കിരീടം ആര്‍ക്ക്? ഐപിഎല്‍ ഫൈനല്‍ ഇന്ന്; കാണാം ചെന്നൈ- കൊല്‍ക്കത്ത ആവേശപ്പോര്

കിരീടം ആര്‍ക്ക്? ഐപിഎല്‍ ഫൈനല്‍ ഇന്ന്; കാണാം ചെന്നൈ- കൊല്‍ക്കത്ത ആവേശപ്പോര്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: രണ്ട് ഘട്ടങ്ങളായി നടന്ന ഐപിഎല്‍ പൂരത്തിന് ഇന്ന് കലാശക്കൊട്ട്. 14ാം സീസണിലെ കിരീട വിജയികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും വീണ്ടും ഏറ്റുമുട്ടും. 

ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം7.30നാണ് കലാശപ്പോര്. ദുബായിലാണ് ഫൈനല്‍ അരങ്ങേറുന്നത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കുന്നതില്‍ മുന്നിലുള്ളത്. എന്നാല്‍ ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടാം ഘട്ടത്തില്‍ മികവ് പുലര്‍ത്തിയാണ് ഫൈനല്‍ ഉറപ്പിച്ചത്. അതുകൊണ്ടു തന്നെ അവരെ എഴുതി തള്ളാന്‍ കഴിയില്ലെന്ന് ആരേക്കാളും നന്നായി ധോനിക്കു തന്നെ അറിയാം. 

2012 ഫൈനലിന്റെ തനിയാവര്‍ത്തനം

2012ലെ ഐപിഎല്‍ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇന്നത്തെ പോരാട്ടം. ചെന്നൈ നാലാം കിരീടവും കൊല്‍ക്കത്ത മൂന്നാം കിരീടവുമാണ് ലക്ഷ്യം കാണുന്നത്. 2012ല്‍ ചെന്നൈയെ കീഴടക്കിയാണ് കൊല്‍ക്കത്ത തങ്ങളുടെ കന്നി കിരീടത്തില്‍ മുത്തമിട്ടത്. പിന്നാലെ 2014ലും അവര്‍ കിരീടം സ്വന്തമാക്കി. 2010, 11 വര്‍ഷങ്ങളിലും പിന്നീട് 2018ലുമാണ് ധോനിയും സംഘവും ചാമ്പ്യന്‍മാരായത്. 

കിരീടവുമായി വിട പറയാന്‍ ധോനി

അടുത്ത സീസണില്‍ ഒരുപക്ഷേ ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായക സ്ഥാനത്തുണ്ടാകുമെന്ന് ഉറപ്പില്ല. ടീമിന്റെ ഉപദേശകനായോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സുപ്രധാന റോളിലോ ധോനി ചെന്നൈയ്‌ക്കൊപ്പമുണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ അതുകൊണ്ടു തന്നെ കിരീടവുമായി മടങ്ങാനായിരിക്കും തല ആഗ്രഹിക്കുന്നത്. 

ഡല്‍ഹിക്കെതിരായ ക്വാളിഫയര്‍ പോരാട്ടത്തില്‍ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മികച്ച ഫിനിഷിങിലൂടെ ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ ധോനിക്ക് സാധിച്ചത് അരാധകരെ ആഹ്ലാദിപ്പിച്ച കാര്യമാണ്. അതുകൊണ്ടു തന്നെ അത്തരമൊരു ഫിനിഷിങിലൂടെ തല കിരീടം പിടിക്കുമെന്നും അവര്‍ കരുതുന്നു. 

ഓപണര്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ മിന്നും ഫോമാണ് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം. റുതുരാജിനൊപ്പം ഓപണറായി എത്തുന്ന ഫാഫ് ഡുപ്ലെസിയുടെ പരിചയ സമ്പത്തും ബാറ്റിങ് മികവും ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 

അധികം അവസരം ചെന്നൈയ്‌ക്കൊപ്പം കിട്ടിയില്ലെങ്കിലും കിട്ടിയ അവസരം ശരിക്കും മുതലെടുത്ത റോബിന്‍ ഉത്തപ്പയുടെ ബാറ്റിങ് ഫോമും ചെന്നൈയ്ക്ക് പ്ലസ് പോയിന്റാണ്. പേസര്‍മാരായ ദീപക് ചഹര്‍, ജോഷ് ഹാസ്‌ലെവുഡ് എന്നിവരുടെ സാന്നിധ്യവും ടീമിന് കരുത്താണ്. ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ ഡത്ത് ഓവര്‍ ബൗളിങ് മികവും ചെന്നൈയ്ക്ക് അധിക കരുത്ത് നല്‍കുന്നു. അവശ്യ ഘട്ടങ്ങളില്‍ മികച്ച ബാറ്റിങ് മികവ് പുറത്തെടുക്കുന്ന സ്പിന്‍ ബൗളര്‍ കൂടിയായ മോയിന്‍ അലിയുടെ സാന്നിധ്യവും ചെന്നൈ ടീമിനെ തുണയ്ക്കുന്നു. 

