പിരിയാതെ ഓപ്പണിങ് സഖ്യം; ഇന്ത്യക്കെതിരെ മികച്ച തുടക്കമിട്ട് ന്യൂസിലന്‍ഡ്

പിരിയാതെ ഓപ്പണിങ് സഖ്യം; ഇന്ത്യക്കെതിരെ മികച്ച തുടക്കമിട്ട് ന്യൂസിലന്‍ഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പൂര്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കമിട്ട് ന്യൂസിലന്‍ഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 345 റണ്‍സില്‍ അവസാനിപ്പിച്ച് രണ്ടാം ദിനമായ ഇന്ന് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കിവികള്‍ കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയില്‍ കരുത്തോടെയാണ് കളം വിട്ടത്. പത്ത് വിക്കറ്റുകളും കൈയിലിരിക്കെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ കിവികള്‍ക്ക് 216 റണ്‍സ് കൂടി വേണം. 

ഓപ്പണര്‍മാരായ ടോം ലാതം, വില്‍ യങ് എന്നിവര്‍ ചേര്‍ന്ന് ഉജ്ജ്വല തുടക്കമാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഇരുവരും അര്‍ധ ശതകം നേടി. 

കളി അവസാനിക്കുമ്പോള്‍ വില്‍ യങ് 75 റണ്‍സുമായും ടോം ലാതം 50 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ തുടരുന്നു. ടെസ്റ്റില്‍ ലാതം നേടുന്ന 21ാം അര്‍ധ ശതകമാണ് ഇത്. വില്‍ യങിന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയും. 12 ഫോറുകള്‍ സഹിതമാണ് യങ് അര്‍ധ സെഞ്ച്വറി പിന്നിട്ടത്. 

ഫാസ്റ്റ്, സ്പിന്‍ ബൗളര്‍മാരെ മാറി മാറി രഹാനെ പരീക്ഷിച്ചിട്ടും കിവി ഓപ്പണിങ് സഖ്യത്തെ പൊളിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. 

അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി ശ്രേയസ്

ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 345 റണ്‍സിന് ഓള്‍ഔട്ട്. നാല് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയെ ഉച്ചഭക്ഷണത്തിന് ശേഷം കളി ആരംഭിച്ചതിന് തൊട്ടുപിന്നാലെ ന്യൂസിലന്‍ഡ് ഓള്‍ഔട്ട് ആക്കുകയായിരുന്നു. 

ടിം സൗത്തി അഞ്ച് വിക്കറ്റും ജാമിസണ്‍ മൂന്ന് വിക്കറ്റും അജാക്‌സ് പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 171 പന്തില്‍ നിന്ന് 105 റണ്‍സ് ആണ് ശ്രേയസ് നേടിയത്. 13 ഫോറും രണ്ട് സിക്‌സും ശ്രേയസിന്റെ ബാറ്റില്‍ നിന്ന് വന്നു. ഒടുവില്‍ സൗത്തിയുടെ പന്തില്‍ വില്‍ യങ്ങിന് ക്യാച്ച് നല്‍കി ശ്രേയസ് മടങ്ങി.

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുന്ന 16ാമത്തെ താരമാണ് ശ്രേയസ് അയ്യര്‍. ഹനുമാ വിഹാരിക്ക് പകരം ശ്രേയസിനെ മധ്യനിര ബാറ്റ്‌സ്മാനായി സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ലഭിച്ച അവസരം ശ്രേയസ് പ്രയോജനപ്പെടുത്തിയതോടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ള ടെസ്റ്റ് ടീമിലും ശ്രേയസ് ഉള്‍പ്പെട്ടേക്കും. 

ശ്രേയസും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സൃഷ്ടിച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ തുണച്ചത്. രവീന്ദ്ര ജഡേജ 112 പന്തില്‍ നിന്ന് 50 റണ്‍സ് നേടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 52 റണ്‍സും ആര്‍ അശ്വിന്‍ 38 റണ്‍സും നേടി. 35 റണ്‍സ് ആണ് രഹാനെയ്ക്ക് കണ്ടെത്താനായത്. 26 റണ്‍സ് എടുത്ത് പൂജാരയും മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com