'രോഹിത് ശര്‍മയുമായി പ്രശ്‌നങ്ങളില്ല, ഏകദിനത്തിലും ടി20യിലും 100 ശതമാനം പിന്തുണയ്ക്കും'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 02:56 PM  |  

Last Updated: 15th December 2021 02:56 PM  |   A+A-   |  

Virat_Kohli_Rohit_Sharma_PTI

ഫയല്‍ ചിത്രം

 

മുംബൈ: രോഹിത് ശര്‍മയുമായി പ്രശ്‌നങ്ങളുണ്ടെന്ന നിലയിലെ റിപ്പോര്‍ട്ടുകള്‍ തള്ളി വിരാട് കോഹ്‌ലി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് താന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു. 

ഞാനും രോഹിത് ശര്‍മയും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഇത് വിശദീകരിക്കുകയാണ്. ഇപ്പോള്‍ എനിക്ക് മതിയായി. ടീമിന് ദോഷമാകുന്ന ഒരു നീക്കമോ തീരുമാനമോ എന്നില്‍ നിന്ന് ഉണ്ടാവില്ലെന്നും കോഹ് ലി വ്യക്തമാക്കുന്നു. 

ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. കഴിവുള്ള ക്യാപ്റ്റനാണ് രോഹിത്. സാങ്കേതികമായി വളരെ കരുത്തനുമാണ്. രാഹുല്‍ ദ്രാവിഡിനും രോഹിത്തിനും എന്റെ 100 ശതമാനം പിന്തുണയും ഏകദിനത്തിലും ടി20യിലും ഉണ്ടാവും എന്നും മുംബൈയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ കോഹ് ലി പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് പിന്മാറിയതിന് പിന്നാലെ കോഹ് ലി ഏകദിനം കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് രോഹിത്-കോഹ് ലി തര്‍ക്കം എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി പോകുന്നതിന് മുന്‍പായിരുന്നു കോഹ് ലിയുടെ വാര്‍ത്താ സമ്മേളനം. രോഹിത്തുമായി പ്രശ്‌നം ഇല്ല എന്നതിനൊപ്പം സൗത്ത് ആഫ്രിക്കയില്‍ ഏകദിന പരമ്പര കളിക്കും എന്നും കോഹ് ലി പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് നുണകളാണെന്നും കോഹ് ലി പറഞ്ഞു.