ലണ്ടൻ: ജനുവരി ട്രാൻസ്ഫർ ജാലകം തുറക്കാനിരിക്കെ ബാഴ്സലോണയിൽ നിന്ന് ബ്രസീൽ മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ. ബാഴ്സലോണയ്ക്കൊപ്പം മികച്ച പ്രകടനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ താരത്തിനും താത്പര്യമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
താരത്തെ ആഴ്‌സണലിൽ എത്തിക്കാൻ പരിശീലകൻ ആർടേറ്റയ്ക്ക് താത്പര്യമുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ നായകനും മുന്നേറ്റ താരവുമായി ഔബമേയങിന്റെ ടീമിലെ ഭാവി തുലാസിൽ നിൽക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ് കുട്ടീഞ്ഞോയിൽ ആർടേറ്റ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ഈ സീസണിൽ ഫോം തിരിച്ചു പിടിച്ച ആഴ്‌സണൽ നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി 12 പോയിന്റ് പിന്നിലാണെങ്കിലും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്തി ഇപ്പോഴത്തെ നില കൂടുതൽ ഭദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആഴ്‌സണൽ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു കാലത്ത് തരംഗം സൃഷ്‌ടിച്ച താരമായിരുന്നു കുട്ടീഞ്ഞോ. ലിവർപൂളിനോപ്പം തകർപ്പൻ പ്രകടനം നടത്തിയതിനു ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറിയ താരത്തിന് ലീഗിലുള്ള പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നാണ് ആർടേറ്റ വിശ്വസിക്കുന്നത്.
ജനുവരിയിൽ താരത്തെ സ്ഥിരം ട്രാൻസ്‌ഫറിൽ ഒഴിവാക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നതെങ്കിലും ചിലപ്പോൾ അത് ലോൺ കരാറായി മാറാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ബാഴ്സലോണ പരിശീലകൻ ഷാവിയുടെ പദ്ധതികളിൽ ബ്രസീലിയൻ താരത്തിന് ഇടമില്ലെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് കുട്ടീഞ്ഞോ സ്പെയിനിൽ നിന്ന് വീണ്ടും ഇംഗ്ലണ്ടിലേക്ക് എത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates