ഡല്‍ഹിയോ ചെന്നൈയോ അതോ പുതിയ ടീമോ? ഫ്രാഞ്ചൈസി ഉടമകളോട് അശ്വിന്‍ പറയുന്നത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th December 2021 12:08 PM |
Last Updated: 18th December 2021 12:08 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മടങ്ങാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ആര്‍ അശ്വിന്‍. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നും അശ്വിന്‍ പറഞ്ഞു.
സ്‌കൂള്‍ പോലെയാണ് സിഎസ്‌കെ എനിക്ക്. എല്‍കെജിയും യുകെജിയും പ്രൈമറി സ്‌കൂളും ഹൈസ്‌കൂളും ബോര്‍ഡ് എക്‌സാമും എല്ലാം ചെയ്തത് ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ്. പിന്നെ മറ്റൊരു സ്‌കൂളിലേക്ക് പോയി. പ്ലസ് വണ്ണും പ്ലസ് ടുവും പുറത്ത് പഠിച്ചു. എല്ലാം കഴിഞ്ഞതിന് ശേഷം തിരിച്ച് വീട്ടിലേക്ക് അല്ലേ വരേണ്ടത്? അശ്വിന്‍ പറയുന്നു.
എന്നാല്‍ വീട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചാലും ലേലത്തില്‍ സംഭവിക്കുന്നത് പോലെ ഇരിക്കും. 10 ടീമുകളുണ്ട്. 10 വ്യത്യസ്ത തന്ത്രങ്ങളുമായാണ് ഇവര്‍ വരുന്നത്. ഇവരെല്ലാം വ്യത്യസ്തമായിട്ടാവും ചിന്തിക്കുന്നത്. ലേലത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.
ഞാന്‍ എന്റെ ജീവന്‍ മുഴുവന്‍ നല്‍കും
പ്രൊഫഷണല്‍ കളിക്കാരന്‍ എന്ന നിലയില്‍ എവിടെ പോയാലും ചിന്താഗതി വളരെ ലളിതമായിരിക്കും. എന്നെ വിശ്വസിക്കുന്ന, എന്റെ സേവനത്തിനായി ഇത്രയും പണം നല്‍കുന്ന ഫ്രാഞ്ചൈസിക്ക് വേണ്ടി ഞാന്‍ എന്റെ ജീവന്‍ മുഴുവന്‍ നല്‍കും. അവരെ നിരാശപ്പെടുത്തില്ല, അശ്വിന്‍ പറഞ്ഞു.
ഐപിഎല്‍ താര ലേലം ജനുവരിയില്‍ നടക്കുമെന്നാണ് സൂചന. 2009 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് അശ്വിന്‍. സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചാണ് അശ്വിന്‍ തുടങ്ങിയത്. പിന്നാലെ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായി. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് അശ്വിന്‍ ഇറങ്ങിയത്.