ലോകക്കപ്പ് യോഗ്യത: ലാറ്റിനമേരിക്കയില്‍ പോരാട്ടം കടുക്കും; മുന്നില്‍ ബ്രസീല്‍ തന്നെ; അര്‍ജന്റീന-ചിലി പോരാട്ടം വെള്ളിയാഴ്ച

ലോകക്കപ്പ് യോഗ്യത: ലാറ്റിനമേരിക്കയില്‍ പോരാട്ടം കടുക്കും; മുന്നില്‍ ബ്രസീല്‍ തന്നെ; അര്‍ജന്റീന-ചിലി പോരാട്ടം വെള്ളിയാഴ്ച

ഫുട്‌ബോള്‍ ലോകം വീണ്ടും രാജ്യാന്തര മത്സരങ്ങളുടെ ആവേശച്ചൂടിലേക്ക്. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകക്കപ്പ് യോഗ്യതാ മത്സരങ്ങളാണ് കാല്‍പ്പന്ത് പ്രേമികള്‍ക്ക് വിരുന്നൊരുക്കുന്നത്. ലോകക്കപ്പിന്റെ സൗന്ദര്യവക്താക്കളായ ലാറ്റിന്‍ അമേരിക്കയിലാണ് യോഗ്യതാ റൗണ്ടിന്റെ ചൂട് കൂടുതല്‍.

പത്ത് ടീമുകളാണ് റഷ്യ ലോകക്കപ്പിനായി ലാറ്റിനമേരിക്കയില്‍ കോപ്പുകൂട്ടുന്നത്. ഇതില്‍ പോയിന്റ് പട്ടികയിലെ ആദ്യ നാല് ടീമുകള്‍ക്ക് നേരിട്ടും അഞ്ചാമതെത്തുന്ന ടീമിന് ഓഷ്യാനിയ മേഖലയിലുള്ള ടീമുമായി പ്ലേ ഓഫിലൂടെയുമാണ് യോഗ്യത. യോഗ്യതാ മത്സരങ്ങള്‍ ഏകദേശം മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ പട്ടികയില്‍ മുന്നിലുള്ള ബ്രസീല്‍ ഏകദേശം ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്.

പുതിയ പരിശീലകനായി ചുമതലയേറ്റ ടിറ്റെയ്ക്ക് കീഴില്‍ യാഗ്യതാ റൗണ്ടില്‍ ബ്രസീല്‍ ആറ് ജയങ്ങള്‍ നേടി 27 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. നേരിട്ടുള്ള യോഗ്യതയ്ക്ക് 28 പോയിന്റ് മാത്രമാണ് വേണ്ടത്. അവശേഷിക്കുന്നത് ആറ് മത്സരങ്ങളും.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വയ്ക്ക് 23 പോയിന്റുണ്ട്. രണ്ട് ജയം നേടിയാല്‍ റഷ്യയില്‍ ഉറുഗ്വയ്ക്കും ലോകക്കപ്പില്‍ പന്തുതട്ടാം. ബാക്കിയുള്ള ഫിക്‌സ്ചറാണ് കടുകട്ടി. 20 പോയിന്റ് വീതമുള്ള ഇക്വഡോറും ചിലിയുമാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് 19ഉം ആറാം സ്ഥാനത്തുള്ള കൊളംബിയയ്ക്ക് 18ഉം പോയിന്റാണുള്ളത്.

15 പോയിന്റുള്ള പരാഗ്വ, 14 പോയിന്റുള്ള പെറു എന്നീ ടീമുകള്‍ അത്ഭുതം കാണിച്ചാല്‍ ഒരു പക്ഷെ അര്‍ജന്റീനയ്ക്ക് അടുത്ത ലോകക്കപ്പില്‍ അവസരമുണ്ടാകില്ല.


അര്‍ജന്റീന-ചിലി

വെള്ളിയാഴ്ച സ്വന്തം മൈതാനത്ത് ചിലയെ നേരിടുന്ന അര്‍ജന്റീന ജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക സെന്റനേറിയോ ഫൈനലില്‍ ഏറ്റുമുട്ടിയതിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. 

യുവന്റസിന് വേണ്ടി പന്തുതട്ടുന്ന യുവതാരം പോല ഡയബാല ഇല്ലാതെയാണ് അര്‍ജന്റീന ചിലിക്കെതിരേ ഇറങ്ങുക. ഇടതു കാലിനേറ്റ പരിക്ക് രണ്ട് യോഗ്യതാ മത്സരങ്ങള്‍ താരത്തിന് നഷ്ടപ്പെടും. എന്നാല്‍, ലയണല്‍ മെസ്സി, ഗോണ്‍സാലോ ഹിഗ്വയ്ന്‍, സെര്‍ജി അഗ്യൂറോ എന്നിവര്‍ ടീമിലുള്ളത് പരിശീലകന്‍ എഡ്വാര്‍ഡോ ബോസയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

അതേസമയം, ആഴ്‌സണിലിന് വേണ്ടിയുള്ള മത്സരത്തില്‍ പരിക്കേറ്റ അലക്‌സി സാഞ്ചസ് ഇല്ലാതെയാകും ചിലി മെസ്സിയേയും കൂട്ടരേയും നേരിടാനെത്തുക. പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും താരത്തിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

കഴിഞ്ഞ രണ്ട് യോഗ്യതാ മത്സരങ്ങളിലും ജയിച്ചെത്തുന്ന അര്‍ജന്റീനയ്ക്ക് ബ്യൂണല്‍ അയേഴ്‌സില്‍ കാര്യങ്ങള്‍ ലളിതമാകുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ പ്രതിരോധത്തില്‍ കനത്ത വിള്ളലുകളുള്ള ടീം കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് വഴങ്ങിയത് എട്ട് ഗോളുകളാണ്. എന്നാല്‍, കഴിഞ്ഞ മൂന്ന് യോഗ്യതാ മത്സരങ്ങളിലും തോല്‍വി അറിയാതെയാണ് ചിലി എത്തുന്നത്. തങ്ങളുടേതായ ദിനം ഏതു ടീമിനേയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ശരാശരിക്കാരുടെ ടീമാണ് ചിലി എന്നത് അര്‍ജന്റീന ആരാധകര്‍ക്ക് ആശങ്കയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com