രാജാക്കന്മാര്‍ക്ക് വിസില്‍ പോട്; രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ധോനിയും ടീമും തിരിച്ചെത്തുന്നു

ചെന്നൈ ടീമിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചു
രാജാക്കന്മാര്‍ക്ക് വിസില്‍ പോട്; രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ധോനിയും ടീമും തിരിച്ചെത്തുന്നു

ന്യൂഡല്‍ഹി: അങ്ങിനെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് രാജാക്കന്മാര്‍ തിരിച്ചുവരുന്നു. ആരാധകരുടെ കാര്യത്തിലും, ലോകത്തിലെ ട്വന്റി20 ടീമുകളിലും മുന്നില്‍ നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് വിലക്കിന് ശേഷം തിരിച്ചെത്തുകയാണ്. ചെന്നൈ ടീമിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചു.  

ഐപിഎല്‍ സീസണുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി ധോനിയും സംഘവും മുന്നേറുന്നതിന് ഇടയിലായിരുന്നു വാദുവെപ്പ് വിവാദം രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചെന്നൈ ടീമിനും തിരിച്ചടിയാകുന്നത്. 2013ലെ ഐപിഎല്‍ സീസണില്‍ ഗുരുനാഥ് മെയ്യപ്പ, രാജ് കുന്ദ്ര എന്നിവര്‍ വാദുവെപ്പ് നടത്തിയതായുള്ള കണ്ടെത്തലായിരുന്നു ഇരു ടീമുകളുടേയും വിലക്കിലേക്ക് നീങ്ങിയത്. 

സുപ്രീംകോടതി നിയോഗിച്ച ആര്‍.എം.ലോധ അധ്യക്ഷനായ മൂന്ന് അംഗ കമ്മിറ്റിയായിരുന്നു ചെന്നൈയ്ക്കും രാജസ്ഥാനും വിലക്കേര്‍പ്പെടുത്തിയത്. വിലക്കിന്റെ കാലാവധി അവസാനിച്ച വിവരം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസി ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. 

ടീമിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.2010ലും 2011ലും ധോനിയുടെ കീഴില്‍ ചെന്നൈ ആയിരുന്നു ഐപിഎല്‍ കിരീടം ഉയര്‍ത്തിയത്. മഞ്ഞക്കുപ്പായത്തില്‍ സുരേഷ് റെയ്‌ന, എം.എസ്.ധോനി, ഡ്വെയ്ന്‍ ബ്രാവോ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ താരങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com