'സഞ്ജു ഷോ', ചെന്നൈയെ വിറപ്പിച്ച് രാജസ്ഥാന് തകർപ്പൻ വിജയം 

16 റൺസിനാണ് രാജസ്ഥാൻ റോയൽസ് ജയം പിടിച്ചെടുത്തത്
'സഞ്ജു ഷോ', ചെന്നൈയെ വിറപ്പിച്ച് രാജസ്ഥാന് തകർപ്പൻ വിജയം 

ഷാർജ: ഐ.പി.എൽ 2020 -ലെ നാലാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരം രാജസ്ഥാൻ റോയൽസിന് ജയം. 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ ബാറ്റിങ് 200 റൺസിൽ അവസാനിച്ചു.  16 റൺസിനാണ് രാജസ്ഥാൻ റോയൽസ് ജയം പിടിച്ചെടുത്തത്. 

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് എഴ് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. ഐ.പി.എൽ 13-ാം സീസണിലെ ഏറ്റവും വലിയ സ്‌കോർ കണ്ടെത്തിയ മത്സരത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുരളി വിജയും ഷെയ്ൻ വാട്‌സണുമാണ് ചെന്നൈയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. മോശം പന്തുകൾ തേടിപ്പിടിച്ച് പ്രഹരിച്ച ഇരുവരും ആദ്യ വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്പിന്നർ തെവാട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ കളി രാജസ്ഥാന് അനുകൂലമായി. 

പിന്നാലെ വന്ന ഓൾറൗണ്ടർ സാം കറനും തെവാട്ടിയയ്ക്ക് മുന്നിൽ കീഴടങ്ങി. അരങ്ങേറ്റതാരം ഋതുരാജ് ഗെയ്ക്വാദ് ആദ്യ പന്തിൽ തന്നെ പുറത്തായി. കേദാർ ജാദവും ഫാഫ് ഡുപ്ലെസിയും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.  37 റൺസാണ് ഈ കൂട്ടുകെട്ടിൽ സ്കോർബോർഡിൽ ചേർത്തത്. ആറാമനായി ക്രീസിലെത്തിയത് ധോണി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 37 പന്തിൽ നിന്നും 72 റൺസെടുത്ത ഫാഫ് ഡു പ്ലെസിസ് മാത്രമാണ് ചെന്നൈ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടോം കറൻ എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി മൂന്നു സിക്‌സറുകൾ ധോണി നേടിയെങ്കിലും ജയം തൊട്ടില്ല. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് സഞ്ജു സാംസണിന്റെയും സ്മിത്തിന്റെയും വെടിക്കെട്ട് പ്രകടനമാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. സഞ്ജുവാണ് രാജസ്ഥാൻ നിരയിലെ ടോപ്‌സ്‌കോറർ. വെറും 19 പന്തിൽ അർധ സെഞ്ചുറി നേടിയ സഞ്ജു 32 പന്തിൽ 74 റൺസെടുത്താണ് പുറത്തായത്. ഒമ്പത് പടുകൂറ്റൻ സിക്‌സറുകളാണ് തരം പറത്തിയത്. ഐപിഎല്ലിലെ ആറാമത്തെ വേഗമേറിയ അർധ സെഞ്ചുറിയാണ് സഞ്ജു കുറിച്ചത്.  47 പന്തിൽ നിന്നാണ് സ്മിത്തിന്റെ അർധ സെഞ്ചുറി നേട്ടം.

അവസാന ഓവറിൽ ജോഫ്ര ആർച്ചറിന്റെ മിന്നൽപ്രകടനമാണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്. എൻഗിഡിയെ തുടർച്ചയായ മൂന്നു പന്തുകൾ സിക്സർ പറത്തിയ ആർച്ചർ 30 റൺസാണ് ആ ഓവറിൽ അടിച്ചുകൂട്ടിയത്. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. രണ്ടുകളികളിൽ നിന്നും ഒരു ജയവും ഒരു തോൽവിയുമായി ചെന്നൈ സൂപ്പർ കിങ്‌സ് പട്ടികയിൽ മൂന്നാമതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com