ഫെഡറേഷന്‍ സുപ്രീംകോടതിയിലേക്ക്‌; ചിത്ര ബൂട്ടണിയാന്‍ സാധ്യത കുറവ്‌

അവസാന നിമിഷം വരുന്ന എന്‍ട്രികള്‍ ലോക ചാമ്പ്യന്‍ഷിപ്പ് സംഘാടകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നതാണ് ചിത്രയ്ക്കും, ട്രാക്കിലെ ചിത്രയുടെ കുതിപ്പ് കാണാനിരിക്കുന്ന മലയാളികള്‍ക്കുമുള്ള പ്രധാന വെല്ലുവിളി
ഫെഡറേഷന്‍ സുപ്രീംകോടതിയിലേക്ക്‌; ചിത്ര ബൂട്ടണിയാന്‍ സാധ്യത കുറവ്‌

ന്യൂഡല്‍ഹി: ലണ്ടനിലേക്ക് പറക്കാന്‍ ചിത്രയ്ക്ക് ഹൈക്കോടതിയുടെ അനുകൂല വിധി വന്നെങ്കിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്കില്‍ കുതിക്കാന്‍ ചിത്രയ്ക്ക് മുന്നില്‍ കടമ്പകള്‍ ഏറെ. ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റിലെ 1500 മീറ്റര്‍ ചാമ്പ്യന് ലോക അത്‌ലറ്റിക്‌സ് മീറ്റിലേക്ക് ബൂട്ടണിയാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്. 

അവസാന നിമിഷം വരുന്ന എന്‍ട്രികള്‍ രാജ്യാന്തര ഫെഡറേഷന്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നതാണ് ചിത്രയ്ക്കും, ട്രാക്കിലെ ചിത്രയുടെ കുതിപ്പ് കാണാനിരിക്കുന്ന മലയാളികള്‍ക്കുമുള്ള പ്രധാന വെല്ലുവിളി. രാജ്യാന്തര മീറ്റുകളുമായി ബന്ധപ്പെട്ട്, രാജ്യാന്തര കായിക കോടതിയുടെ വിധിക്ക് മാത്രമേ സാധുതയുള്ളു. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം എന്‍ട്രികള്‍ സ്വീകരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘാടകര്‍, അവസാന നിമിഷങ്ങളില്‍ എത്തുന്ന എന്‍ട്രികള്‍ തള്ളുകയാണ് പതിവ്. ജൂലൈ 24നായിരുന്നു ഇന്ത്യന്‍ ടീമിന്റെ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തിയതി.

ടിമിനൊപ്പം ചിത്രയെ ഉള്‍പ്പെടുത്താന്‍ ഇനി ഒരു വഴിയും ഇല്ലെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്. ദേശീയ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ രാജ്യാന്തര ഫെഡറേഷന്‍ സംഘാടകരില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ ചിത്രയ്ക്ക് അവസരം ലഭിക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുവരെ ചിത്രയ്‌ക്കെതിരായി സ്വീകരിച്ചിരിക്കുന്ന നിലപാട് വെച്ച് ഫെഡറേഷന്‍ അത്തരമൊരു നീക്കത്തിന് മുതിരില്ലെന്ന് വ്യക്തം. 

യോഗ്യത ഉണ്ടായിട്ടും ചിത്രയെ തഴഞ്ഞ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാടിനെ സുപ്രീംകോടതി വിമര്‍ശിച്ചെങ്കിലും, ചിത്രയ്‌ക്കെതിരായ നിലപാടില്‍ നിന്നും പിന്മാറാന്‍ അവര്‍ തയ്യാറല്ല. ചിത്രയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ ദേശീയ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സുപ്രീംകോടതിയെ സമീപിക്കും. തിങ്കളാഴ്ച ഫെഡറേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. 

ലോക ചാമ്പ്യന്‍ഷിപ്പിന് എന്‍ട്രികള്‍ ലഭിക്കാത്ത താരങ്ങള്‍ക്ക് രാജ്യാന്തര ഫെഡറേഷന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കുന്ന പതിവുണ്ട്. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എന്നാല്‍ ചിത്ര പങ്കെടുക്കുന്ന 1500 മീറ്ററില്‍ ഇതുവരെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിച്ചിട്ടില്ല. ഇനി അനുവദിച്ചാല്‍ തന്നെ ലോക റാങ്കിങ്ങില്‍ 200ല്‍ പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത ചിത്രയെ ഇതിന് പരിഗണിക്കില്ലെന്ന് ഏറെക്കുറെ വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com