ഡേവിഡ് വാര്‍ണര്‍ 'തകര്‍ത്താടി', 56 പന്തില്‍ 89 റണ്‍സ്; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയയ്ക്ക് അനായാസ വിജയം 

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അനായാസ വിജയം നേടി ഓസ്‌ട്രേലിയ
ഡേവിഡ് വാര്‍ണര്‍, IMAGE CREDIT: T20 World Cup
ഡേവിഡ് വാര്‍ണര്‍, IMAGE CREDIT: T20 World Cup

ദുബൈ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അനായാസ വിജയം നേടി ഓസ്‌ട്രേലിയ. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം നാല് ഓവര്‍ ബാക്കിനില്‍ക്കേ രണ്ടുവിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ മറികടന്നത്. പുറത്താകാതെ നിന്ന് 89 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച വിജയം നേടി കൊടുത്തത്. അരശതകം തികച്ച മിച്ചല്‍ മാര്‍ഷ് ഡേവിഡ് വാര്‍ണറിന് മികച്ച പിന്തുണ നല്‍കി. ഒന്‍പത് റണ്‍സ് മാത്രം നേടി പുറത്തായ ക്യാപ്റ്റന്‍ ആരോണ്‍ ഫിച്ച് നിരാശപ്പെടുത്തി. 

ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.44 റണ്‍സടിച്ച നായകന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.  എവിന്‍ ലൂയിസും ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ഭേദപ്പെട്ട റണ്‍സ് നേടിയ മറ്റു രണ്ടു താരങ്ങള്‍. എവിന്‍ ലൂയിസ് 29ഉം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 27 ഉം റണ്‍സുമാണ് നേടിയത്. 

ഡേവിഡ് വാര്‍ണര്‍ 'തകര്‍ത്താടി'

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ക്രിസ് ഗെയ്‌ലും എവിന്‍ ലൂയിസുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് ഗെയ്ല്‍ ഫോമിലേക്കുയരുമെന്ന് തോന്നിച്ചെങ്കിലും 15 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. ഗെയ്‌ലിന് പകരം ക്രീസിലെത്തിയ നിക്കോളാസ് പൂരാനും പിടിച്ചുനില്‍ക്കാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത പൂരാനെ ജോഷ് ഹെയ്‌സല്‍വുഡ് മിച്ചല്‍ മാര്‍ഷിന്റെ കൈയ്യിലെത്തിച്ചു.  

പൂരന് പകരം ക്രീസിലെത്തിയ റോസ്റ്റണ്‍ ചേസിനെ നിലയുറപ്പിക്കും മുന്‍പ് ഹെയ്‌സല്‍വുഡ് പുറത്താക്കി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട് റണ്‍സൊന്നുമെടുക്കാതിരുന്ന ചേസിനെ ഹെയ്‌സല്‍വുഡ് ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ വിന്‍ഡീസ് 30 ന് പൂജ്യം വിക്കറ്റ് എന്ന നിലയില്‍ നിന്ന് 35ന് മൂന്ന് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. 

പിന്നീട് ക്രീസിലൊന്നിച്ച ഷിംറോണ്‍ ഹെറ്റ്‌മെയറും എവിന്‍ ലൂയിസും ചേര്‍ന്ന് വിന്‍ഡീസിനെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്പിന്നര്‍ ആദം സാംപയെ കൊണ്ടുവന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഈ കൂട്ടുകെട്ട് പൊളിച്ചു. 29 റണ്‍സെടുത്ത എവിന്‍ ലൂയിസിനെ സാംപ സ്റ്റീവ് സ്മിത്തിന്റെ കൈയ്യിലെത്തിച്ചു. 

ലൂയിസിന് പകരമായി ക്രീസിലെത്തിയ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ കൂട്ടുപിടിച്ച് ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 27 റണ്‍സ് മാത്രമെടുത്ത താരത്തെ ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ വിന്‍ഡീസ് 91 ന് അഞ്ച് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. 

ശേഷം ക്രീസിലൊന്നിച്ച പൊള്ളാര്‍ഡ്‌ഡ്വെയ്ന്‍ ബ്രാവോ സഖ്യം ടീം സ്‌കോര്‍ 100 കടത്തി. 15.1 ഓവറിലാണ് വിന്‍ഡീസ് 100 റണ്‍സിലെത്തിയത്. ബ്രാവോയും പൊള്ളാര്‍ഡും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ടീം സ്‌കോര്‍ പതിയെ ഉയര്‍ന്നു. എന്നാല്‍ സ്‌കോര്‍ 126ല്‍ നില്‍ക്കേ 10 റണ്‍സെടുത്ത ബ്രാവോയെ മടക്കി ഹെയ്‌സല്‍വുഡ് വീണ്ടും വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ബ്രാവോയുടെ ഷോട്ട് ഡേവിഡ് വാര്‍ണര്‍ കൈയ്യിലൊതുക്കി. ബ്രാവോയുടെ വിരമിക്കല്‍ മത്സരം കൂടിയായിരുന്നു ഇത്. അവസാന ഇന്നിങ്‌സില്‍ 12 പന്തുകളില്‍ നിന്ന് 10 റണ്‍സെടുത്ത് ബ്രാവോ മടങ്ങി. ടീം അംഗങ്ങളെല്ലാവരും ബ്രാവോയ്ക്ക് ആശംസകള്‍ നേര്‍ന്നു. 

ബ്രാവോ മടങ്ങിയെങ്കിലും മറുവശത്ത് തകര്‍ത്തടിച്ച പൊള്ളാര്‍ഡ് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ആന്ദ്രെ റസ്സലാണ് ബ്രാവോയ്ക്ക് പകരം ക്രീസിലെത്തിയത്. ടീം സ്‌കോര്‍ 143ല്‍ നില്‍ക്കേ അവസാന ഓവറില്‍ പൊള്ളാര്‍ഡിനെ  ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ കൈയ്യിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് വിന്‍ഡീസിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി. 31 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്താണ് പൊളളാര്‍ഡ് മടങ്ങിയത്. ഓവറിലെ അവസാന രണ്ടുപന്തുകളിലും സിക്‌സ് നേടിക്കൊണ്ട് റസ്സല്‍ ടീം സ്‌കോര്‍ 157ല്‍ എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com