സൗരവ് ഗാംഗുലി ആശുപത്രി വിട്ടു, ഇനി ഹോം ഐസൊലേഷനില്‍

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഗാംഗുലിയെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഗാംഗുലിയെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രിയില്‍ നിന്ന് വിട്ടിലേക്ക് വരുന്ന ഗാംഗുലി ഐസൊലേഷനില്‍ തുടരും. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോവിഡ് പോസിറ്റീവായ ഗാംഗുലിയെ ആന്റിബോഡി കോക്ടെയ്ല്‍ തെറാപ്പി ചികിത്സയാണ് നല്‍കിയത് എന്ന് ആശുപത്രി വ്യക്തമാക്കിയിരുന്നു. 

രണ്ടാഴ്ച ഹോം ക്വാറന്റൈനില്‍ കഴിയും

അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ശരീരത്തിലെ രക്ത ചംക്രമണവും ശരിയായ നിലയിലാണ് നടക്കുന്നത് എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ഗാംഗുലിയെ ചികിത്സിച്ചിരുന്നത്. 

ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. ഹോം ഐസൊലേഷനിലാണെങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാവും ഗാംഗുലി. ഒമൈക്രോണ്‍ വകഭേദം അല്ല ഗാംഗുലിയെ ബാധിച്ചത്. രണ്ടാഴ്ചത്തെ ഹോം ഐസൊലേഷന് ശേഷം അദ്ദേഹത്തിന് വേണ്ട തുടര്‍ ചികിത്സയെ കുറിച്ച് തീരുമാനിക്കും എന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

രണ്ടാമതും കോവിഡ് പോസിറ്റീവായതോടെ മുന്‍കരുതലിന്റെ ഭാഗമായാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം ആദ്യം ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com