പരമ്പര ജയത്തിന്റെ മധുരത്തിനൊപ്പം നേട്ടങ്ങളും കൊയ്ത് രോഹിത് ശര്‍മ; റാഞ്ചിയില്‍ കുറിച്ച റെക്കോര്‍ഡുകള്‍

പരമ്പര നേട്ടത്തിനൊപ്പം റെക്കോര്‍ഡുകള്‍ പലതിലേക്കും രോഹിത് തന്റെ പേര് കൂട്ടിച്ചേര്‍ക്കുന്നു
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

റാഞ്ചി: ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ഫുള്‍ടൈം ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പര ജയമാണ് രോഹിത് ശര്‍മ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് സ്വന്തമാക്കിയത്. ഇവിടെ പരമ്പര നേട്ടത്തിനൊപ്പം റെക്കോര്‍ഡുകള്‍ പലതിലേക്കും രോഹിത് തന്റെ പേര് കൂട്ടിച്ചേര്‍ക്കുന്നു. 

ട്വന്റി20 ക്രിക്കറ്റില്‍ 50ന് മുകളില്‍ റണ്‍സ് ഏറ്റവും കൂടുതല്‍ തവണ കണ്ടെത്തിയതില്‍ വിരാട് കോഹ് ലിയുടെ റെക്കോര്‍ഡിന് ഒപ്പം റാഞ്ചിയിലെ അര്‍ധ ശതകത്തോടെ രോഹിത് ശര്‍മ എത്തി. രോഹിത്തിന്റെ കരിയറിലെ 29ാം അര്‍ധ ശതകമായിരുന്നു അത്. കോഹ്‌ലിയും ട്വന്റി20 ക്രിക്കറ്റില്‍ 29 വട്ടം അര്‍ധ ശതകം കണ്ടെത്തി. 

29 അര്‍ധ ശതകത്തില്‍ 4 വട്ടം രോഹിത് സ്‌കോര്‍ മൂന്നക്കം കടത്തി

29 അര്‍ധ ശതകത്തില്‍ നാല് വട്ടം രോഹിത് തന്റെ സ്‌കോര്‍ മൂന്നക്കം കടത്തി. ട്വന്റി20 ക്രിക്കറ്റിലെ ഓപ്പണിങ്ങിലെ മികവാണ് മറ്റൊരു നേട്ടത്തിലേക്ക് രോഹിത്തിനെ എത്തിച്ചത്. ട്വന്റി20 ക്രിക്കറ്റില്‍ രോഹിത് 13ാം തവണയാണ് 100 റണ്‍സിന് മുകളില്‍ കണ്ടെത്തിയ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ഭാഗമാവുന്നത്. 

100 റണ്‍സിന് മുകളില്‍ 12 തവണ ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തിയ ബാബര്‍ അസമും മാര്‍ട്ടിന്‍ ഗപ്റ്റിലുമാണ് രോഹിത്തിന് പിന്നിലുള്ളത്. ഓപ്പണിങ് സഖ്യത്തില്‍ ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ടിന്റെ നേട്ടത്തിന് ഒപ്പവും രോഹിത്-രാഹുല്‍ സഖ്യം എത്തി. അഞ്ച് വട്ടമാണ് ട്വന്റി20യില്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഓപ്പണിങ് കൂട്ടുകെട്ട് 100 കടത്തിയത്. രോഹിത്തിനും രാഹുലിനും 5 വട്ടം സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ വേണ്ടി വന്നത് 27 ഇന്നിങ്‌സ്. പാകിസ്ഥാന്‍ സഖ്യം 22 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തി. 

റാഞ്ചിയിലെ ഇന്ത്യയുടെ ജയം 7 വിക്കറ്റിന് 

റാഞ്ചിയിലെ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അരങ്ങേറ്റക്കാരന്‍ ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ് മികവ് കൂടി വന്നതോടെ 153 റണ്‍സ് മാത്രമാണ് ന്യൂസിലാന്‍ഡിന് കണ്ടെത്താനായത്. 16 പന്തുകള്‍ ശേഷിക്കെ ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. 117 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും ചേര്‍ന്ന് കണ്ടെത്തിയത്. 

കെ എല്‍ രാഹുല്‍ 49 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ നിന്ന് 55 റണ്‍സ് ആണ് രോഹിത് നേടിയത്. വെങ്കടേഷ് അയ്യര്‍ 12 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. സൂര്യകുമാര്‍ യാദവ് 1 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ 2 സിക്‌സ് പായിച്ച് ഋഷഭ് പന്ത് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com