പരിക്ക് വഷളാക്കരുത് എന്ന് ഗാംഗുലിയുടെ മുന്നറിയിപ്പ്; പിന്നാലെ കളിക്കാന്‍ ഇറങ്ങി രോഹിത്തിന്റെ മറുപടി 

പരിക്ക് വഷളാക്കരുത് എന്ന് ഗാംഗുലിയുടെ മുന്നറിയിപ്പ്; പിന്നാലെ കളിക്കാന്‍ ഇറങ്ങി രോഹിത്തിന്റെ മറുപടി 

ഹൈദരാബാദിന് എതിരെ ടോസിന് എത്തിയപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് രോഹിത് പറഞ്ഞത്

ഷാര്‍ജ: മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ ഹൈദരാബാദിന് എതിരെ കളിക്കാന്‍ ഇറങ്ങിയത് വിവാദത്തില്‍. പരിക്ക് വഷളാകുന്ന വിധത്തില്‍ നീക്കങ്ങള്‍ ഉണ്ടാവരുത് എന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ തന്നെ നിര്‍ദേശം തള്ളിയാണ് രോഹിത് മുംബൈക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത്. 

ഹൈദരാബാദിന് എതിരെ ടോസിന് എത്തിയപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നാണ് രോഹിത് പറഞ്ഞത്. ഇതോടെ രോഹിത് ഐപിഎല്‍ കളിക്കാന്‍ ഫിറ്റാവുകയും ഇന്ത്യക്ക് വേണ്ടി കളിക്കാനാവാത്ത പൊസിഷനില്‍ നില്‍ക്കുകയും ചെയ്യുന്നത് എങ്ങനെ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. 

മുംബൈക്ക് വേണ്ടി ബാറ്റിങ്ങിന് ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് രോഹിത്തിന്റെ പരിക്കിനെ കുറിച്ച് ഗാംഗുലി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രോഹിത്ത് പരിക്കിന്റെ പിടിയിലാണെന്നും, പരിക്ക് മൂര്‍ച്ചിക്കാതിരിക്കാന്‍ ശ്രദ്ധ ആവശ്യമാണെന്നും ഗാംഗുലി ചൂണ്ടിക്കാണിച്ചു. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് ഏത് ഘട്ടത്തിലാണോ അപ്പോള്‍ രോഹിത്തിന്റെ സെലക്ഷന്‍ സെലക്ടര്‍മാര്‍ വീണ്ടും പരിഗണിക്കുമെന്നും ഓസ്‌ട്രേലിയയിലേക്കുള്ള രോഹിത്തിന്റെ സാധ്യത തള്ളാതെ ഗാംഗുലി പറഞ്ഞു. 

പഞ്ചാബിന് എതിരായ മുംബൈയുടെ മത്സരം മുതല്‍ രോഹിത് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയതില്‍ താരത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ്‌ബോളില്‍ കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കിയതും ഇന്ത്യന്‍ ഓപ്പണറെ പ്രകോപിപ്പിച്ചതായാണ് സൂചന. 

പരിക്കിന്റെ പിടിയില്‍ നില്‍ക്കുമ്പോള്‍ പരിശീലന സമയത്ത് എങ്ങനെയാണോ ശരീരം പ്രതികരിക്കുന്നത് അതുപോലെ ആയിരിക്കില്ല മത്സര സമയത്ത്. സമ്മര്‍ദ ഘട്ടങ്ങളില്‍ മസിലുകള്‍ വ്യത്യസ്തമായി പെരുമാറിയേക്കാം എന്നും ഗാംഗുലി ചൂണ്ടിക്കാണിച്ചിരുന്നു. വലിയ പ്രാധാന്യം ഇല്ലാത്ത മത്സരം ആയിരുന്നിട്ടും രോഹിത്തിനെ കളിപ്പിച്ചത് വലിയ വിമര്‍ശനത്തിന് കാരണമാവുകയാണ്. കളിയില്‍ 7 പന്തില്‍ നിന്ന് 4 റണ്‍സ് നേടി രോഹിത് മടങ്ങുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com