'ഗാംഗുലിയാണ് ഉത്തരം നല്‍കേണ്ടത്'; കോഹ്‌ലിയുടെ പ്രതികരണത്തില്‍ സുനില്‍ ഗാവസ്‌കര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2021 11:22 AM  |  

Last Updated: 16th December 2021 11:22 AM  |   A+A-   |  

kohli_gavaskar

കോഹ്‌ലി, സുനില്‍ ഗാവസ്‌കര്‍/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഏകദിന നായക സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് വേണ്ട രീതിയില്‍ ആശയ വിനിമയം നടന്നില്ലെന്ന കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍ സൃഷ്ടിച്ച അലയൊലിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. വിഷയത്തില്‍ സൗരവ് ഗാംഗുലിയുടെ പ്രതികരണം ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 

ഗാംഗുലിയുടേയും കോഹ്‌ലിയുടേയും വാക്കുകളിലെ ചേര്‍ച്ചക്കുറവ് സംബന്ധിച്ച് ഗാംഗുലി തന്നെ മറുപടി പറയണം എന്നാണ് ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നത്. ആ പ്രതികരണത്തിലൂടെ ബിസിസിഐയെ ചിത്രത്തിലേക്ക് കൊണ്ടുവരികയല്ല കോഹ്‌ലി ചെയ്തത്. ഗാംഗുലിയാണ് ബിസിസിഐ പ്രസിഡന്റ്. പരാമര്‍ശങ്ങളിലെ വൈരുദ്ധ്യത്തെ കുറിച്ച് മറുപടി പറയാന്‍ ഉചിതം ഗാംഗുലി തന്നെയാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

എന്തുകൊണ്ട് ഇവരെ തെരഞ്ഞെടുത്തു, എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല എന്ന് വ്യക്തമാക്കണം

ആശയവിനിമയം ശരിയായി നടക്കണം. അങ്ങനെ വരുമ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് സ്ഥാനം ഉണ്ടാവില്ല. ഇപ്പോള്‍ മുതല്‍ വ്യക്തമായ ആശയവിനിമയം നടക്കണം. സെലക്ഷന്‍ കമ്മറ്റി തലവന്‍ മുന്‍പോട്ട് വന്ന് എന്തുകൊണ്ട് ഇവരെ തെരഞ്ഞെടുത്തു, എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല എന്ന് വ്യക്തമാക്കണം. 

കാര്യങ്ങള്‍ വ്യക്തമാക്കി ഒരു പ്രസ് റിലീസ് തന്നെ മതിയാവും. എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്ന ഒരു പ്രസ് റിലീസ് കാര്യങ്ങള്‍ വളരെ എളുപ്പമാക്കും എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് തന്നെ ഏകദിന നായക സ്ഥാനത്ത് നിന്ന് മാറ്റുന്നതായി ചീഫ് സെലക്ടര്‍ അറിയിച്ചതെന്ന് കോഹ് ലി വെളിപ്പെടുത്തിയിരുന്നു. 

കോഹ് ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ വിദത്തില്‍ വലിയ വിമര്‍ശനം ഉയരുകയാണ്. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കരുത് എന്ന് കോഹ് ലിയോട് ആവശ്യപ്പെട്ടതായി ഗാംഗുലി പറഞ്ഞു. എന്നാല്‍ രാജിവെക്കരുത് എന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നാണ് കോഹ് ലി വ്യക്തമാക്കിയത്.