2018ല്‍ വിരമിക്കാന്‍ ആലോചിച്ചു, ഒരിടത്ത് നിന്നും പിന്തുണ ലഭിച്ചില്ല: ആര്‍ അശ്വിന്‍

2018ല്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നതായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍
അശ്വിൻ/ ട്വിറ്റർ
അശ്വിൻ/ ട്വിറ്റർ

സെഞ്ചൂറിയന്‍: 2018ല്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നതായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. പരിക്കേറ്റ തന്നോട് വേണ്ടത്ര പരിഗണന നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ചിന്തയിലേക്ക് എത്തിയത് എന്നും അശ്വിന്‍ പറയുന്നു. 

2018ലെ ഇംഗ്ലണ്ടിന് എതിരായ പരമ്പരക്ക് ശേഷമായിരുന്നു ഇത്. വിരമിക്കാം എന്ന തീരുമാനത്തിലേക്ക് അന്ന് എത്താന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായി. ഒരുപാട് പേര്‍ക്ക് പിന്തുണ ലഭിക്കുന്നു. എന്തുകൊണ്ട് എനിക്കില്ല? ഞാനും ഒട്ടും മോശമായല്ല കളിച്ചത്. ടീമിന് വേണ്ടി ഒരുപാട് കളികള്‍ ഞാനും ജയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് വേണ്ട പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല, അശ്വിന്‍ വെളിപ്പെടുത്തുന്നു. 

2018നും 2020നും ഇടയില്‍ ഞാന്‍ ഒരുപാട് പ്രയത്‌നിച്ചു

2018നും 2020നും ഇടയില്‍ ഞാന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടും വേണ്ട ഫലം ലഭിക്കുന്നതായി എനിക്ക് തോന്നിയില്ല. എത്രമാത്രം ഞാന്‍ ശ്രമിക്കുന്നുവോ ഫലം അതിലും അകലെയായി തോന്നി. ആറ് പന്ത് എറിഞ്ഞതിന് ശേഷം ഞാന്‍ നീണ്ട ശ്വാസം എടുക്കും. എല്ലായിടത്തും വേദനയായിരുന്നു. 

സാധാരണ സഹായത്തിനായി നോക്കാത്ത വ്യക്തിയാണ് ഞാന്‍. മികവ് കാണിക്കാനാവാതെ വന്നതോടെ ഒരു പിന്തുണ വേണം എന്ന് എനിക്ക് തോന്നി. എന്നാലത് ഉണ്ടായില്ല. മറ്റെന്തെങ്കിലും പരീക്ഷിച്ച് അതില്‍ മികവ് കാണിക്കാം എന്ന ചിന്തയിലേക്കെല്ലാം ഞാന്‍ എത്തി, അശ്വിന്‍ പറയുന്നു. 

ടെസ്റ്റില്‍ അശ്വിന്‍ ഇതുവരെ 427 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. അനില്‍ കുംബ്ലേയ്ക്കും കപില്‍ ദേവിനും ശേഷം റെഡ് ബോളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കളിക്കാരനാണ് അശ്വിന്‍. ബാറ്റുകൊണ്ടും ഇന്ത്യക്ക് നിര്‍ണായക നേട്ടങ്ങള്‍ അശ്വിന്‍ നേടിത്തന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com