റയല്‍ പ്രസിഡന്റായി പെരസ് വീണ്ടും; റൊണാള്‍ഡോ വിഷയത്തില്‍ തീരുമാനം ഉടന്‍

റയല്‍ പ്രസിഡന്റായി പെരസ് വീണ്ടും; റൊണാള്‍ഡോ വിഷയത്തില്‍ തീരുമാനം ഉടന്‍

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റായി ഫ്‌ളോറന്റീനോ പെരസ് 2021 വരെ തുടരും. പ്രസിഡന്റ് സ്ഥാനത്തിനായുള്ള തെരഞ്ഞെടുപ്പില്‍ എതിരാളിയില്ലാതെയാണ് പെരസ് തെരഞ്ഞെടുക്കപ്പെട്ടത്. 2021 വരെ യൂറോപ്യന്‍, സ്പാനിഷ് ചാംപ്യന്‍മാരായ റിയലിന്റെ പ്രസിഡന്റായി 70 കാരന്‍ പെരസ് തുടരും.

2000 മുതല്‍ 2006 വരെ റിയല്‍ മാഡ്രിഡിന്റെ പ്രസിഡന്റായിരുന്ന പെരസ് ഇക്കാലയളവില്‍ സൂപ്പര്‍ താരങ്ങളായ ലൂയിസ് ഫിഗോ, ഡേവിഡ് ബെക്കാം, റൊണാള്‍ഡോ എന്നിവരെ സാന്റിയാഗോ ബെര്‍ണാബുവില്‍ എത്തിച്ചിരുന്നു. രണ്ട് ലാലീഗ കിരീടങ്ങളും ഒരു ചാംപ്യന്‍സ് ട്രോഫിയും റിയല്‍ നേടിയ ഈ സമയത്താണ് ഗലാറ്റിക്കോസ് എന്ന പുതിയ നയവും റയല്‍ മാഡ്രിഡ് നടപ്പാക്കിയത്.

2006 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞ പെരസ് പിന്നീട് 2009ല്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സെമ, കാക്ക, സാബി അലോണ്‍സോ എന്നിവരെയാണ് അന്ന് വമ്പന്‍ തുക കൊടുത്ത് പെരസ് ടീമില്‍ എത്തിച്ചത്. പെരസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ മൂന്ന് വര്‍ഷം റയലിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

നേടിയ കപ്പുകളുടെ അടിസ്ഥാനത്തില്‍ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ പ്രസിഡന്റാണ് പെരസ്. അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്തിയെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ ടീമില്‍ നിലനിര്‍ത്തലാകും പെരസിനു മുമ്പിലുള്ള വെല്ലുവിളി. നികുതിയിടപാടുമായി ബന്ധപ്പെട്ട് സ്പാനിഷ് നികുതി അധികൃതരുടെ ആരോപണം നേരിടുന്ന റൊണാള്‍ഡോ റയല്‍ വിടുകയാണെന്നുള്ള വാര്‍ത്തകളുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നീ ക്ലബ്ബുകള്‍ റൊണാള്‍ഡോയ്ക്ക് വലിയ ഓഫറുകള്‍ നല്‍കിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായതോടെ റൊണാള്‍ഡോ വിഷയത്തില്‍ റയല്‍ മാഡ്രിഡിന്റെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com