ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി ജാമിസന്‍; രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം; 63 റണ്‍സ് ലീഡ്

ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി ജാമിസന്‍; രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം; 63 റണ്‍സ് ലീഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പുര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം. ഒരു റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. താരത്തെ കെയ്ല്‍ ജാമിസന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

മൂന്നാം ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയിലാണ്. ഒന്‍പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും നാല് റണ്‍സുമായി മായങ്ക് അഗര്‍വാളുമാണ് ക്രീസില്‍.  

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 345ന് പുറത്തായപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 49 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. രണ്ട് ദിനവും ഒന്‍പത് വിക്കറ്റുകളും കൈയിലിരിക്കെ ഇന്ത്യക്ക് 63 റണ്‍സ് ലീഡ്.

രണ്ടാം ദിനത്തില്‍ മികച്ച സ്‌കോറുമായി വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ച കിവികള്‍ക്ക് മൂന്നാം ദിനത്തില്‍ കാര്യങ്ങള്‍ പിഴച്ചു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളിയുടെ കടിഞ്ഞാണ്‍ കൈയിലേന്തിയതോടെ അവരുടെ ചെറുത്തു നില്‍പ്പിന്റെ മൂര്‍ച്ചയും കുറഞ്ഞു. കൃത്യമായ ഇടവേളകളില്‍ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, അശ്വിന്‍, ജഡേജ എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലന്‍ഡിന് നഷ്ടമായ പത്തില്‍ ഒന്‍പത് വിക്കറ്റുകളും ഇന്ത്യയുടെ സ്പിന്‍ ത്രയങ്ങള്‍ പങ്കിട്ടു. അക്ഷര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ മൂന്നും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ഉമേഷ് യാദവും ഒരു വിക്കറ്റ് പിഴുതു.

മൂന്നാം ദിനം ബാറ്റിങ് മറന്ന് കിവികള്‍

വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കിവികള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. 150 പിന്നിട്ട ശേഷമാണ് ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായത്. സ്‌കോര്‍ 151 റണ്‍സില്‍ നില്‍ക്കെ വില്‍ യങിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് കിവി ബാറ്റിങ് അവിശ്വസനീയമാം വിധം തകര്‍ന്നു.

കന്നി ടെസ്റ്റ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന യങ് 89 റണ്‍സുമായി മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളില്‍ കിവി വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി. യങ്ങിന് പകരം നായകന്‍ കെയ്ന്‍ വില്യംസണ്‍ ക്രീസിലെത്തി. വില്യംസനും നിലയുറപ്പിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ് വില്യംസനെ വീഴ്ത്തി ഉമേഷ് യാദവ് ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നു. 64 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത കിവീസ് നായകനെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. എന്നാല്‍ ഉച്ച ഭക്ഷണത്തിനു ശേഷം തുടര്‍ച്ചായി നാല് വിക്കറ്റെടുത്ത് ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. ഹെന്റി നിക്കോള്‍സിന്റെയും റോസ് ടെയ്‌ലറുടെയും വിക്കറ്റുകള്‍ കിവീസിന് അതിവേഗത്തില്‍ നഷ്ടമായി. വില്യംസന് പകരം ക്രീസിലെത്തിയ റോസ് ടെയ്‌ലര്‍ക്ക് 11 റണ്‍സ് മാത്രമെടുക്കാനേ സാധിച്ചുള്ളൂ. താരത്തെ അക്ഷര്‍ പട്ടേല്‍ വിക്കറ്റ് കീപ്പര്‍ ഭരത്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന ഹെന്റി നിക്കോള്‍സിനെയും മടക്കി അക്ഷര്‍ കിവീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത നിക്കോള്‍സിനെ അക്ഷര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

അഞ്ചാം വിക്കറ്റായി വീണത് ടോം ലാതമായിരുന്നു. സെഞ്ച്വറിയിലേക്ക് കുതിച്ച താരത്തെ അക്ഷര്‍ പട്ടേലാണ് മടക്കിയത്. 282 പന്തുകളില്‍ നിന്ന് 95 റണ്‍സെടുത്താണ് ലാതം കൂടാരം കയറിയത്. അക്ഷറിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ലാതത്തിന്റെ ശ്രമം പാളി. താരത്തെ വിക്കറ്റ് കീപ്പര്‍ ഭരത് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. അര്‍ഹിച്ച സെഞ്ച്വറി ലാതത്തിന് നഷ്ടമായി.

ആറാം വിക്കറ്റായി മടങ്ങിയത് രചിന്‍ രവീന്ദ്രയായിരുന്നു. 13 റണ്‍സെടുത്ത താരത്തെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ടോം ബ്ലണ്ടലും മടങ്ങി. താരവും 13 റണ്‍സാണ് കണ്ടെത്തിയത്. അഞ്ച് റണ്‍സുമായി ടിം സൗത്തിയും ക്ഷണത്തില്‍ കൂടാരം കയറിയതോടെ കിവികള്‍ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. 23 റണ്‍സെടുത്ത് കെയ്ല്‍ ജാമിസന്‍ ചെറുത്ത നിന്നെങ്കിലും അതും അധികം നീണ്ടില്ല. പിന്നാലെ വന്ന വില്ല്യം സോമര്‍വില്ലെയെ ആറ് റണ്‍സില്‍ മടക്കി അശ്വിന്‍ കിവി ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. അജാസ് പട്ടേല്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

34 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് അക്ഷര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതത്. അശ്വിന്‍ 42.3 ഓവറുകളില്‍ 82 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 345 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ശ്രേയസ് അയ്യരുടെ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com