ആശാന്‍ കപ്പടിച്ചേ...!

മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഏഴ് എഫ് എ കപ്പുകള്‍, അഞ്ച് ഇംഗ്ലീഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവയാണ് 21 വര്‍ഷത്തെ വെംഗര്‍ യുഗത്തില്‍ ഗണ്ണേഴ്‌സിന്റെ നേട്ടം 
ആശാന്‍ കപ്പടിച്ചേ...!

എല്ലായിപ്പോഴും ആഴ്‌സണല്‍ അങ്ങനെയാണ്. സീസണിന്റെ തുടക്കത്തില്‍ ആളിക്കത്തുന്ന തീ അവസാനത്തിലെത്തുമ്പോഴും ആറിത്തണുത്തു കാണും. എങ്കിലും എല്ലായിപ്പോഴും അവര്‍ കളത്തില്‍ അവരുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ടാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ഉള്ള അത്ര വിരോധികള്‍ ആഴ്‌സണലിന് ഒരു പക്ഷെ കാണാത്തതും അതുകൊണ്ട് തന്നെയാകും. ആഴ്‌സണല്‍ എന്നും നന്നായി കളിക്കും. പക്ഷെ, അവര്‍ തോല്‍ക്കുകയും ചെയ്യുന്നു. എങ്കിലും ആ ടീമിനോടുള്ള ഇഷ്ടം വേറെ തന്നെയാണ്. സ്പാനിഷ് ലീഗില്‍ റിയല്‍ മാഡ്രിഡ് ആരാധകനായിരിക്കുമ്പോഴും ബാഴ്‌സയോടു തോന്നുന്ന ഒരു ഇഷ്ടം.

1996 ഒക്ടോബര്‍ ഒന്നിലേക്ക് പോകാം. അന്നാണ് ക്ലബ്ബിന്റെ ഫ്രഞ്ച് വിപ്ലവം തുടങ്ങുന്നത്. പരിശീലകനെന്ന നിലയില്‍ സ്റ്റുവാര്‍ട്ട് ഹൂസ്റ്റണ്‍, ബ്രൂസ് റിയോച്ച്, ജോര്‍ജ് ഗ്രഹാം എന്നിവര്‍ കുറഞ്ഞ കാലയളവില്‍ മാത്രം ടീമിനൊപ്പമുണ്ടായിരുന്നപ്പോള്‍ മാനേജ്‌മെന്റും ആരാധകര്‍ക്കും ആവശ്യം ഒരു ദീര്‍ഘകാലത്തേക്കുള്ള ഉത്തരമായിരുന്നു. അവിടെയാണ് ആഴ്‌സണ്‍ വെംഗര്‍ അവതരിക്കുന്നത്‌. 

ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടണ് പുറത്തുള്ള ഒരു പരിശീലകന്‍ കപ്പിത്താനായെത്തി. wenger who? എന്നായിരുന്നു അന്ന് ഇംഗ്ലീഷ് പത്രങ്ങളുടെ തലക്കെട്ട്. മൊണോക്കോ, ജപ്പാനീസ് ക്ലബ്ബ് ഗ്രാംപസ് എയ്റ്റിലുമാണ് വെംഗറെ പരിശീലകനായി കണ്ടത്.

പിന്നീടുണ്ടായത് ഒരു മാറ്റമായിരുന്നു. ആഴ്‌സണലിനും, പ്രീമിയര്‍ ലീഗിനും. പ്രിപ്പറേഷന്‍, ഡയറ്റ്, ഫിറ്റ്‌നസ് എന്നിവയായിരുന്നു വെംഗറുടെ മന്ത്രം. ക്ലബ്ബിന്റെ പരിഷ്‌കര്‍ത്താവ് എന്നതിലുപരി ആരാധകര്‍ക്ക് അയാള്‍ ട്രോഫികള്‍ നല്‍കിക്കൊണ്ടിരുന്നു. അതിലുപരി മനോഹരമായ കളിയും അതിലും മനോഹരമായ ഒര്‍മകളും.

ഒരു യുവതാരത്തെ അപേക്ഷിച്ച് ജയിക്കലല്ല പ്രധാനം, മറിച്ച് മികച്ച ആത്മവിശ്വാസത്തോടെ സ്‌കില്ലുകളും ക്രിയേറ്റിവിറ്റിയും എങ്ങനെ വളര്‍ത്താമെന്നാണ് നോക്കേണ്ടത്. വെംഗറുടെ പ്രധാനപ്പെട്ട ഒരു വാക്കാണിത്. ക്രിയേറ്റീവ് കളിക്കാര്‍ക്കായാണ് അയാള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ എപ്പോഴും പരതാറുള്ളത്. അതിന്റെ ഫലം കാണികള്‍ക്ക് പുല്‍മൈതാനങ്ങളില്‍ നിന്ന് കാഴ്ചവിരുന്നായി ലഭിച്ചുകൊണ്ടേയിരിക്കുന്നു.

നീണ്ട 21 വര്‍ഷത്തെ തന്റെ ആഴ്‌സണല്‍ കരിയറില്‍ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഏഴ് എഫ് എ കപ്പുകള്‍, അഞ്ച് ഇംഗ്ലീഷ് സൂപ്പര്‍ കപ്പുകള്‍ വെംഗര്‍ യുഗത്തില്‍ ഗണ്ണേഴ്‌സിന്റെ നേട്ടം. ഇതില്‍ കഴിഞ്ഞ ദിവസം ചെല്‍സിയെ തോല്‍പ്പിച്ച എഫ്എ കപ്പും ഉള്‍പ്പെടും.

പ്രീമിയര്‍ ലീഗില്‍ ഇത്തവണ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആഴ്‌സണലിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടനായില്ലെന്നതാണ് വെംഗറുടെ കരിയര്‍ അവസനത്തിലേക്കോ എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ചരിത്രത്തെ ചുമക്കേണ്ട കാര്യം ഒരു ആരാധകര്‍ക്കും ഇല്ല എന്നതിനാല്‍ തന്നെ വെംഗറെ മാറ്റണമെന്ന് ആവശ്യം ആരാധകര്‍ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തു.

എന്തായാലും, കളിക്കാലം ഏകദേശം പൂര്‍ത്തിയായി. ഇനിയുള്ളത് ചൂടന്‍ ട്രാന്‍സ്ഫര്‍ വിപണിയാണ്. വലിയ ടാര്‍ജറ്റുകള്‍ എല്ലാതവണയും പോലെ ഇത്തവണയും ആഴ്‌സണല്‍ പറയുന്നത് കേട്ടിട്ടില്ല. ഒരു പക്ഷെ ആദ്യം ആശാന്റെ കാര്യം തീരുമാനമാകട്ടെ എന്ന് കരുതിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com