ്രിഡില്‍ മാത്രമേ ചേരൂ എന്ന റൊണോയുടെ തീരുമാനത്തിനു അവസാനം യുണൈറ്റഡ് വഴങ്ങുകയായിരുന്നു.

റൊബീഞ്ഞോ
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിച്ചിരുന്ന റൊബീഞ്ഞോയുടെ പ്രതാപം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ബാഴ്‌സയിലേക്കെന്ന റൂമറുകള്‍ വന്നു. ന്യൂ കാംപില്‍ വലിയ താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള താല്‍പ്പര്യം റൊബീഞ്ഞോ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവസാനം താരം സ്വനാടായ ബ്രസീലിലെ സാന്റോസിലേക്കു തന്നെ  മടങ്ങി.

സാബി അലോണ്‍സോ
ഗാര്‍ഡിയോളയുടെ ബാഴ്‌സ കാലഘട്ടത്തില്‍ ലിവര്‍പൂളിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡറായ അലോണ്‍സോയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. വില്‍പ്പന നടത്താന്‍ അന്നത്തെ ലിവര്‍പൂള്‍ മാനേജര്‍ റാഫേല്‍ ബെനറ്റിസ് പച്ചക്കൊടി കാണിക്കുകയും ചെയ്തു. 

എന്നാല്‍, ഇതേസമയത്ത് സെര്‍ജിയോ ബുസ്‌കെറ്റ്‌സ് ബാഴ്‌സലോണയിലെത്തുകയും അലോണ്‍സോയിലുള്ള  താല്‍പ്പര്യം ഗാര്‍ഡിയോള ഉപേക്ഷിക്കുകയും ചെയ്തു. 

ജിയാന്‍ലുഗി ബഫണ്‍
ലോകത്തെ ഏറ്റവും മികച്ച സ്‌റ്റോപ്പര്‍മാരില്‍ ഒരാളായ ഇറ്റാലിയന്‍ താരം ബഫണ്‍ 2001ലാണ് പാര്‍മയില്‍ നിന്നും യുവന്റസിലെത്തുന്നത്. ഓള്‍ഡ് ലേഡിയില്‍ എത്തുന്നതിനു മുമ്പ് താന്‍ ബാഴ്‌സയില്‍ ചേര്‍ന്നിരുന്നേനെ എന്നു താരം പറയുകയും ചെയ്തിരുന്നു. 

തിയാഗോ സില്‍വ
ബാഴ്‌സലോണ ലോകത്തിലെ ഏതു താരവും കളിക്കാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകളിലൊന്നാണെന്നാണ് ബ്രസീലിന്റെ പിഎസ്ജി പ്രതിരോധ താരം വ്യക്തമാക്കിയത്. നമ്മള്‍ ആഗ്രഹിക്കുന്ന പോലെയല്ല കാര്യങ്ങള്‍ നടക്കുകയെന്നാണ് സില്‍വയുടെ സങ്കടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com