പിങ്ക് പന്തില്‍ ലൈനും ലെങ്തും മനസിലാകാതെ ഇന്ത്യന്‍ ബാറ്റിങ് നിര; തിളങ്ങിയത് പത്താമനായി എത്തിയ ബുമ്‌റ; അര്‍ധ സെഞ്ച്വറി

പിങ്ക് പന്തില്‍ ലൈനും ലെങ്തും മനസിലാകാതെ ഇന്ത്യന്‍ ബാറ്റിങ് നിര; തിളങ്ങിയത് പത്താമനായി എത്തിയ ബുമ്‌റ; അര്‍ധ സെഞ്ച്വറി
ജസ്പ്രിത് ബുമ്റ/ട്വിറ്റർ
ജസ്പ്രിത് ബുമ്റ/ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 194 റണ്‍സിന് പുറത്ത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ബാറ്റിങ് മറന്നപ്പോള്‍ ബൗളര്‍മാരായ ജസ്പ്രിത് ബുമ്‌റയും മുഹമ്മദ് സിറാജുമാണ് സ്‌കോര്‍ 150 കടത്തിയത്. 

57 പന്തില്‍ 55 റണ്‍സെടുത്ത ബുമ്‌റയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ് 22 റണ്‍സുമായി പിന്തുണ നല്‍കി. 123 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പത്താം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബുമ്‌റ- മുഹമ്മദ് സിറാജ് സഖ്യമാണ് 194ല്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിന് ഒരുക്കമെന്ന നിലയില്‍ പിങ്ക് പന്തില്‍ പകലും രാത്രിയുമായാണ് മത്സരം പുരോഗമിക്കുന്നത്.  

പിങ്ക് പന്തില്‍ ലൈനും ലെങ്തും തിരിച്ചറിയാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് സിഡ്‌നി സ്‌റ്റേഡിയത്തില്‍ കണ്ടത്. ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കേ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപണര്‍ മായങ്ക് അഗര്‍വാള്‍(രണ്ട്) ആബട്ടിന്റെ പന്തില്‍ ബേണ്‍സിന്റെ കൈകളില്‍ വിശ്രമിച്ചു. എന്നാല്‍ ടി20 ശൈലിയില്‍ തുടങ്ങിയ പൃഥ്വി ഷാ മുന്നേറി. എങ്കിലും 29 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം 40 റണ്‍സെടുത്ത് നില്‍ക്കേ വില്‍ സതര്‍ലന്‍ഡ് ബൗള്‍ഡാക്കി. 

പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു. 58 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ മാത്രമാണ് പിന്നീട് പിടിച്ചുനിന്നത്. ഒരറ്റത്ത് ഗില്‍ല നിന്നെങ്കിലും പിന്തുണയ്ക്കാന്‍ ആളുണ്ടായില്ല. 15 റണ്‍സെടുത്ത ഹനുമ വിഹാരിയെ വൈല്‍ഡര്‍മത് ബൗള്‍ഡാക്കി. നായകന്‍ അജിന്‍ക്യ രഹാനെ 10 പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത് വൈല്‍ഡര്‍മത്തിന്റെ തന്നെ പന്തില്‍ അലക്‌സ് കാരിയുടെ കൈകളില്‍ അവസാനിച്ചു. അഞ്ച് റണ്‍സ് മാത്രമെടുത്ത വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും വൈല്‍ഡര്‍മത് മടക്കി. വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി എന്നിവര്‍ പൂജ്യത്തില്‍ മടങ്ങി. നവ്ദീപ് സെയ്‌നി നാല് റണ്‍സുമായി ഔട്ടായി.

ഓസ്‌ട്രേലിയക്കായി സീന്‍ അബ്ബോട്ടും ജാക്ക് വൈല്‍ഡര്‍മത്തും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ഹാരി കോണ്‍വെ, സതര്‍ലന്‍ഡ്, കാമറോണ്‍ ഗ്രീന്‍, സ്വപ്‌സെന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com