രവി ശാസ്ത്രി അഹമ്മദാബാദിന്റെ പരിശീലകനായേക്കും, ഭരത് അരുണും ആര്‍ ശ്രീധറും ഒപ്പം ചേര്‍ന്നേക്കും

രവി ശാസ്ത്രിയെ കൂടാതെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരും അഹമ്മദാബാദിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് എത്തും
രവി ശാസ്ത്രി, റിഷഭ് പന്ത്/ഫയല്‍ ചിത്രം
രവി ശാസ്ത്രി, റിഷഭ് പന്ത്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രി ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന. രവി ശാസ്ത്രിയെ കൂടാതെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരും അഹമ്മദാബാദിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് എത്തും. 

ട്വന്റി20 ലോകകപ്പോടെ ഈ മൂന്ന് പേരുടേയും ബിസിസിഐയുമായുള്ള കരാര്‍ അവസാനിക്കും. എന്നാല്‍ ഐപിഎല്ലില്‍ മൂവരും ഒരുമിച്ചെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യ പരിശീലക സ്ഥാനം അഹമ്മദാബാദ് മുന്‍പോട്ട് വെച്ചതായും രവി ശാസ്ത്രി അനുകൂലമായി പ്രതികരിച്ചതായുമാണ് സൂചന. 

ടീം സെറ്റ് ചെയ്യാന്‍ അഹമ്മദാബാദ്‌

ട്വന്റി20 ലോകകപ്പിന്റെ അവസാനത്തോടെ മാത്രമാവും രവി ശാസ്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. എത്രയും പെട്ടെന്ന് ടീം സെറ്റ് ചെയ്ത് മുന്‍പോട്ട് പോകാനാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി ഉടമകളായ സിവിസി ക്യാപിറ്റല്‍സ് ലക്ഷ്യം വയ്ക്കുന്നത്. 

അഹമ്മദാബാദ്, ലഖ്‌നൗ എന്നീ രണ്ട് പുതിയ ടീമുകളാണ് അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാവുന്നത്. 7090 കോടി രൂപയ്ക്കാണ് ലഖ്‌നൗ ഫ്രാഞ്ചൈസിയെ സഞ്ജീവ് ഗോയങ്കയുടെ ഗ്രൂപ്പ് സ്വന്തമാക്കിയത്. സിവിസി ക്യാപിറ്റല്‍സ് അഹമ്മദാബാദിനായി മുടക്കിയത് 5625 കോടി രൂപ. 

2022 സീസണിന് മുന്‍പായി ഈ വര്‍ഷം ഡിസംബറില്‍ മെഗാ താര ലേലം നടക്കും. നിലവിലുള്ള ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ നാല് പേരെ മാത്രം റിടെയ്ന്‍ ചെയ്യാനാണ് കഴിയുക. താര ലേലത്തില്‍ നിന്ന് അല്ലാതെ മൂന്ന് കളിക്കാരെ പുതിയ രണ്ട് ഫ്രഞ്ചൈസികള്‍ക്ക് സ്വന്തമാക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com