ബാഴ്‌സ ഫാന്‍സിന്റെ നെഞ്ചിടിപ്പ് ഇനിയും കൂടും; ആറ് ആഴ്ച പിന്നിട്ടിട്ടും മെസി പുതിയ കരാറില്‍ ഒപ്പുവെച്ചില്ല

ആറ് ആഴ്ച പിന്നിട്ടിട്ടും മെസി പുതിയ കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നത് കാറ്റലന്‍ ആരാധകരുടെ നെഞ്ചിടിപ്പ് വല്ലാതെയങ്ങ് കൂട്ടുന്നുണ്ട്
ബാഴ്‌സ ഫാന്‍സിന്റെ നെഞ്ചിടിപ്പ് ഇനിയും കൂടും; ആറ് ആഴ്ച പിന്നിട്ടിട്ടും മെസി പുതിയ കരാറില്‍ ഒപ്പുവെച്ചില്ല

ജൂലൈ അഞ്ചിനായിരുന്നു ബാഴ്‌സലോണ മാനേജ്‌മെന്റുമായി മെസി കൂറ്റന്‍ തുകയ്ക്കുള്ള പുതിയ കരാറിന് സമ്മതം മൂളിയത്. പക്ഷെ ആറ് ആഴ്ചകള്‍ പിന്നിട്ടിട്ടും മെസി ഈ കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നത് കാറ്റലന്‍ ആരാധകരുടെ നെഞ്ചിടിപ്പ് വല്ലാതെയങ്ങ് കൂട്ടുന്നുണ്ട്. 

300 മില്യണ്‍ യൂറോ എന്ന കൂറ്റന്‍ വില്‍പ്പന വിലയിട്ടായിരുന്നു ബാഴ്ച മെസിയുമായി 2021 വരെയുള്ള പുതിയ കരാറിട്ടത്. നിലവിലെ കരാര്‍ അനുസരിച്ച് 250 മില്യണ്‍ യൂറോ നല്‍കിയാല്‍ മെസിയെ മറ്റ് ക്ലബുകള്‍ക്ക് റാഞ്ചാം. കാര്യങ്ങള്‍ ബാഴ്‌സയുടെ കയ്യില്‍ നിന്നും പോയേക്കാമെന്നാണ് ഇപ്പോള്‍ ഉയരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.

അടുത്ത വര്‍ഷം ജൂണില്‍ നിലവില്‍ ബാഴ്‌സയുമായി ഒപ്പുവെച്ചിരിക്കുന്ന കരാറിന്റെ കാലാവധി അവസാനിക്കും. മറ്റ് ക്ലബുകളില്‍ നിന്നും വലിയ വാഗ്ദാനങ്ങള്‍ ഉയര്‍ന്നില്ലെങ്കില്‍ പോലും ജനുവരിയോടെ ഫുട്‌ബോള്‍ മിശിഹ ബാഴ്‌സ വിട്ടേക്കുമെന്നും സംസാരമുണ്ട്. 

തിരിച്ചടികള്‍ നേരിടുന്ന സമയത്ത് ടീമിനെ തിരിച്ചു കൊണ്ടുവരുന്നതിനായി തന്ത്രങ്ങള്‍ മെനയുന്നതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടതും, നെയ്മറിന്റെ പോക്കും മെസിയെ കരാര്‍ ഒപ്പിടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

കരാര്‍ ഒപ്പിടാന്‍ മെസി വൈകുന്നത് കാര്യമാക്കേണ്ടതില്ലെന്നാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ നിലപാട്. മറ്റാരേക്കാളും മെസി ബാഴ്‌സയെ സ്‌നേഹിക്കുന്നുവെന്ന് ബാഴ്‌സയിലെ മെസിയുടെ സഹകളിക്കാരനായ ജെറാഡ് പിക്യു പറയുന്നു. നെയ്മറിന്റെ പോക്കിനെ ചൊല്ലി ബാഴ്‌സ അംഗങ്ങള്‍ക്കിടയില്‍ കലഹമാണെന്ന വാര്‍ത്തകളും ജെറാഡ് തള്ളുന്നു. 

നെയ്മര്‍ ബാഴ്‌സ വിടുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ മെസിയും സുവാരിസും, ജെറാഡും നെയ്മറിനൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്റ് ചെയ്തിരുന്നു. മാനേജ്‌മെന്റിന് നേരെയുള്ള പ്രതിഷേധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു മാധ്യമങ്ങള്‍ വിലയിരുത്തിയത്. 

എന്നാല്‍ ഫോട്ടോ ട്വീറ്റ് ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ജെറാഡ് പറയുന്നു. മുന്‍ സഹതാരം മാത്രമല്ല നെയ്മര്‍, സുഹൃത്ത് കൂടിയാണ്. മാനേജ്‌മെന്റുമായി സംസാരിക്കാനുണ്ടെങ്കില്‍ തങ്ങളത് ചെയ്യുമെന്നും ജെറാഡ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com