ഏഷ്യന്‍ കപ്പ് യോഗ്യത: ഇന്ത്യ കിര്‍ഗിസ്ഥാനെ നേരിടും; കളി കാണാന്‍ വരുന്നവര്‍ക്ക് താമസമൊരുക്കുമെന്ന് ആരാധകര്‍

ഇന്ത്യന്‍ താരം സുനില്‍ ഛേത്രി പരിശീലനത്തില്‍
ഇന്ത്യന്‍ താരം സുനില്‍ ഛേത്രി പരിശീലനത്തില്‍

ബെംഗളൂരു: 2019 എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ നാളെ കിര്‍ഗിസ്ഥാനെ നേരിടും. ബെംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ ആദ്യ മത്സരത്തില്‍ ജയിച്ച ഇരു ടീമുകള്‍ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഗ്രൂപ്പില്‍ മുന്നിലെത്താം. നിലവില്‍ ഇന്ത്യയാണ് മുന്നില്‍.

അടുത്തിടെ നേപ്പാളുമായുള്ള സൗഹൃദ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ ഇന്ത്യന്‍ ടീമിനെ ഇറക്കുന്നത്. 4-1-3-2 എന്ന ഫോര്‍മേഷനിലാകും സ്റ്റീഫന്‍ ടീമിനെ വിന്യസിക്കുക. പ്രിതം കോഥല്‍, സന്ദേശ് ജിംഗന്‍, മലയാളി താരം അനസ് എടത്തൊടിക, നാരായണ്‍ ദാസ് എന്നിവര്‍ പ്രതിരോധം കാക്കുമ്പോള്‍ സെന്‍ട്രല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി റൗളിന്‍ ബോര്‍ഗസ് തിരിച്ചെത്തും.

സുനില്‍ ഛേത്രി, ജാക്കിഛന്ദ് സിംഗ്, യുഗെന്‍സണ്‍ ലിങ്‌ദോ എന്നിവരാകും മധ്യനിരയില്‍. മുന്നേറ്റത്തിന്റെ ചുമതല മോഹന്‍ ബഗാന്‍ താരം ജെജെ ലാല്‍പെഖുലയ്ക്കും ഈസ്റ്റ് ബംഗാള്‍ താരം റോബിന്‍ സിംഗിനുമാകും. ഇരു ടീമുകളും നേര്‍ക്കു നേര്‍ വന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

ബെംഗളൂരു എഫ്‌സിയുടെ കളിമുറ്റമായ കണ്ഡീരവ സ്റ്റേഡിയത്തില്‍ പരമാവധി കാണികളെ എത്തിക്കാനാണ് ക്ലബ്ബിന്റെ ഫാന്‍സ് ഗ്രൂപ്പ് ശ്രമിക്കുന്നത്. ബെംഗളൂരു നീലക്കടലാക്കുമെന്നാണ് വെസ്റ്റ്‌ബ്ലോക്ക് എന്ന ആരാധക കൂട്ടായ്മ പറയുന്നത്. ദൂരദിക്കില്‍ നിന്നും കളികാണാന്‍ വരുന്നവര്‍ക്ക് താമസ സൗകര്യവും ആരാധകര്‍ ഒരുക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com