'ഇന്ത്യയെ തോല്‍പ്പിച്ചത് ഓറഞ്ച് ജേഴ്‌സി': മെഹ്ബൂബ  

ഇന്ത്യയുടെ പരാജയത്തിന് കാരണം പുതിയ ജേഴ്‌സിയാണെന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി
'ഇന്ത്യയെ തോല്‍പ്പിച്ചത് ഓറഞ്ച് ജേഴ്‌സി': മെഹ്ബൂബ  

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പരാജയമറിയാതെ മുന്നേറിയിരുന്ന ടീം ഇന്ത്യയ്ക്ക് ഇന്നലെ ആദ്യമായി കാലിടറി. പുത്തന്‍ ജേഴ്‌സിയണിഞ്ഞ് കളിക്കളത്തിലിറങ്ങിയ ടീം ബര്‍മിങ്ഹാം മൈതാനത്തില്‍ ഇംഗ്ലണ്ട് പടയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിന് കാരണം പുതിയ ജേഴ്‌സിയാണെന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെടുന്നത്. 

ജേഴ്‌സിയിലെ മാറ്റം കൊണ്ടാണ് ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യ ഇഗ്ലണ്ടിനോട് പരാജയപ്പെട്ടതെന്നാണ് മെഹ്ബൂബ മുഫ്തി പറയുന്നത്. "എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ പക്ഷെ ആ ജേഴ്‌സിയാണ് ഇന്ത്യയുടെ വിജയതേരോട്ടത്തിന് തടയിട്ടത്", ഇതായിരുന്നു മത്സരഫലം അറിഞ്ഞ ശേഷം മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചത്. 

ഇന്നലെ ആദ്യമായാണ് പുതിയ ഓഫഞ്ച് കുപ്പായത്തില്‍ ഇന്ത്യ കളത്തിലിറങ്ങിയത്. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇംഗ്ലീഷ് താരങ്ങള്‍ കാഴ്ചവച്ചത്. മത്സരത്തില്‍ 31 റണ്‍സിന് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനോട് പരാജയം സമ്മതിക്കേണ്ടിവന്നു. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഈ വര്‍ഷത്തെ ലോകകപ്പ് യാത്രയില്‍ ഇന്ത്യ നേരിട്ട ആദ്യ തോല്‍വിയായിരുന്നു അത്. 

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പരാജയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. "ഇംഗ്ലണ്ടിന്റോയോ പാക്കിസ്ഥാന്റേയോ അവസ്ഥയേക്കാള്‍ രൂക്ഷമായ സാഹചര്യമായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനത്തിനെങ്കില്‍ ബാറ്റിങ് ഇത്ര അശ്രദ്ധമായിരുന്നിരിക്കുമോ", എന്നാണ് ഒമര്‍ ചോദിക്കുന്നത്. 

ഏഴ് മത്സരങ്ങളില്‍ നിന്നായി 11 പോയിന്റുകള്‍ നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാനാകൂ. നാളെ ബംഗ്ലാദേശുമായും ശനിയാഴ്ച ശ്രീലങ്കയുമായുമാണ് ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com