'ഏത് പൊസിഷനിലും ഇറക്കൂ, ഞാന്‍ റണ്‍സ് കണ്ടെത്തും, പന്ത് തന്നാല്‍ വിക്കറ്റും വീഴ്ത്തും'; ഇന്ത്യന്‍ ടീമിലെ ഭാവിയില്‍ വെങ്കടേഷ് അയ്യര്‍ 

ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ടി വന്നാലും ഞാന്‍ റണ്‍സ് കണ്ടെത്തും, പന്ത് കയ്യില്‍ തന്നാല്‍ വിക്കറ്റും വീഴ്ത്തും എന്നാണ് വെങ്കടേഷ് അയ്യര്‍ പറയുന്നത്
ഫോട്ടോ: ബിസിസിഐ
ഫോട്ടോ: ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ എന്ന സ്ഥാനത്തേക്ക് തന്റെ പേര് ഉയര്‍ത്തി കാണിച്ചാണ് ന്യൂസിലാന്‍ഡിന് എതിരായ ടി20 പരമ്പര വെങ്കടേഷ് അയ്യര്‍ അവസാനിപ്പിച്ചത്. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ടി വന്നാലും ഞാന്‍ റണ്‍സ് കണ്ടെത്തും, പന്ത് കയ്യില്‍ തന്നാല്‍ വിക്കറ്റും വീഴ്ത്തും എന്നാണ് വെങ്കടേഷ് അയ്യര്‍ പറയുന്നത്. 

പല ഡിപ്പാര്‍ട്ട്‌മെന്റില്‍ സംഭാവന നല്‍കാനാവുക എന്നത് പ്രധാനമാണ്. ഞാന്‍ ഓള്‍റൗണ്ടറാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് കാണിക്കണം. ടീമില്‍ സ്ഥാനം പിടിക്കാനുള്ള മത്സരം ഞാന്‍ നോക്കുന്നില്ല. എന്നെ ടീമില്‍ എടുത്താല്‍ പെര്‍ഫോം ചെയ്യേണ്ടത് എന്റെ കടമയാണ്, വെങ്കടേഷ് അയ്യര്‍ പറഞ്ഞു. 

എന്റെ മുന്‍പിലേക്ക് എത്തുന്ന വെല്ലുവിളി ഏതായാലും ഞാന്‍ അത് സ്വീകരിക്കും. ക്രിക്കറ്റ് താരം എന്ന നിലയില്‍ ഞാന്‍ എല്ലാത്തിനും തയ്യാറായിരിക്കണം. ക്യാപ്റ്റന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ പന്തെറിയും വിക്കറ്റും വീഴ്ത്തും. ബാറ്റ് ചെയ്യാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടാല്‍ ടീമിനായി സാധ്യമാകുന്ന അത്രയും റണ്‍സ് കണ്ടെത്തും. 

ഏത് ബാറ്റിങ് പൊസിഷനിലും ഇറങ്ങാന്‍ തയ്യാറാണ് 

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും ഫ്‌ളെക്‌സിബിളായിരിക്കണം. മാനസികമായി ഞാന്‍ അതിന് ഒരുങ്ങിയിട്ടുണ്ട്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനായാലും മൂന്നാമതോ അഞ്ചാമതോ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനോ ആയാലും എന്നെ അയക്കാം, ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. രാജ്യത്തിനായി കളിക്കുമ്പോള്‍ ടീം ആവശ്യപ്പെടുന്ന വിധം കളിക്കണം. ടീമിനാണ് പ്രഥമ പരിഗണന എന്നും വെങ്കടേഷ് അയ്യര്‍ പറഞ്ഞു. 

ഐപിഎല്ലില്‍ മികവ് കാണിച്ചതിന് പിന്നാലെ കിവീസിന് എതിരായ പരമ്പരയിലേക്ക് വെങ്കടേഷ് അയ്യരുടെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു. പരമ്പരയിലെ മൂന്ന് ടി20 മത്സരങ്ങളും കളിക്കാന്‍ വെങ്കടേഷിനായി. എന്നാല്‍ അവസാനത്തെ ടി20യില്‍ മാത്രമാണ് വെങ്കടേഷ് അയ്യര്‍ക്ക് ബൗള്‍ ചെയ്യാനായത്. അവിടെ മൂന്ന് ഓവര്‍ എറിഞ്ഞ വെങ്കടേഷ് ഒരു വിക്കറ്റും വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com