8 ഓവറിനുള്ളില്‍ 4 വിക്കറ്റ് നഷ്ടമാവുന്നത് അംഗീകരിക്കാനാവില്ല; മുന്‍നിര ബാറ്റ്‌സ്മാന്മാരെ പഴിച്ച് മോര്‍ഗന്‍ 

'മുംബൈ ഇന്ത്യന്‍സ് വളരെ നന്നായി പന്തെറിഞ്ഞു. ടൂര്‍ണമെന്റില്‍ ഫോമില്‍ കളിക്കുന്ന ടീം എന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു'
8 ഓവറിനുള്ളില്‍ 4 വിക്കറ്റ് നഷ്ടമാവുന്നത് അംഗീകരിക്കാനാവില്ല; മുന്‍നിര ബാറ്റ്‌സ്മാന്മാരെ പഴിച്ച് മോര്‍ഗന്‍ 

അബുദാബി: മുംബൈ ഇന്ത്യന്‍സിന് എതിരായ തോല്‍വിയില്‍ മുന്‍നിര ബാറ്റ്‌സ്മാന്മാരെ പഴിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ഇയാന്‍ മോര്‍ഗന്‍. ആദ്യ എട്ട് ഓവറിനുള്ളില്‍ നാല് വിക്കറ്റുകളാണ് കൊല്‍ക്കത്തക്ക് നഷ്ടമായത്. 

ബാറ്റിങ്ങിലെ തുടക്കത്തില്‍ പിഴവുകള്‍ പറ്റി. മുംബൈ ഇന്ത്യന്‍സ് വളരെ നന്നായി പന്തെറിഞ്ഞു. ടൂര്‍ണമെന്റില്‍ ഫോമില്‍ കളിക്കുന്ന ടീം എന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഇവിടെ മെച്ചപ്പെടേണ്ട മറ്റൊരു മേഖലയാണ് നമുക്ക് മുന്‍പില്‍ തുറന്നിരിക്കുന്നത്. ടൂര്‍ണമെന്റില്‍ പകുതി ഘട്ടമാണ് പിന്നിട്ടത്. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ ഇതിലും നല്ല സമയമില്ലെന്നും മോര്‍ഗന്‍ ചൂണ്ടിക്കാണിച്ചു. 

'ബാറ്റിങ് ലൈനില്‍ ഞങ്ങള്‍ക്കുള്ള കരുത്തും, തീവ്രതയും, വ്യത്യസ്ത കഴിവുകളുമെല്ലാം മുന്‍പോട്ട് പോവുമ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കണം. പല പല എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ പല മാറ്റങ്ങളും ടീമിനുള്ളില്‍ വരുത്തേണ്ടി വരും. നായക സ്ഥാനം മാറിയിടത്ത് തന്നെ ഒരു മാറ്റം വന്നിട്ടുണ്ട്. ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനത്തിലെത്താന്‍ വളരെ അധികം ധൈര്യം കാര്‍ത്തിക്കില്‍ നിന്നുണ്ടായി.'

മുംബൈ ഇന്ത്യന്‍സിന്റേത് ടൂര്‍ണമെന്റിലെ ആറാം ജയമാണ്. പ്ലേഓഫ് കടക്കുമെന്ന് ഏറെ കുറെ മുംബൈ ഉറപ്പിച്ചെങ്കിലും പ്ലേഓഫിനുള്ള ഒരുക്കങ്ങള്‍ ടീം ആരംഭിച്ചിട്ടില്ലെന്ന് ഡികോക്ക് പറഞ്ഞു. ഓരോ ദിവസത്തേയും കളിയിലാണ് ടീം ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. സംഭവിക്കുന്നതിനെ എല്ലാം ലളിതമായി എടുക്കുകയാണ്. കാര്യങ്ങള്‍ വിനീതമായി ചെയ്ത് ഞങ്ങളുടെ കരുത്തിനൊത്ത് കളിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് നിയന്ത്രണവിധേയമായിട്ടുള്ളത് അതാണെന്നും ഡികോക്ക് പറഞ്ഞു. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 149 റണ്‍സ് ആണ് മുംബൈ ഇന്ത്യന്‍സിന് മുന്‍പില്‍ വെച്ചത്. എന്നാല്‍ മൂന്ന് ഓവര്‍ ശേഷിക്കെ, എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് മുംബൈ ജയം പിടിച്ചു. 44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ഡികോക്കിന്റെ ഇന്നിങ്‌സ് ആണ് മുംബൈ ജയം അനായാസമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com