മെസി നേടുമോ ഏഴാം ബാലൺ ഡി ഓർ? വെല്ലുവിളിയുമായി ലെവൻഡോസ്കിയും ബെൻസെമയും; ജേതാവിനെ ഇന്നറിയാം

മെസി നേടുമോ ഏഴാം ബാലൺ ഡി ഓർ? വെല്ലുവിളിയുമായി ലെവൻഡോസ്കിയും ബെൻസെമയും; ജേതാവിനെ ഇന്നറിയാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം ആർക്കെന്ന് ഇന്നറിയാം. ഏഴാം പുരസ്കാരത്തിൽ പ്രതീക്ഷയർപ്പിച്ച് അർജന്റീന ഇതിഹാസം ലയണൽ മെസി, ആദ്യ പുരസ്കാരം സ്വന്തമാക്കാമെന്ന പ്രത്യാശയിൽ പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കി, ഇറ്റലിയുടെ ജോർജീഞ്ഞോ, ഫ്രാൻസിന്റെ കരിം ബെൻസെമ എന്നിവരാണ് മുന്നിലുള്ള താരങ്ങൾ. പാരിസിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.

കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ഈ വർഷത്തെ പുരസ്കാരം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം പുരസ്കാരം നൽകിയിരുന്നില്ല. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാലൺ ഡി ഓർ പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോൾ അടിമുടി ഉദ്വേ​​ഗമാണ് ആരാധകരിൽ.

ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ അർജന്റീന ജേഴ്‌സിയിലെ ആദ്യ അന്താരാഷ്‍ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വർഷമാണ്. അതുകൊണ്ടു തന്നെ ഏഴാം പുരസ്കാരം താരം ഷോക്കേസിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇതിഹാസ താരം ഗെർഡ് മുള്ളറിന്റെ റെക്കോർഡുകൾ പോലും കടപുഴക്കി മുന്നേറുന്ന ബയേൺ മ്യൂണിക്കിന്റെ പോളണ്ട് താരം ലെവൻഡോവ്സ്‌കിയാണ് ഗോൾ വേട്ടയിൽ ഈ വർഷവും മുന്നിലുള്ളത്. ഈ സീസണിൽ മാത്രം 19 കളിയിൽ 25 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ലെവൻഡോവ്സ്‌കി ബാലൺ ഡി ഓർ കൂടി സ്വന്തമാക്കിയാൽ അത് ചരിത്രമാകും.

റയൽ മാഡ്രിഡിനൊപ്പം ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്ന കരീം ബെൻസെമയാണ് സാധ്യതയിൽ മുന്നിലുള്ള മറ്റൊരാൾ. നീണ്ട ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ ബെൻസെമ ഫ്രാൻസിനെ നേഷൻസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

യൂറോ കപ്പും ചാമ്പ്യൻസ് ലീഗും കൈവശമുള്ള കരുത്തിൽ ജോർജീഞ്ഞോ ഈ മൂന്ന് പേർക്കും വെല്ലുവിളിയായുണ്ട്. മധ്യനിരയിലെ മിന്നും പ്രകടനത്തിലൂടെ ഇറ്റലിക്ക് യൂറോ കപ്പും ചെൽസിക്ക് ചാമ്പ്യൻസ് ലീഗും സമ്മാനിക്കുന്നതിൽ ജോർജീഞ്ഞോ നിർണായക സാന്നിധ്യമായി മാറിയിരുന്നു. കഴിഞ്ഞ പന്ത്രണ്ട് എഡിഷനുകളിൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമല്ലാതെ ഒരേയൊരു താരം മാത്രമേ ബാലൺ ഡി ഓർ നേടിയിട്ടുള്ളൂ എന്നതിനാൽ ആരാധകർ ആ​കാംക്ഷയോടെയാണ് പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com