ഒരു പന്ത്, ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്; സിക്സർ തൂക്കി ഷാരൂഖ് ഖാൻ; തമിഴ്നാടിന് കിരീടം (വീഡിയോ)

ഒരു പന്ത്, ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്; അവസാന പന്തിൽ സിക്സർ തൂക്കി ഷാരൂഖ് ഖാൻ; തമിഴ്നാടിന് കിരീടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: ആവേശകരമായ പോരാട്ടത്തിൽ കർണാടകയെ വീഴ്ത്തി തമിഴ്നാട് സയ്യിദ് മുഷ്താഖ് അലി ട്രോഫി നിലനിർത്തി. ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് തമിഴ്നാടിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 151 റൺസ്. തമിഴ്നാട് ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്ത് ലക്ഷ്യം കണ്ടു.

അവസാന ഓവറിൽ തമിഴ്നാടിന് ജയിക്കാൻ 16 റൺസ് വേണമായിരുന്നു. ഷാരൂഖ് ഖാനും സായ് കിഷോറുമായിരുന്നു ക്രീസിൽ. 19–ാം ഓവറിലെ അവസാന പന്തിൽ ഷാരൂഖ് സിക്സർ നേടിയതോടെയാണ് അവസാന ഓവറിൽ വിജയ ലക്ഷ്യം ആറു പന്തിൽ 16 റൺസെന്ന നിലയിലായത്. 

പ്രതീക് ജയിൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സായ് കിഷോർ വക ഫോർ. പിന്നീട് സിംഗിളും ഡബിളും വൈഡുമെല്ലാം ചേർന്ന് അവസാന പന്തിൽ തമിഴ്നാടിന്റെ വിജയ ലക്ഷ്യം ഒരു പന്തിൽ അഞ്ച് റൺസായി ചുരുങ്ങി. ക്രീസിൽ ഷാരൂഖ് ഖാൻ. പ്രതീക് ജയിനിന്റെ പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിലൂടെ നിലംതൊടാതെ ഗാലറിയിലെത്തിച്ച് ഷാരൂഖ് ഖാൻ തമിഴ്നാടിന് വിജയം സമ്മാനിച്ചു.

ഷാരൂഖ് ഖാൻ 15 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. 46 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 41 റൺസെടുത്ത എൻ ജഗദീശനാണ് തമിഴ്നാടിന്റെ ടോപ് സ്കോറർ. ഹരി നിശാന്ത് (12 പന്തിൽ 23), ക്യാപ്റ്റൻ വിജയ് ശങ്കർ (22 പന്തിൽ 18) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, സായ് സുദർശൻ (12 പന്തിൽ 9), സഞ്ജയ് യാദവ് (5), മുഹമ്മദ് (5) എന്നിവർ നിരാശപ്പെടുത്തി. സായ് കിഷോർ മൂന്ന് പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു. 

കർണാടകയ്ക്കായി കെസി കരിയപ്പ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. പ്രതീക് ജയിൻ, വിദ്യാധർ പാട്ടീൽ, കരുൺ നായർ, പ്രവീൺ ദുബെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, അവസാന ഓവറുകളിൽ തകർത്തടിച്ച അഭിനവ് മനോഹറിന്റെ ഇന്നിങ്സാണ് കർണാടകയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 32 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി തകർന്ന ശേഷമാണ് കർണാടക മികച്ച സ്കോറിലെത്തിയത്. മനോഹർ 37 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 46 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച പ്രവീൺ ദുബെ (25 പന്തിൽ 33), ജെ സുചിത്ത് (ഏഴു പന്തിൽ 18) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ക്യാപ്റ്റൻ മനീഷ് പാണ്ഡെ (15 പന്തിൽ 13), കരുൺ നായർ (14 പന്തിൽ 18), ശരത് (20 പന്തിൽ 16), രോഹൻ കദം (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

തമിഴ്നാടിനായി സായ് കിഷോർ നാല് ഓവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സന്ദീപ് വാര്യർ, സഞ്ജയ് യാദവ്, ടി നടരാജൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com