റൊണാള്‍ഡോയുടെ പോര്‍ച്ചുഗലു സാഞ്ചസിന്റെ ചിലിയും ഇന്ന് നേര്‍ക്കു നേര്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 28th June 2017 04:44 PM |
Last Updated: 28th June 2017 05:38 PM | A+A A- |

കസാന്‍: കോണ്‍ഫഡറേഷന്‍ കപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും ലാറ്റിന്‍ അമേരിക്കന്‍ ചാംപ്യന്‍മാരായ ചിലിയും ആദ്യ സെമിയില്‍ ഏറ്റുമുട്ടും. ജര്‍മനി-മെക്‌സിക്കോ സെമി നാളെ നടക്കും.
കോണ്‍ഫഡറേഷന്‍ കപ്പിലെ ക്ലാസിക്ക് പോരാട്ടമാകും പോര്‍ച്ചുഗല്‍-ചിലി മത്സരമെന്നാണ് വിലയിരുത്തലുകള്‍. സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ ആഴ്‌സണല്‍ സ്റ്റാര്‍ അലക്‌സിസ് സാഞ്ചസ് നയിക്കുന്ന ചിലിയെ എതിരിടുമ്പോള്‍ മികച്ച മത്സരമാകുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

ജയത്തില്‍ കുറഞ്ഞേെതാന്നും പ്രതീക്ഷിക്കാത്ത രണ്ട് വന്‍കരയിലെ ശക്തികള്‍ പക്ഷെ കോണ്‍ഫഡറേഷന്‍ കപ്പില്‍ ഇതുവരെ ഫോമിലേക്കെത്തിയിട്ടില്ല. റൊണാള്‍ഡോയില്‍ തന്നെയാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. റിയല്‍ മാഡ്രിഡില്‍ സ്വന്തം കാര്യത്തിന് മുന്‍തൂക്കം നല്‍കുന്നവന്‍ എന്ന് ദുഷ്‌പേരുള്ള റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍ പക്ഷെ ടീംമാനാണ്. റൊണാള്‍ഡോയെ ചുറ്റിത്തിരിഞ്ഞുള്ള ആക്രമണത്തിനാകും പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് ചിലിക്കെതിരേയും പയറ്റുക. ഗോളടിക്കുന്നതില്‍ റൊണാള്‍ഡോ മാഡ്രിഡിലെ ശീലം തുടര്‍ന്നാല്‍ ചിലി വെള്ളം കുടിക്കുമെന്നുറപ്പ്.

അതേസമയം, ആര്‍ട്ടുറോ വിദാല്‍ എന്ന ബോക്‌സ് ടു ബോക്‌സ് കളിക്കാരനെ ഉപയോഗിച്ച് സാഞ്ചസിനും വര്‍ദാസിനും പന്തെത്തിക്കുന്ന അന്റോണിയോ പിസ്സിയുടെ തന്ത്രത്തെ മുനയൊടിക്കലാകും പോര്‍ച്ചുഗലിന്റെ തലവേദന. മിന്നല്‍ നീക്കങ്ങള്‍കൊണ്ട് കളിയുടെ ഗതി മാറ്റാന്‍ ശേഷിയുള്ള സാഞ്ചസ് ഫോമിലേക്കുയര്‍ന്നാല്‍ പെപ്പെ നയിക്കുന്ന പോര്‍ച്ചുഗല്‍ പ്രതിരോധത്തിന് നന്നായി വിയര്‍ക്കേണ്ടി വരും. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം.