ഇങ്ങനെ പേടിച്ചരണ്ട ഓസീസിനെ കണ്ടിട്ടുണ്ടോ? ഇന്ത്യന്‍ ബൗളര്‍മാര്‍ കാണിച്ചു തരുന്നു

വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കുവാനുള്ള ഓസീസിന്റെ ചെറുത്ത് നില്‍പ്പിന് നേര്‍ക്ക് തുരുതുരാ വെടിയുതിര്‍ക്കുകയാണ് ഇന്ത്യന്‍ ബൗളിങ് നിര
ഇങ്ങനെ പേടിച്ചരണ്ട ഓസീസിനെ കണ്ടിട്ടുണ്ടോ? ഇന്ത്യന്‍ ബൗളര്‍മാര്‍ കാണിച്ചു തരുന്നു

കഴിഞ്ഞു പോയ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ ഒന്നും ഇതുപോലൊരു ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ടാവാന്‍ ഇടയില്ല, അതും ഓസീസ് മണ്ണില്‍. ഒറ്റ സെഷനില്‍ സെഞ്ചുറിയടിച്ച ഡേവിഡ് വാര്‍ണറിന്റെ ഓസ്‌ട്രേലിയ അദ്ദേഹത്തിന്റെ അഭാവത്തില്‍ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ രണ്ട് സെഷനുകള്‍ പിന്നിട്ടപ്പോള്‍ സ്‌കോര്‍ ചെയ്തത് 117 റണ്‍സ് മാത്രം. 

രണ്ടാം ദിനം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചിരുന്നു. എന്നാല്‍ പിന്നാലെ ബാറ്റിങ്ങി ഇറങ്ങിയ ഓസ്‌ട്രേലിയയെ വരിഞ്ഞു മുറുക്കുകയായിരുന്നു ഇന്ത്യ. ഇശാന്ത് ശര്‍മ ഒഴികെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ആദ്യ രണ്ട് സെഷനുകളില്‍ വിക്കറ്റ് വീഴ്ത്താനായില്ല. പക്ഷേ റണ്‍സ് വിട്ടുകൊടുക്കാതെ ഡോട്ട് ബോളുകളിലൂടെ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കായി. 

ഓസീസ് ഇന്നിങ്‌സ് 66ാം ഓവറിലേക്ക് എത്തിയപ്പോഴേക്കും ആറ് മെയ്ഡന്‍ ഓവറുകളാണ് ഇഷാന്ത് ശര്‍മ എറിഞ്ഞത്. ഭൂമ്ര ഏഴ് ഓവറും, മുഹമ്മദ് ഷമിയും അശ്വിനും അഞ്ച് ഓവര്‍ വീതം മെയ്ഡന്‍ എറിഞ്ഞ് ഓസീസിന്റെ സ്‌കോറിങ്ങിനെ ഒച്ചിഴയും വേഗത്തിലാക്കി. മൂന്നാം സെഷന്റെ തുടക്കത്തില്‍ തന്നെ ഹാന്‍ഡ്‌സ്‌കോമ്പിനെ മടക്കി ഭൂമ്ര തന്റെ അക്കൗണ്ടും തുടര്‍ന്നു. ക്യാപ്റ്റന്‍ ടിം പെയ്‌നെ മടക്കി തൊട്ടുപിന്നാലെ ഇഷാന്തിന്റെ പ്രഹരം വീണ്ടും. ഡോട്ട് ബോളുകളിലൂടെ കളം നിറയുന്ന ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ട് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഓസ്‌ട്രേലിയ വിയര്‍ക്കും. വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കുവാനുള്ള ഓസീസിന്റെ ചെറുത്ത് നില്‍പ്പിന് നേര്‍ക്ക് തുരുതുരാ വെടിയുതിര്‍ക്കുകയാണ് ഇന്ത്യന്‍ ബൗളിങ് നിര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com