6 മാസത്തോളം സ്മിത്തായിരുന്നു ചിന്തകളില്‍, ഒരു പന്ത് പോലും കാണാതെ വിട്ടിട്ടില്ല: ആര്‍ അശ്വിന്‍

ഇവര്‍ നേരിട്ട ഒരു ഡെലിവറി പോലും കാണാതെ വിട്ടിട്ടില്ലെന്നാണ് അശ്വിന്‍ പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് ആറ് മാസത്തോളം സ്റ്റീവ് സ്മിത്തിനേയും ലാബുഷെയ്‌നിനേയും താന്‍ നിരീക്ഷിച്ചിരുന്നതായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇവര്‍ നേരിട്ട ഒരു ഡെലിവറി പോലും കാണാതെ വിട്ടിട്ടില്ലെന്നാണ് അശ്വിന്‍ പറയുന്നത്. 

രണ്ടോ മൂന്നോ ആഴ്ച അല്ല. ആറ് മാസത്തോളമാണ് സ്റ്റീവ് സ്മിത്തിനെ ഞാന്‍ വിടാതെ പിന്തുടര്‍ന്നത്. മത്സരങ്ങളുടെ ഫൂട്ടേജും പല മത്സരങ്ങളും കണ്ടിരുന്നു. ഇന്ത്യക്ക് മുന്‍പ് ന്യൂസിലാന്‍ഡിന് എതിരെയാണ് അവര്‍ കളിച്ചത്. ഓരോ ദിവസത്തേയും കളി ഞാന്‍ നിരീക്ഷിച്ചു. വില്‍ സോമര്‍വില്ലേയ്ക്ക് എതിരെ എത്ര റണ്‍സ് ആണ് ലാബുഷെയ്ന്‍ സ്‌കോര്‍ ചെയ്തത്? ഏത് പന്തിലാണ് ഷോട്ട് കളിച്ചത് എന്നെല്ലാം ഞാന്‍ എന്റെ ആപ്പില്‍ നോക്കിക്കൊണ്ടിരുന്നു, അശ്വിന്‍ വെളിപ്പെടുത്തുന്നു. 

ലോങ് ഓണിലൂടെ ഓഫ് സ്പിന്നിന് എതിരെ ലാബുഷെയ്‌നിന്റെ കളി വിരളം

സ്പിന്നര്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയയില്‍ കൃത്യത അത്യാവശ്യമാണ്. എപ്പോഴൊക്കെ ലാബുഷെയ്ന്‍ ക്രീസിന് പുറത്തേക്ക് വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഓഫ് സ്പിന്നറെ കൗ കോര്‍ണറിലൂടേയോ മിഡ് ഓഫിലൂടെയോ പറത്തിയിട്ടുണ്ട്. എന്നാല്‍ ലോങ് ഓണിലൂടെ വിരളമാണ്. ഫഌറ്റ് സ്വീപ് ലാബുഷെയ്ന്‍ കളിക്കാറില്ല. ലാപ് സ്വീപ്പാണ് കളിക്കുക. 

കളിയുടെ വീഡിയോകള്‍ ഒന്നും കാണാതെ ഇത്തരണം വിവരങ്ങളൊന്നും നമുക്ക് ലഭിക്കില്ല. സ്മിത്തിന്റെ ബാറ്റിങ്ങില്‍ കയ്യുടെ ചലനമാണ് പ്രധാനം. അതിനെ അസ്വസ്ഥപ്പെടുത്തുക എന്നതായിരുന്നു തന്ത്രം. സ്മിത്തിനെതിരെ വ്യത്യസ്ത വേഗതയിലും വ്യത്യസ്ത റണ്‍ അപ്പുകളോടെയുമാണ് ഞാന്‍ നേരിട്ടത്, അശ്വിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com