രണ്ടാം ഘട്ടത്തില്‍ മികവിലേക്കുയര്‍ന്ന കൊല്‍ക്കത്ത

ഒന്നാം ഘട്ടത്തില്‍ തപ്പിത്തടഞ്ഞ കൊല്‍ക്കത്തയായിരുന്നില്ല യുഎഇയില്‍. ഓരോ മത്സരം കഴിയും തോറും മെച്ചപ്പെട്ട അവര്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് കലാശപ്പോരിന് എത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിനേയും തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മോര്‍ഗനും സംഘവും ഇറങ്ങുന്നത്. 

സ്പിന്‍ ബൗളര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരുടെ മാന്ത്രിക പന്തുകള്‍ ചെന്നൈ നിരയില്‍ നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ളതാണ്. ഇവരാണ് നിലവില്‍ കൊല്‍ക്കത്തയുടെ തുരുപ്പു ചീട്ടുകള്‍. നരെയ്‌ന്റെ വമ്പനടികള്‍ക്കുള്ള കെല്‍പ്പും ടീമിന് മുതല്‍ക്കൂട്ടാണ്. 

ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും ചേര്‍ന്നുള്ള ഓപണിങ് ക്ലിക്കായതാണ് രണ്ടാം ഘട്ടത്തിലെ കൊല്‍ക്കത്തയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. വെങ്കടേഷ് അയ്യരുടെ നിര്‍ഭയത്വം നിറഞ്ഞ കൂറ്റന്‍ അടികള്‍ എതിര്‍ ടീമുകള്‍ക്ക് ഇപ്പോള്‍ പേടി നിറയ്ക്കുന്നതാണ്. ലോക്കി ഫെര്‍ഗൂസന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവരുടെ സാന്നിധ്യവും ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ആന്ദ്രെ റസ്സലിനെ പോലെയുള്ള ഒരു ഓള്‍റൗണ്ടര്‍ക്ക് അവസാന ഇലവനില്‍ ഇടമില്ലെന്ന് പറയുമ്പോഴാണ് ബ്രെണ്ടന്‍ മെക്കലം എന്ന പരിശീലകന്‍ ടീമിനെ മാറ്റിയെടുത്തതിന്റെ മികവ് ശ്രദ്ധേയമാകുന്നത്. 

നേര്‍ക്കുനേര്‍

ചൈന്നൈ- കൊല്‍ക്കത്ത ടീമുകള്‍ 24 തവണയാണ് ഇതുവരെയായി ഐപിഎല്ലില്‍ ഏറ്റുമുട്ടിയത്. അതില്‍ 16 വട്ടവും ജയം ചെന്നൈയ്‌ക്കൊപ്പം നിന്നു. എട്ട് വിജയങ്ങളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. അവസാനം കളിച്ച ആറ് പോരാട്ടങ്ങളില്‍ അഞ്ചും വിജയിച്ചത് ചെന്നൈ. 

ദുബായ് പിച്ച്

ദുബായില്‍ ഈ സീസണില്‍ നടന്ന 12 ഐപിഎല്‍ പോരാട്ടങ്ങളില്‍ പിച്ച് ചെയ്‌സ് ചെയ്തവരെയാണ് കൂടുതലും തുണച്ചത്. അതുകൊണ്ടു തന്നെ ടോസ് നേടുന്ന ക്യാപ്റ്റന്‍ ബൗളിങ് തിരഞ്ഞെടുക്കും എന്നാണ് പ്രീതീക്ഷിക്കപ്പെടുന്നത്. 12 കളികളില്‍ ഒന്‍പത് വട്ടവും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ഇവിടെ വിജയിച്ചത്. 

സാധ്യതാ ടീം

ചെന്നൈ- എംഎസ് ധോനി (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്‌വാദ, ഫാഫ് ഡുപ്ലെസി, മോയിന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍, ജോഷ് ഹാസ്‌ലെവുഡ്. 

കൊല്‍ക്കത്ത- ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, ഷാകിബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, ശിവം മവി, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗൂസന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com