'വമ്പന്‍ താരങ്ങള്‍ മോശമായി കളിച്ചാല്‍ ബിസിസിഐ ഇടപെടണം'; യുവ താരങ്ങള്‍ക്കായി വാദിച്ച് കപില്‍ ദേവ്‌

വമ്പന്‍ താരങ്ങള്‍ ഈ വിധം മോശം ക്രിക്കറ്റാണ് കളിക്കുന്നത് എങ്കില്‍ ബിസിസിഐ ഇടപെടല്‍ വരേണ്ടതുണ്ടെന്ന് മുന്‍ താരം കപില്‍ ദേവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വമ്പന്‍ താരങ്ങള്‍ ഈ വിധം മോശം ക്രിക്കറ്റാണ് കളിക്കുന്നത് എങ്കില്‍ ബിസിസിഐ ഇടപെടല്‍ വരേണ്ടതുണ്ടെന്ന് മുന്‍ താരം കപില്‍ ദേവ്. മറ്റ് ടീമുകളുടെ മത്സര ഫലത്തിന്റെ അടിസ്ഥാനത്തില്‍ സെമിയിലേക്ക് കടക്കാനാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

ലോകകപ്പ് ജയിക്കണമെങ്കില്‍, സെമിയിലേക്ക് കടക്കണം എങ്കില്‍ അത് നിങ്ങളുടെ കരുത്തുപയോഗിച്ച് വേണം. മറ്റ് ടീമുകളെ ആശ്രയിക്കുക അല്ല വേണ്ടത്. വമ്പന്‍ താരങ്ങളുടെ ഭാവി സംബന്ധിച്ച് സെലക്ടര്‍മാര്‍ തീരുമാനം എടുക്കണം എന്നും കപില്‍ ദേവ് പ്രതികരിച്ചു. 

ഐപിഎല്ലിലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം

ഐപിഎല്ലില്‍ മികവ് കാണിക്കുന്ന യുവ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമായോ എന്ന് സെലക്ടര്‍മാര്‍ ആലോചിക്കണം. എങ്ങനെയാണ് അടുത്ത തലമുറയെ മെച്ചപ്പൈടുത്തുക. അവര്‍ തോറ്റാലും പ്രശ്‌നമാകുന്നില്ല. കാരണം അവിടെ അവര്‍ അനുഭവസമ്പത്ത് നേടുന്നു. എന്നാല്‍ വമ്പന്‍ താരങ്ങള്‍ ഇപ്പോള്‍ നന്നായി കളിക്കുന്നില്ലെങ്കില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരും. കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ബിസിസിഐ ഇടപെടല്‍ വരണം, കപില്‍ ദേവ് പറഞ്ഞു. 

തുടരെയുള്ള ബയോ ബബിളിലെ ജീവിതം മടുപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ താരങ്ങളില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് കൂടി ചൂണ്ടിയാണ് ഇന്ത്യക്ക് പുത്തനുണര്‍വ് നല്‍കുന്നതിനായി യുവ താരങ്ങളെ കൊണ്ടുവരണം എന്ന് കപില്‍ ദേവ് പറയുന്നത്. ട്വന്റി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് ശേഷം കോഹ് ലി നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ചും കപില്‍ ദേവ് എത്തിയിരുന്നു. 

ബാറ്റിങ്ങിലും ബൗളിങ്ങിലും വേണ്ടത്ര ധൈര്യം കാണിച്ചില്ലെന്നാണ് കോഹ് ലി മത്സര ശേഷം പറഞ്ഞത്. ഒരു ക്യാപ്റ്റന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഇത് എന്നാണ് കപില്‍ ദേവ് പ്രതികരിച്ചത്. ഇന്ത്യയുടെ ആറ്റിറ്റിയൂഡ് തന്നെ ഇതില്‍ നിന്ന് വ്യക്തമാവുന്നതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com