റിവ്യൂ ചെയ്യാതെ സമയം കളഞ്ഞ് ന്യൂസിലൻഡ്; നഷ്ടമായത് വിലപ്പെട്ട വിക്കറ്റ്; വിവാദം (വീഡിയോ)

റിവ്യൂ ചെയ്യാതെ സമയം കളഞ്ഞ് ന്യൂസിലൻഡ്; നഷ്ടമായത് വിലപ്പെട്ട വിക്കറ്റ്; വിവാദം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാൺപുർ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. അതിനിടെ രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ കിവികൾക്ക് ഓപ്പണർ വിൽ യങിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഒന്നാം ഇന്നിങ്സിൽ മികച്ച രീതിയിൽ ഇന്ത്യൻ സ്പിന്നിനെ നേരിട്ട യങിന്റെ പുറത്താകൽ അവരെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ഇപ്പോഴിതാ താരത്തിന്റെ പുറത്താകൽ വിവാദമായിരിക്കുകയാണ്.

നാലാം ദിനത്തിലെ അവസാന സെഷനിൽ അമ്പയറുടെ തെറ്റായ തീരുമാനം നിശ്ചിത സമയത്തിനുള്ളിൽ റിവ്യൂ ചെയ്യാൻ കഴിയാതെ വന്നതോടെ യങിന് കൂടാരം കയറേണ്ടി വന്നു. നാലാം ഓവറിൽ അശ്വിന്റെ പന്തിൽ വിക്കറ്റിനു മുൻപിൽ കുരുങ്ങി വിൽ യങ് പുറത്തായെന്നാണ് അമ്പയർ വിധിച്ചത്. കുറച്ചു സമയത്തിനു ശേഷമാണ് യങ്  റിവ്യൂ ചെയ്തത്. ഡിആർഎസിനുള്ള സമയ പരിധി കഴിഞ്ഞതിനാൽ ആവശ്യം നിരസിക്കപ്പെട്ടു.

അശ്വിന്റെ പന്ത് ലെഗ് സ്റ്റംപിനു പുറത്തേക്കാണു നീങ്ങിയതെന്നു പിന്നീട്  റിപ്ലേയിൽ‌ വ്യക്തമായതോടെ കിവീസിന്റെ നിരാശ ഇരട്ടിയായി.  ഡിആർഎസ് ഉപയോഗിക്കാൻ 15 സെക്കൻഡിനുള്ളിൽ ഫീൽ‌ഡ് അംപയറെ അറിയിക്കണമെന്നാണു നിയമം.

അശ്രദ്ധയും അലംഭാവവും കൊണ്ടാണ് ന്യൂസിലൻഡിന് വളരെ വിലപ്പെട്ട ഒരു വിക്കറ്റ് നഷ്ടമായത്. ഒന്നാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയുമായി വിൽ യങ് തിളങ്ങിയിരുന്നു. 214 പന്തിൽ 15 ഫോറുകൾ സഹിതം 89 റൺസെടുത്താണ് യങ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ലോം ലാതത്തിനൊപ്പം 151 റൺസ് കൂട്ടുകെട്ട് തീർക്കാനും യങ്ങിനു കഴിഞ്ഞിരുന്നു.

മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ന്യൂസിലൻഡിനു മുന്നിൽ 284 റൺസ് വിജയ ലക്ഷ്യമാണ് വച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com