സോള്‍ഷെയറിന്റെ പിന്‍ഗാമി റാല്‍ഫ് റാങ്‌നിക്; ആറ് മാസത്തെ കരാറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് 

ജര്‍മന്‍ കോച്ച് റാല്‍ഫ് റാങ്‌നിക്കിനെ പുതിയ പരിശീലകനായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: സോള്‍ഷെയറിന്റെ പകരക്കാരനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തീരുമാനിച്ചതായി സൂചന. ജര്‍മന്‍ കോച്ച് റാല്‍ഫ് റാങ്‌നിക്കിനെ പുതിയ പരിശീലകനായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജര്‍മ്മന്‍ ക്ലബുകളായ ഷാല്‍ക്കെ, ഹാനോവര്‍, ലൈപ്‌സിഗ് എന്നിവയെ റാല്‍ഫ് പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സീസണ്‍ അവസാനിക്കുന്നത് വരെ ആറ് മാസത്തേക്ക് റാല്‍ഫിന്റെ കൈകളിലേക്ക് ചുമതല നല്‍കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ആറ് മാസത്തെ കരാര്‍, രണ്ട് വര്‍ഷം കണ്‍സള്‍ട്ടന്റ് 

ആറ് മാസം ഇടക്കാല പരിശീലകന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം രണ്ട് വര്‍ഷം കണ്‍സള്‍ട്ടന്റ് എന്ന പദവിയില്‍ തുടരാം എന്ന ഓഫര്‍ കൂടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍പോട്ട് വെച്ചതോടെ റാല്‍ഫ് സമ്മതിച്ചതായാണ് സൂചന. പ്രീമിയര്‍ ലീഗില്‍ ഈ ഞായറാഴ്ച ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേരിടും. എന്നാല്‍ ഈ മത്സരത്തില്‍ റാല്‍ഫ് ആയിരിക്കില്ല പരിശീലകന്റെ വേഷത്തില്‍. 

ഡിസംബര്‍ രണ്ടിന് ആഴ്‌സണലിന് എതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങുമ്പോഴേക്കും റാല്‍ഫ് ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് എത്തിയേക്കും എന്നാണ് സൂചന. കഴിഞ്ഞ ആഴ്ച വാറ്റ്‌ഫോര്‍ഡിനോട് 4-1ന് തോറ്റതിന് പിന്നാലെയാണ് സോള്‍ഷെയറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കിയത്. 

മുന്‍ മധ്യനിര താരം മൈക്കല്‍ കാരിക്കിന് ആണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക ചുമതല. ചാമ്പ്യന്‍സ് ലീഗില്‍ വിയാറയലിന് എതിരെ കാരിക്കിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ന് ജയം പിടിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ അവസാന 16ലും യുനൈറ്റഡ് സ്ഥാനം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com