ട്വിറ്റര്‍ അപ്‌ഡേഷന്‍ അവിടെ നിക്കട്ടെ, ഇവിടെ കളിക്കാന്‍ ആളില്ല, പെട്ടെന്നിറങ്ങ്!

ട്വിറ്റര്‍ അപ്‌ഡേഷന്‍ അവിടെ നിക്കട്ടെ, ഇവിടെ കളിക്കാന്‍ ആളില്ല, പെട്ടെന്നിറങ്ങ്!

ലണ്ടന്‍: വന്‍കിട ക്ലബ്ബുകള്‍ക്കു എന്തിനും ഏതിനും ഓരോ മാനേജര്‍മാരുണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ട്രെയിനിംഗ് മാനേജര്‍, ഗ്രൗണ്ട് മാനേജര്‍ തുടങ്ങി സോഷ്യല്‍ മീഡിയ മാനേജര്‍മാരെ വരെയുണ്ടാകും. എന്നാല്‍, താഴെക്കിടയിലുള്ള പ്രാദേശിക ക്ലബ്ബുകളുടെ കാര്യം അങ്ങനെയല്ല. അത് ഇനി ഇന്ത്യയിലാണെങ്കിലും ഇംഗ്ലണ്ടിലാണെങ്കിലും.

ടീമിന്റെ കളിക്കാര്‍ തന്നെയാവും എല്ലാം. ടീമിന്റെ നിര്‍ണായക പ്രതിരോധ താരമാകും ചിലപ്പോള്‍ ക്ലബ്ബിന്റെ ഔദ്യോഗിക ഇലക്ട്രീഷ്യന്‍. ഫോര്‍വേഡാകും ചിലപ്പോള്‍ അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നുണ്ടാവുക. ഇതേരീതിയിലുള്ള ഒരു ക്ലബ്ബിന്റെ ട്വീറ്റ് ആണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായത്.

യുണൈറ്റഡ് കൗണ്ടീസ് ലീഗ് പ്രീമിയര്‍ ഡിവിഷന്‍ എന്ന ഇംഗ്ലണ്ടിന്റെ ഒമ്പതാം ഡിവിഷനില്‍ കളിക്കുന്ന സ്ലീഫോര്‍ഡ് ടൗണ്‍ ക്ലബ്ബിന്റെ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ക്ലബ്ബിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ വക്താവിനു അന്ന് വരാന്‍ സാധിച്ചിരുന്നില്ല. മുവായിരത്തോളം വരുന്ന തങ്ങളുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിനു ലൈവ് അപ്‌ഡേഷന്‍ കൊടുക്കാതിരിക്കാന്‍ ക്ലബ്ബിനു തരമുണ്ടായിരുന്നില്ല. ഒടുവില്‍ ടീമിന്റെ മൂന്ന് സബസ്റ്റിറ്റിയൂട്ടുകളില്‍ ഒരാളായിരുന്ന 18 വയസുകാരന്‍ മിഡ്ഫീല്‍ഡറായ ഹാരിസണ്‍ അലനെ കളിയുടെ ലൈവ് ട്വീറ്റിനായി നിയോഗിച്ചു. ബോസ്റ്റണ്‍ ടൗണ്‍ ആയിരുന്നു സ്ലീഫോര്‍ഡിന്റെ എതിരാളികള്‍.

കാര്യങ്ങളെല്ലാം നന്നായി പോയിക്കൊണ്ടിരിക്കന്നതിനിടയിലാണ് 70മത് മിനുട്ടില്‍ അലനെ പകരക്കാരനായി ഇറക്കാന്‍ തീരുമാനിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ അപ്‌ഡേഷന്‍ നിലച്ചു. കളിയൊക്കെ കഴിഞ്ഞു അലന്‍ വന്നു ഒരു ട്വീറ്റ് ഇട്ടു. ലൈവ് അപ്‌ഡേഷന്‍ നിലച്ചതില്‍ ക്ഷമിക്കണം. ടീമിന്റെ സബ് ആയി ഇറങ്ങേണ്ടി വന്നതാണ് അപ്‌ഡേഷന്‍ നിലച്ചത്. ഈ ട്വീറ്റ് കയറിയങ്ങു വൈറലായി. കളിക്കാരന്‍ തന്നെ സോഷ്യല്‍ മീഡിയ മാനേജരാകന്ന കാര്യം ട്വിറ്ററൈറ്റുകള്‍ ഇപ്പോഴാണ് അറിയുന്നത് പോലും.!

ഏതായാലും മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം അടിച്ചു സമനിലയില്‍ അവസാനിച്ചു. അലന്‍ ഇറങ്ങുന്നതുവരെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ജയിച്ചിരിക്കുകയാരുന്നു. അലന്റെ കളിയും ട്വിറ്ററിലുള്ള പ്രകടനവും താരതമ്യം ചെയ്താല്‍ ട്വിറ്ററാകും കൂടുതല്‍ യോജിച്ചതെന്നാണ് ആരാധകരുടെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com