'കുല്‍ദീപ് നമ്പര്‍ 1 എന്ന് പറഞ്ഞത് അശ്വിനെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ സന്തുഷ്ടനാണ്'; വിശദീകരണവുമായി രവി ശാസ്ത്രി

ആ വാക്കുകള്‍ അശ്വിനെ വേദനിപ്പിച്ചു എങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നാണ് രവി ശാസ്ത്രി ഇപ്പോള്‍ പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: കുല്‍ദീപ് യാദവ് ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്‍ ഓപ്ഷന്‍ എന്ന രവി ശാസ്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചതായി ആര്‍ അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു. ആ വാക്കുകള്‍ അശ്വിനെ വേദനിപ്പിച്ചു എങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നാണ് രവി ശാസ്ത്രി ഇപ്പോള്‍ പറയുന്നത്. 

കുല്‍ദീപിനെ കുറിച്ചുള്ള എന്റെ വാക്കുകള്‍ അശ്വിനെ വേദനിപ്പിച്ചെങ്കില്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ആ വാക്കുകളാണ് അശ്വിനെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിച്ചത്, രവി ശാസ്ത്രി പറഞ്ഞു. 

2019ലെ സിഡ്‌നി ടെസ്റ്റിലാണ് അശ്വിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ടീം തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച കുല്‍ദീപ് ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് വീഴ്ത്തി. 

എല്ലാവരേയും പ്രീതിപ്പെടുത്തുക എന്നതല്ല എന്റെ ജോലി

സിഡ്‌നിയില്‍ അശ്വിന്‍ കളിച്ചില്ല. കുല്‍ദീപ് നന്നായി പന്തെറിയുകയും ചെയ്തു. അപ്പോള്‍ കുല്‍ദീപിന് ഞാന്‍ അവസരം നല്‍കിയതില്‍ തെറ്റില്ല. എല്ലാവരേയും പ്രീതിപ്പെടുത്തുക എന്നതല്ല എന്റെ ജോലി. അജണ്ടകളില്ലാതെ വസ്തുതകള്‍ പറയുക എന്നതാണ് എന്റെ ജോലി. പരിശീലകന്‍ നിങ്ങളെ വെല്ലുവിളിച്ചാല്‍ എന്ത് ചെയ്യും? വീട്ടില്‍ പോയി കരഞ്ഞ് തിരിച്ചു വരാതിരിക്കുമോ...കളിക്കാരനെന്ന നിലയില്‍ ആണെങ്കില്‍ ഞാന്‍ അതൊരു വെല്ലുവിളിയായി എടുക്കും, കോച്ച് തെറ്റാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുമെന്നും ശാസ്ത്രി പറഞ്ഞു. 

സിഡ്‌നി ടെസ്റ്റിന് ശേഷം റെഡ് ബോളില്‍ മികവ് കാണിക്കാന്‍ കുല്‍ദീപിന് കഴിഞ്ഞില്ല. അശ്വിന്‍  ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന്റെ നേതൃത്വത്തിലേക്ക് എത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com