ഇന്ത്യന്‍ പേമാരിയില്‍ ഒലിച്ചുപോയി സ്കോട്‌ലന്‍ഡ്; 6.3 ഓവറില്‍ 85 റണ്‍സ്‌ മറികടന്നു; സെമി പ്രതീക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 09:48 PM  |  

Last Updated: 05th November 2021 09:53 PM  |   A+A-   |  

kl_rahul

സ്‌കോടലന്‍ഡിനെതിരെ ബാറ്റ് ചെയ്യുന്ന കെഎല്‍ രാഹുല്‍

 

ദുബായ്: റണ്‍ റേറ്റില്‍ അഫ്ഗാനെ മറികടന്ന് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി സ്‌കോട്‌ലന്‍ഡിനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ. സ്‌കോട് ലന്‍ഡ് ഉയര്‍ത്തിയ 85 റണ്‍സ്  ഇന്ത്യ 6. 3ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍
മറികടന്നു. ഓപ്പണ്‍ര്‍മാരായ രോഹിതും കെആല്‍ രാഹുലിന്റെയും തകര്‍പ്പനടികളാണ് ഇന്ത്യയ്ക്ക് വിജയം എളുപ്പമാക്കിയത്. കെഎല്‍ രാഹുലാണ് ടോപ്‌സ്‌കോറര്‍. രാഹുല്‍ 19 ബോളില്‍ അര്‍ധസെഞ്ച്വുറി നേടി.16 പന്തില്‍ നിന്ന് രോഹിത് 40 റണ്‍സ് നേടി.

ഇന്നത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് മറികടന്ന് മുന്നില്‍ക്കയറാന്‍ ഇന്ത്യയ്ക്ക് കുറഞ്ഞത് 7.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കണമായിരുന്നു. ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ 8.5 ഓവറിലും വിജയലക്ഷ്യം മറികടക്കണമായിരുന്നു. ഇന്നത്തെ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി.

ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് സ്‌കോട്ടലന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍.

സ്‌കോട്‌ലന്‍ഡ് ബോളര്‍മാരെ ക്രീസില്‍ നിര്‍ത്തിപ്പൊരിച്ച ജസ്പ്രീത് ബുമ്ര 3.4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യന്‍ ബോളര്‍മാരില്‍ ശരാശരി ആറു റണ്‍സിനു മുകളില്‍ റണ്‍സ് വഴങ്ങിയ ഏക ബോളറും അശ്വിന്‍ തന്നെ.

ജോര്‍ജ് മുന്‍സിക്കു പുറമേ സ്‌കോട്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത് മൂന്നു പേര്‍ മാത്രം. 28 പന്തില്‍ 16 റണ്‍സെടുത്ത കല്ലം മക്‌ലിയോദ്, 12 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സെടുത്ത മൈക്കല്‍ ലീസ്‌ക്, 13 പന്തില്‍ രണ്ടു ഫോറുകളോടെ 14 റണ്‍സെടുത്ത മാര്‍ക്ക് വാട്ട് എന്നിവരാണ് രണ്ടക്കം കണ്ടത്.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണ് സ്‌കോട്‌ലന്‍ഡിന്റേത്. 2012 ലോകകപ്പില്‍ കൊളംബോയില്‍ വെറും 80 റണ്‍സിനു പുറത്തായ ഇംഗ്ലണ്ടിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്‌കോറിന്റെ നാണക്കേട്. 2014 ലോകകപ്പില്‍ മിര്‍പുരില്‍ 86 റണ്‍സിനു പുറത്തായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തായി.