ബിസിസിഐ സമ്മതിപ്പിച്ചു, എന്‍സിഎ തലപ്പത്തേക്ക് വിവിഎസ് ലക്ഷ്മണ്‍ 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് എത്താന്‍ ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് എത്താന്‍ ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവന്നതിന് പിന്നാലെയാണ് എന്‍സിഎ തലപ്പത്തേക്ക് ലക്ഷ്മണിനേയും ബിസിസിഐ എത്തിക്കുന്നത്. 

ഇന്ത്യ എയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷമാവും ലക്ഷ്മണ്‍ ചുമതലയേല്‍ക്കുക. മുന്‍ സൗരാഷ്ട്ര ബാറ്റര്‍ സിതാന്‍ഷുവിനാണ് ഇന്ത്യ എ യുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന്റെ ചുമതല. ലക്ഷ്മണ്‍ വരുന്നതോടെ എന്‍സിഎ, ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ ചുമതല രാഹുല്‍ ദ്രാവിഡിന് ആയിരിക്കും. 

എന്‍സിഎയിലേക്ക് മറ്റൊരു വമ്പന്‍ താരത്തെ എത്തിക്കാനായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും ലക്ഷ്യം. ദ്രാവിഡും ലക്ഷ്മണും തമ്മില്‍ നല്ല അടുപ്പമുണ്ട്. ഇത് ടീം ഇന്ത്യയും എന്‍സിഎയും തമ്മില്‍ കൂടുതല്‍ യോജിച്ച് മുന്‍പോട്ട് പോകുന്നതിന് വഴിയൊരുക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

രണ്ട് മാസം മുന്‍പ് ലക്ഷ്മണ്‍ നിരസിച്ചിരുന്നു

രണ്ട് മാസം മുന്‍പ് എന്‍സിഎ തലപ്പത്തേക്ക് വരാനുള്ള ആവശ്യം ബിസിസിഐ മുന്‍പില്‍ വെച്ചപ്പോള്‍ ലക്ഷ്മണ്‍ നിരസിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയുടെ ബാക്ക്അപ്പ് ഓപ്ഷനായിരുന്നു ലക്ഷ്മണ്‍. ദ്രാവിഡ് തയ്യാറായില്ല എങ്കില്‍ ലക്ഷ്മണിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചാനെ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററാണ് ലക്ഷ്മണ്‍. എന്‍സിഎ തലപ്പത്തേക്ക് എത്തുന്നതോടെ ഹൈദരാബാദിനോട് ലക്ഷ്മണിന് ഗുഡ്‌ബൈ പറയേണ്ടി വരും. ലക്ഷ്മണിന്റെ പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയില്‍ എത്തിയതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com