സാംപോളിയും എത്തി; ഇനി അര്‍ജന്റീനയ്ക്ക് വേണ്ടത് മാജിക്ക്‌

സാംപോളിയും എത്തി; ഇനി അര്‍ജന്റീനയ്ക്ക് വേണ്ടത് മാജിക്ക്‌

രണ്ട് മാജിക്കുകളാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആഗ്രഹിക്കുന്നത്. ഒന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കളത്തിനകത്തുള്ള മാജിക്ക്. രണ്ട് യോര്‍ഗെ സാംപോളിയുടെ കളിക്ക് പുറത്തുള്ള മാജിക്ക്. ഈ രണ്ട് മാജിക്കുകളും ഉണ്ടായില്ലെങ്കില്‍ 2018ല്‍ നടക്കന്ന ലോകക്കപ്പില്‍ ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ടടീമുകളില്‍ ഒന്നായ അര്‍ജന്റീനയ്ക്ക് പുറത്ത് നിന്നും കളികാണാം.

ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് എഡ്വാര്‍ഡോ ബൗസയെ പുറത്താക്കിയതോടെ സാംപോളിയുടെ പേരായിരുന്നു ആദ്യം മുതല്‍ ഉയര്‍ന്നു കേട്ടത്. തിരച്ചടി നേരിട്ടുകൊണ്ടിരിക്കുന് ടീമിനെ വിജയത്തിലെത്തിക്കാന്‍ അര്‍ജന്റീനയടെ മുന്‍ താരത്തിന് തന്നെയാണ് സാധിക്കുക എന്ന വിശ്വാസമാകാം ഇതിന് പിന്നില്‍. ഒപ്പം അയാളുടെ കരിയര്‍ റെക്കോര്‍ഡും. എന്നല്‍ സെവിയയുമായി ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്പാനിഷ് ക്ലബ്ബ് സെവിയയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ധാരണയിലെത്തിയത്. 

കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്ന സെവിയയെ സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ത്തി ചാംപ്യന്‍സ് ലീഗ് സാധ്യത ഒരുക്കിക്കൊടുത്ത മിടുക്കും സാംപോളിക്കുണ്ട്. എന്നാല്‍, ഈ മിടുക്ക് അര്‍ജന്റീന പോലൊരു ടീമില്‍ എത്രത്തോളമായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

2012മുതല്‍ 2016 വരെ ചിലിയന്‍ ടീമിനെ പരിശീലിപ്പിച്ച സാംപോളിക്ക് ഇക്കാലയളവില്‍ നേടിയ ലാറ്റിന്‍ അമേരിക്കന്‍ കിരീവും നേടാന്‍ സാധിച്ചിട്ടുണ്ട്. പിന്നീട് സെവിയയുമായി കരാറിലെത്തിയ സാംപോളിയെ 12 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കിയാണ് അര്‍ജന്റീന പരിശീലകനായി എത്തിച്ചിരിക്കുന്നത്.

ഇതിനു മുമ്പ് അര്‍ജന്റീനയുടെ പരിശീലക വേഷമണിഞ്ഞവര്‍ സൂപ്പര്‍ താരം മെസ്സിയെ കേന്ദ്രീകരിച്ച് ടീമിന്റെ തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ തിരിച്ചടിയായിരുന്നു ഫലം. മെസ്സി പോലൊരു താരത്തെ പരമാവധി ഉപയോഗപ്പെടുത്തി ബാക്കിയുള്ള താരങ്ങള്‍ക്ക് പരിഗണന നല്‍കിയുള്ള തന്ത്രങ്ങളാണെങ്കില്‍ ഒരു പക്ഷെ ടീമിന് ഗുണം ചെയ്‌തേക്കും. മെസ്സിയിലേക്കൊതുങ്ങുന്ന ടീമിനെ അര്‍ജന്റീന ടീമാക്കി മാറ്റലാകും സാംപോളിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. 

ഈ വെല്ലുവിളികള്‍ അതിജീവിക്കാന്‍ അയാള്‍ക്ക് കൂടുതല്‍ സമയവുമില്ല. അതിനാണ് മാജിക്ക് വേണ്ടി വരുന്നത്. റഷ്യ ലോകക്കപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നിരിക്കെ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ഇതിനോടകം തന്നെ ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് സ്ഥാനത്തിലെത്തണമെങ്കില്‍ ഇനിയുള്ള കളികള്‍ അര്‍ജന്റീനയ്ക്ക് ജയിച്ചേ തീരൂ. എന്നാല്‍ മത്സരിക്കേണ്ടതാകട്ടെ ചിലി, യുറേഗ്വ, കൊളംബിയ എന്നീ ടീമുകളോടും. ഈ ടീമുകളെല്ലാം മെസ്സിയൊഴികെ അര്‍ജന്റീനയോടൊപ്പമോ അതിനു മുകളിലോ പ്രതിഭയുള്ളവരാണ്.

അടുത്ത മാസം ഒന്‍പതിന് ബ്രസീലുമായി നടക്കുന്ന സൗഹൃദ മത്സരമാകും അര്‍ജന്റീന പരിശീലകന്‍ എന്ന നിലയില്‍ സാപോളിയുടെ ആദ്യ പരീക്ഷ. സൂപ്പര്‍ താരങ്ങളില്ലാതെയാണ് ബ്രസീല്‍ എത്തുന്നതെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ വൈരികള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞത് ആരാധകര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

കര്‍ക്കശക്കാരനായ പരിശീലകനെന്നാണ് സാംപോളിയെ പൊതുവെ വിലയിരുത്തുന്നത്. കര്‍ക്കശക്കാരനാണെങ്കിലും ടീമിനു റിസള്‍ട്ടുണ്ടാകുന്നതില്‍ മിടുക്കന്‍. സാംപോളിയുടെ ചരിത്രം പരിശോധിച്ചാല്‍ അര്‍ജന്റീനയ്ക്ക് ഇതൊരു പുതിയ തുടക്കമാകും. ഒരു പക്ഷെ മെസ്സിയെ ആശ്രയിക്കാത്ത പ്ലാന്‍ ബിക്കുള്ള തുടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com